X

ശ്രീലങ്കയെ രക്ഷിക്കണം- എഡിറ്റോറിയല്‍

നമ്മുടെ തമിഴ്‌നാടിന് തെക്കേ മുനമ്പിന് സമീപത്തെ തൊട്ടയല്‍ രാജ്യമായ ശ്രീലങ്ക ആഭ്യന്തര പ്രശ്‌നങ്ങളില്‍പെട്ടുഴലുകയാണ്. രാജ്യത്ത് ഒരു ഭരണം തന്നെയുണ്ടോ എന്ന ആശങ്കയാണുയര്‍ന്നിരിക്കുന്നത്. സാമ്പത്തികരംഗം താറുമാറായതും ഭരണാധികാരികള്‍ ഈ അവസരത്തില്‍ പരസ്പരം കാലുവാരുന്നതും പതിവായിരിക്കുന്നു. രാജപക്‌സ കുടുംബത്തിന്റെ കൊള്ളയും കെടുകാര്യസ്ഥതയുമാണ് ഇത്തരത്തിലൊരു പതനത്തിലേക്ക് അന്നാടിനെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നതെന്നാണ് കേള്‍വി. നാട്ടുകാര്‍ പൊടുന്നനെ പട്ടിണിയെ അഭിമുഖീകരിക്കേണ്ട അവസ്ഥയിലാണ്. നിത്യോപയോഗ വസ്തുക്കളുടെ വില വര്‍ധനവാണ് ജനങ്ങളെ തെരുവിറങ്ങാന്‍ നിര്‍ബന്ധിതമാക്കിയതെങ്കിലും ശനിയാഴ്ച പ്രഖ്യാപിച്ച അടിയന്തരാവസ്ഥ രാജ്യത്തെ മൊത്തത്തില്‍ അരാജതകത്വത്തിലേക്കും നാഥനില്ലാത്ത അവസ്ഥയിലേക്കുമാണ് നീക്കിയിരിക്കുന്നത്. രാജപക്‌സ കുടുംബത്തിന്റെ ധനകാര്യ കെടുകാര്യസ്ഥതയാണ് ഇതിന് മുഖ്യകാരണം. 23 ലക്ഷത്തോളം തമിഴ് വംശജരുള്ള രാജ്യമെന്ന നിലക്കുകൂടി ഇന്ത്യക്ക് ഈ സാഹചര്യത്തെ കയ്യുംകെട്ടി നോക്കിനില്‍ക്കാനാകില്ല.

സഹോദരന്‍ ബേസില്‍ രാജപക്‌സെയെ പിരിച്ചുവിട്ട് ധനകാര്യവകുപ്പ് ഏറ്റെടുത്ത പ്രസിഡന്റ് ഗോട്ടബായ രാജപക്‌സ പ്രധാനമന്ത്രിയും മറ്റൊരു സഹോദരനുമായ മഹീന്ദ രാജപക്‌സയുമായും അകല്‍ച്ചയിലാണെന്ന് കേള്‍ക്കുന്നു. അദ്ദേഹം തന്റെ രാജി കഴിഞ്ഞദിവസം നിഷേധിച്ചെങ്കിലും പ്രസിഡന്റ് തിങ്കളാഴ്ച പ്രതിപക്ഷത്തോട് പറഞ്ഞത് പുതുതായി രൂപീകരിച്ച സര്‍ക്കാരില്‍ ചേരണമെന്നാണ്. തന്റെ കഴിവുകേടുകള്‍ മറച്ചുവെക്കാനാണ് ദേശീയ സര്‍ക്കാരെന്ന ആശയവുമായി ഗോട്ടബായ മുന്നോട്ടുവന്നിരിക്കുന്നത്. സൈനിക മേധാവിയായിരുന്ന ഗോട്ടബായ കുടുംബത്തെ മുഴുവന്‍ നിര്‍ണായക സ്ഥാനങ്ങളില്‍ പ്രതിഷ്ഠിച്ചശേഷമാണ് 2019ല്‍ അട്ടിമറിയിലൂടെ ശ്രീലങ്കയിലെ അധികാരം പിടിച്ചെടുത്തത്. സിരിസേന സര്‍ക്കാരിന്റെ സകല അധികാരങ്ങളും കയ്യടക്കിയായിരുന്നു രാജപക്‌സമാരുടെ ഈ അധികാരാരോഹണം. മുന്‍പ്രസിഡന്റ് മഹീന്ദ രാജപക്‌സയും ഇന്നത്തെ അരക്ഷിതാവസ്ഥക്ക് ഉത്തരവാദിയാണ്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അജിത് നിര്‍വാഡിനും ഇന്നത്തെ പരിതാപാവസ്ഥയില്‍ കാര്യമായ പങ്കുണ്ട്. പ്രധാനമന്ത്രിയുടെ മകന്‍ നമല്‍ രാജപക്‌സയുള്‍പ്പെടെ 26 കാബിനറ്റ് മന്ത്രിമാര്‍ ഞായറാഴ്ച രാജി പ്രഖ്യാപിച്ചത് തന്ത്രപരമായ നീക്കമായാണ് കരുതേണ്ടത്. കടുത്ത പ്രതിഷേധത്താല്‍ ജനം തെരുവില്‍ ആയുധങ്ങളുമായി ഇറങ്ങുമ്പോള്‍ അതിനെ ഏതുവിധം നേരിടണമെന്നറിയാതെ കുഴങ്ങുകയാണ് സൈന്യവും പൊലീസുമെല്ലാം. അവര്‍ക്ക് ജനത്തിന് നേര്‍ക്ക് വെടിവെക്കാനുള്ള ത്രാണി പോലുമില്ല. കാരണം സൈനികരുടെ കുടുംബങ്ങളും സമാനമായ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്.

ഇതിനെല്ലാം പൊടുന്നനെ ഒരു പരിഹാരം സാധ്യമാകുമെന്ന് തോന്നുന്നില്ല. വിദേശ നാണ്യ നിക്ഷേപത്തിന്റെ അസാധാരണമായ കുറവാണ് രാജ്യം നേരിടുന്ന നിലവിലെ പ്രതിസന്ധികളിലൊന്ന്. അതാകട്ടെ പെട്ടെന്നൊരു ദിനംകൊണ്ട് തീര്‍ക്കാവുന്നതല്ല. ഇന്ത്യയില്‍നിന്നും മറ്റും നിത്യോപയോഗ വസ്തുക്കള്‍ എത്തിയിട്ടും അത് ഇറക്കിവെക്കാന്‍ പോലും വേണ്ട പണം രാജ്യത്തിനില്ല. ഇതാണ് വന്‍വിലക്കയറ്റത്തിന് വഴിവെച്ചത്. നെല്ല്, പഞ്ചസാര, ഗോതമ്പ്, എണ്ണ തുടങ്ങി എല്ലാവസ്തുക്കളും തീരത്ത് കപ്പലുകളില്‍ കെട്ടിക്കിടക്കുകയാണ്. ഇവയാകട്ടെ ഏതാനും ദിവസംകൊണ്ട് ചീയാനും മതി. ഇതാണ് ഇന്ത്യ 40 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം സൗജന്യമായി എത്തിക്കാനിടയാക്കിയത്. ഇന്ത്യയുടെ ഭാഗത്തുനിന്ന് മുമ്പും ജാഫ്‌നയിലും മറ്റും സമാനമായ രീതിയിലുള്ള സഹായം ലഭിച്ചിട്ടുമുണ്ട്. അന്താരാഷ്ട്രനാണയനിധിയും ചൈനയും അവരുടെ കടം നല്‍കി പാപ്പരാക്കിയെന്നാണ് ശ്രീലങ്കക്കാര്‍ വിശ്വസിക്കുന്നത്. ഇനിയും ചൈനയെയും മറ്റും വിശ്വസിക്കാന്‍ ജനം തയ്യാറല്ല. ഇന്ത്യയുടെ ബഹുരാഷ്ട്ര കമ്പനികള്‍ ഇതിനകം രാജ്യത്ത് വിവിധ പദ്ധതികള്‍ ഏറ്റെടുത്തിരിക്കുന്നത് ജനതയുടെ മനസ്സ് പിടിച്ചെടുക്കാന്‍ ഉതകിയിട്ടുണ്ട്. മുമ്പ് തമിഴ് വംശീയ പ്രശ്‌നം കത്തിനിന്ന കാലത്ത് ഇന്ത്യയുമായി രാജപക്‌സ ഭരണകൂടം വൈരത്തിലായിരുന്നു. അവിടെനിന്നാണ് ഇവിടെ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇന്ത്യയുടെ അയല്‍പക്ക ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്നതിനാണ് ചൈന ഈ സമയം ശ്രീലങ്കയെ ഉപയോഗപ്പെടുത്തിയത്. ഏതായാലും ദേശീയസര്‍ക്കാര്‍ എന്ന ആശയം ലങ്കന്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി തള്ളിയ നിലക്ക് രാജിവെച്ചൊഴിഞ്ഞ് തിരഞ്ഞെടുപ്പിലേക്ക് പോകുകയാണ് രാജപക്‌സമാര്‍ക്ക് കരണീയം. അതുണ്ടാകാന്‍ ഇന്ത്യക്കും ഇതര രാജ്യങ്ങളും പരോക്ഷമായ നീക്കങ്ങള്‍ ഉടന്‍ നടത്തിയേ മതിയാകൂ. അല്ലെങ്കില്‍ വലിയ കൂട്ടക്കൊലകള്‍ക്ക് ഈ കൊച്ചു ദ്വീപ് രാഷ്ട്രം സാക്ഷിയാകും.

Test User: