കൊല്ലം ജില്ലയിലെ ചവറ കടല്‍തീരത്തെ ആലപ്പാട് ഗ്രാമവും അവിടത്തെ രണ്ടായിരത്തോളം കുടുംബങ്ങളും വലിയൊരു ജീവല്‍ ഭീഷണിയുടെ നടുവിലാണിന്ന്. തീരത്ത് നൂറ്റാണ്ടോളമായി തുടര്‍ന്നുവരുന്ന കരിമണല്‍ ഖനനമാണ് തദ്ദേശീയ ജനതയെ ബീഭല്‍സമായൊരു ആപത്‌സന്ധിയിലേക്കെത്തിച്ചിരിക്കുന്നത്. വികസനവും പരിസ്ഥിതിയുമെല്ലാം മനുഷ്യര്‍ക്കും പ്രകൃതിക്കും ഗുണത്തിനല്ലാതെ ദോഷകരമാകരുതെന്ന തത്വത്തിന്റെ നിരാസമാണ് ഇവിടെ ദൃശ്യമാകുന്നത്. കഴിഞ്ഞ 75 ദിവസമായി തദ്ദേശവാസികള്‍ നടത്തിവരുന്ന സത്യഗ്രഹ സമരത്തെ തള്ളിപ്പറഞ്ഞും ഖനനം തുടരുമെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചും ജനങ്ങളുടെ ജീവിക്കാനുള്ള മൗലികാവകാശത്തെ ചോദ്യംചെയ്യുകയാണ് സംസ്ഥാന സര്‍ക്കാരും വ്യവസായ സ്ഥാപനങ്ങളും. ഇതിനെതിരെ പ്രതികരിക്കുന്നവരെ അപഹസിക്കുന്ന നിലപാടാണ് നവോത്ഥാനത്തിന്റെ വക്താക്കളെന്ന് അവകാശപ്പെടുന്ന ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നത് പ്രശ്‌നം കൂടുതല്‍ വഷളാക്കിയിരിക്കുന്നു. 2016ലെ തെരഞ്ഞെടുപ്പിനുമുമ്പ് വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും ഉയര്‍ത്തിപ്പിടിക്കുമെന്ന് പിണറായി വിജയന്‍ വാദ്ഗാനം ചെയ്‌തെങ്കിലും അദ്ദേഹത്തിന്റെ സര്‍ക്കാരാണ് ആലപ്പാട്ടെ ജനതയുടെമേല്‍ ഇപ്പോള്‍ മുഷ്ടിയുടെ ഭാഷ പ്രയോഗിക്കുന്നതെന്നത് വലിയ വൈരുധ്യമായിരിക്കുന്നു.
പൊതുമേഖലാസ്ഥാപനങ്ങളായ ഇന്ത്യന്‍ റെയര്‍ എര്‍ത്‌സും (ഐ.ആര്‍.ഇ) കേരള മിനറല്‍സ് ആന്റ് മെറ്റല്‍സു( കെ.എം.ആര്‍.എല്‍)മാണ് ആലപ്പാട്ഗ്രാമത്തെ ഈവിധം നാമാവശേഷമാക്കിയത്. കൊല്ലം നീണ്ടകര മുതല്‍ ആലപ്പുഴയിലെ കായംകുളംവരെയുള്ള കടല്‍തീരം കരിമണല്‍കൊണ്ട് സമ്പന്നമാണ്. 1965ലാണ് ഐ.ആര്‍.ഇ ഇവിടെ ഖനനം തുടങ്ങിയത്. കെ.എം.ആര്‍.എല്‍ 1972ലും. അത്യപൂര്‍വമായ രാസധാതുക്കള്‍ അടങ്ങിയ മണലാണ് ഈ തീരത്തുള്ളതെന്നതാണ് ഇവിടെ ഇരു സ്ഥാപനങ്ങളുടെയും വരവിന് വഴിവെച്ചത്. 1911ല്‍ തന്നെ ഇവിടെ ബ്രിട്ടീഷുകാര്‍ ഖനനം ആരംഭിച്ചിരുന്നു. അന്നൊന്നും വലിയൊരു ധാതുസമ്പത്ത് ഇവിടെ ഉണ്ടെന്നോ അതുമൂലം തൊഴില്‍ കിട്ടുമെന്നോ അല്ലാതെ തങ്ങളുടെ ഭാവിജീവിതം അസ്തമിക്കുമെന്നൊന്നും ജനങ്ങള്‍ കരുതിയിരുന്നില്ല. കാലപ്പഴക്കത്താല്‍ തീരം പതുക്കെപ്പതുക്കെ ഇടിഞ്ഞില്ലാതായതും 2004ലെ സുനാമിയുമാണ് ഇന്നത്തെ ദു:സ്ഥിതിയിലേക്ക് വഴിവെച്ചത്. കരിമണലിലെ ഇല്‍മനൈറ്റ് ആദ്യകാലത്ത് പെട്രോമാക്‌സ് വിളക്കിലെ മാന്റില്‍ ഉണ്ടാക്കുന്നതിനാണ് ഉപയോഗിച്ചതെങ്കില്‍ പിന്നീട് പെയിന്റ്, പ്ലാസ്റ്റിക് എന്നിവക്കുവേണ്ടിയായി ഖനനം. രാജ്യത്തിന്റെ പ്രതിരോധ സാമഗ്രികളായ ബോംബുള്‍പ്പെടെയുള്ളവ നിര്‍മിക്കുന്ന കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഐ.ആര്‍.ഇയുടെ വരവോടെയാണ് വ്യാപകമായ ഖനനത്തിന് തുടക്കമായത്. അമ്പതാണ്ടുകള്‍ കഴിയുമ്പോള്‍ സംഭവിച്ചിരിക്കുന്നത് അറബിക്കടലിനും ദേശീയ പാതക്കും ഇടയിലുണ്ടായിരുന്ന അഞ്ചു കിലോമീറ്റര്‍ പ്രദേശം 50 മീറ്ററായി ചുരുങ്ങിയിരിക്കുന്നു. ഇവിടെയുണ്ടായിരുന്ന പൊന്മനപ്പാടം, അഴീക്കല്‍ മാധവപുരംചന്ത, പണ്ടാത്തുരുത്ത് പെസഹചന്ത, അഴീക്കല്‍ അങ്ങാടി എന്നിവ ഇതിനകം അപ്രത്യക്ഷമായി. ഈയിടെയുണ്ടായ മഹാപ്രളയകാലത്ത് കടലിനേക്കാള്‍ താഴ്ന്നുകിടക്കുന്ന കുട്ടനാട്ടില്‍നിന്ന് വെള്ളം കടലിലേക്ക് സുഗമമായി ഒഴുകാന്‍ തടസ്സമായി നിന്നത് ഈ ഖനനംകൊണ്ടായിരുന്നുവെന്നാണ് പഠനം പറയുന്നത്. സുനാമിയില്‍ തമിഴ്‌നാട്, കേരള തീരത്ത് ഏറ്റവും കൂടുതല്‍ മരണമുണ്ടായത് ഖനനം തുടരുന്ന മണവാളക്കുറുച്ചിയിലും ആലപ്പാടുമാണ്. 1955ലെ ലിത്തോമാപ് പ്രകാരം 89.5 ചതുരശ്ര കിലോമീറ്ററായിരുന്ന ആലപ്പാട് പ്രദേശമിപ്പോള്‍ പത്തു ശതമാനത്തില്‍ താഴെ (7.6) ആയി ചുരുങ്ങിയിരിക്കുന്നു. 1994ല്‍ നടന്ന റീസര്‍വേയില്‍ 7200 ഹെക്ടര്‍ പ്രദേശത്ത് കരംപിരിക്കേണ്ടെന്ന് തീരുമാനിച്ചതുതന്നെ അത്രയും ഭൂമി കടലെടുത്തുവെന്നതിന്റെ തെളിവാണ്. ഇതൊക്കെ തിരിച്ചറിഞ്ഞ ജനതയാണ് സമരവുമായി രണ്ടു പതിറ്റാണ്ടുമുമ്പേ രംഗത്തിറങ്ങിയത്.
കുറച്ചുപേരെ കുടിയേറിപ്പാര്‍പ്പിച്ചും മറ്റു ചിലര്‍ക്ക് കമ്പനികളില്‍ തൊഴില്‍ നല്‍കിയും മുന്നോട്ടുപോയവര്‍ ഇനിയും അതേരീതിയില്‍ മുന്നോട്ടുപോകാനാണ് ലക്ഷ്യമിടുന്നതെന്നാണ് വ്യവസായ വകുപ്പുമന്ത്രി ഇ.പി ജയരാജന്‍, ജില്ലയുടെ മന്ത്രി മെഴ്‌സിക്കുട്ടിയമ്മ തുടങ്ങിയവരുടെ നിലപാടുകള്‍ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ് നേതാവ് നടത്തുന്ന നിരാഹാരത്തെ തള്ളിപ്പറയാന്‍ സി.പി.എമ്മുകാരിയായ വനിതാപഞ്ചായത്ത് അധ്യക്ഷ തയ്യാറാകുന്നുവെന്നത് ആരുടെ മടിയിലാണ് കനം എന്ന് വിളിച്ചുപറയുന്നു. ആലപ്പാട്ട് ജീവിതത്തിനും പരിസ്ഥിതിക്കും വേണ്ടി പൊരുതുന്ന ജനതയെയും അവരെ പിന്തുണക്കുന്ന മനുഷ്യസ്‌നേഹികളെയും നോക്കി സമരക്കാര്‍ മലപ്പുറത്തുകാരാണ് എന്ന് പ്രഖ്യാപിച്ച മന്ത്രി ജയരാജന്റെ സാമാന്യബോധത്തെക്കുറിച്ച് പരാമര്‍ശംപോലും അര്‍ഹിക്കുന്നില്ല. മലപ്പുറത്ത് കടലില്ലാത്തതുകൊണ്ടാണ് അവര്‍ക്ക് ഇതിന്റെ വിലയറിയാത്തത് എന്ന മറ്റൊരു വിഡ്ഢിത്തംകൂടി ഇന്നലെയും അദ്ദേഹം തട്ടിവിട്ടത് മൊത്തം മലയാളിയുടെയും നാണക്കേടാണ്. ഏതായാലും ഇതിലൂടെ മലപ്പുറത്തുകാരെ പരിസ്ഥിതി സ്‌നേഹികളാണെന്ന് വ്യംഗ്യമായെങ്കിലും സമ്മതിച്ചതിന് നന്ദി. ഭാഗ്യവശാല്‍ സമരത്തോട് അനുഭാവം പ്രകടിപ്പിച്ച സി.പി.ഐ നേതാവ് കാനംരാജേന്ദ്രന്റെ നിലപാട് പ്രതീക്ഷക്ക് വകനല്‍കുന്നു.
വ്യവസായവും വികസനും ഒന്നും ആരും വേണ്ടെന്ന് പറയില്ല. വിലപ്പെട്ട ധാതുസമ്പത്ത് നാടിന്റെ വികസനത്തിന് ഉപയോഗപ്പെടുത്തുന്നതില്‍ തെറ്റുണ്ടെന്ന് പറയാനും കഴിയില്ല. എന്നാല്‍ ആലപ്പാട് നിവാസികളുടെ പ്രശ്‌നം അതിലൊക്കെ എത്രയോ വിദൂരത്താണ്. അവരുടെ ജീവിതത്തിനും ജീവനുമാണ് കരിമണല്‍ ഖനനം കടുത്ത ഭീഷണിയുയര്‍ത്തിയിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞ് സമരക്കാരുമായി സംവദിച്ച് രമ്യമായ പരിഹാരം കാണുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. 16ന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്തിരിക്കുന്ന ഉന്നതതല യോഗത്തില്‍ പ്രശ്‌നപരിഹാരം കാണുമെന്ന് തന്നെയാണ് പ്രത്യാശിക്കുന്നത്. പക്ഷേ സമരക്കാരെ വിളിക്കാതെ നടത്തുന്ന ചര്‍ച്ചകൊണ്ട് എന്താണ് പ്രയോജനമെന്ന് മനസ്സിലാകുന്നില്ല. സമരക്കാരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി മെഴ്‌സിക്കുട്ടിയമ്മ മുമ്പ് പറഞ്ഞത് മുഖ്യമന്ത്രി അറിയാതെയാണോ? തദ്ദേശവാസികള്‍ക്ക് തൊഴില്‍ നല്‍കിയെന്ന് പറയുന്ന ന്യായീകരണത്തൊഴിലാളികള്‍ ഇവിടത്തെ ധാതുവിന്റെ മൂല്യവും തൊഴിലാളികളുടെ ശമ്പളവുംതമ്മില്‍ കണക്കുകൂട്ടി ടാലി ചെയ്ത് തരാന്‍ തയ്യാറുണ്ടോ? ജീവന്റെ ആധാരമായ പരിസ്ഥിതിയെ ലളിതമായി കാണുന്നതാണ് നിര്‍ഭാഗ്യവശാല്‍ ഇന്നിന്റെ വ്യാജഇടതുപക്ഷം. കരിമണല്‍ഖനനവിരുദ്ധജനകീയസമിതിയുടെ ‘സേവ് ആലപ്പാട’് സമരത്തിന് മലപ്പുറത്തെ മാത്രമല്ല മനുഷ്യസ്‌നേഹികളായ മുഴുവന്‍ ജനതയും പിന്തുണയുമായി രംഗത്തുണ്ട്. കരുനാഗപ്പള്ളി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എസ്. കാവ്യയുടെ വേദനയാണത്. ഇതേഇടതുപക്ഷം നല്‍കിയ ഗ്രീന്‍ചാനലിലൂടെവന്ന് പാലക്കാട്ടെ പ്ലാച്ചിമട എന്ന ആദിവാസി പിന്നാക്ക ഗ്രാമത്തെ ഊഷരമാക്കിപ്പോയ ലോകഭീമന്‍ കൊക്കകോളയെ വര്‍ഷങ്ങള്‍ നീണ്ട സമരത്തിലൂടെ കെട്ടുകെട്ടിച്ച നാടാണിതെന്ന് ജയരാജാധികാരികള്‍ മറക്കരുത്.
- 6 years ago
chandrika
Categories:
Video Stories
ആലപ്പാട് ഉയരുന്നത് കേരളത്തിന്റെ രോദനം
Tags: alappattsave alappat