X
    Categories: CultureMoreNewsViews

ഇനി ഹര്‍ത്താലിന് കടകള്‍ തുറക്കും; വാഹനങ്ങള്‍ നിരത്തിലിറക്കും

കോഴിക്കോട്/കൊച്ചി: ഹര്‍ത്താല്‍ ദിനത്തില്‍ കടകള്‍ തുറക്കാനും ലോറി, ബസ് എന്നീ വാഹനങ്ങള്‍ ഓടിക്കാനും വ്യാപാരികളുടെയും അനുബന്ധ സംഘടനകളുടെയും സംയുക്തയോഗത്തില്‍ തീരുമാനം. ഇന്നലെ കോഴിക്കോട്ട് ചേര്‍ന്ന വ്യാപാര, വ്യവസായ മേഖലകളിലുള്ളവരുടെയും ബസ്, ലോറി ഉടമകളുടെയും യോഗത്തില്‍ ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മ രൂപവത്കരിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസീറുദ്ദീനാണ് സമിതിയുടെ അധ്യക്ഷന്‍. യോഗത്തില്‍ 36 സംഘടനകള്‍ പങ്കെടുത്തു. പങ്കെടുത്ത എല്ലാ സംഘടനകളിലെയും പ്രതിനിധികള്‍ സമിതിയില്‍ അംഗങ്ങളായിരിക്കും. 2019 ഹര്‍ത്താല്‍ വിരുദ്ധ വര്‍ഷമായി ആചരിക്കും. മിന്നല്‍ പണിമുടക്കുകള്‍ അനുവദിക്കില്ല. യോഗതീരുമാനങ്ങള്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളെയും ഔദ്യോഗികമായി അറിയിക്കും. എല്ലാ ജില്ലകളിലും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയും വിവിധ സംഘടനകളെയും പങ്കെടുപ്പിച്ച് കണ്‍വന്‍ഷനുകള്‍ സംഘടിപ്പിക്കും. സി പി എം പിന്തുണയുള്ള സംഘടനയായ വ്യാപാരി വ്യസായി സമിതിയും യോഗത്തില്‍ സംബന്ധിച്ചു.
ജനുവരി എട്ട്, ഒമ്പത് തീയതികളില്‍ നടക്കുന്ന പൊതുപണിമുടക്കില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് അടുത്ത യോഗത്തില്‍ തീരുമാനമെടുക്കുമെന്ന് ടി നസീറുദ്ദീന്‍ പറഞ്ഞു. സമരങ്ങളോട് വിയോജിപ്പില്ല. സ്വയം രക്ഷക്ക് വ്യാപാരികള്‍ക്കും മറ്റും എന്തു ചെയ്യാന്‍ കഴിയുമെന്നും ആരായുന്നുണ്ട്. ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും വിധികള്‍ ഇക്കാര്യത്തില്‍ അനുകൂലമായി ഉണ്ട്. നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇന്‍ഷ്വറന്‍സ് കമ്പനികളുമായി ബന്ധപ്പെട്ട് നടത്തും. വ്യാപാരികള്‍ ഇതുവരെ ഹര്‍ത്താല്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സംഘടനയുടെ അടുത്ത യോഗം ജനുവരി അഞ്ചിനു മുമ്പായി തൃശൂരില്‍ ചേരും. പുറമെ കൂടുതല്‍ സംഘടനാ പ്രതിനിധികളെ യോഗത്തില്‍ പങ്കെടുപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ടി സസീറുദ്ദീന്‍, ദേവസ്യ മേച്ചേരി, കെ. അഹമ്മദ് ശരീഫ്, കെ. സേതുമാധവന്‍, ബാബു കോട്ടയില്‍, ജി. ഗോപകുമാര്‍, വൈ വിജയന്‍, രാജു അപ്‌സര, കെ.എ ഹമീദ്, എ.ജെ ഷാജഹാന്‍, ആര്‍.എന്‍ വിനോദ് സംസാരിച്ചു. ഹര്‍ത്താലുകളോട് നിസ്സഹകരിക്കുമെന്ന് കൊച്ചിയില്‍ ചേര്‍ന്ന സ്വര്‍ണ വ്യാപാരികളുടേയും ട്രാവല്‍ ആന്റ് ടൂറിസം സ്ഥാപന ഉടമകളുടേയും യോഗം വ്യക്തമാക്കി.

ചന്ദ്രിക വെബ് ഡെസ്‌ക്‌: