ലുഖ്മാന്‍ മമ്പാട്
‘അനീതി ഇല്ലാതാക്കുക എന്നതിനേക്കാള്‍ ചില അധ്യായങ്ങള്‍ അടച്ചുപൂട്ടലും ശാന്തി ഉറപ്പുവരുത്തലും സുപ്രധാനമായി മാറുന്ന സമയങ്ങള്‍ ഉണ്ടാവാറുണ്ട്. സര്‍ക്കാര്‍ നിയോഗിക്കുന്ന ഒരു ട്രസ്റ്റിന്റെ മേല്‍നോട്ടത്തില്‍ അയോധ്യയിലെ തര്‍ക്കസ്ഥലത്ത് ക്ഷേത്ര നിര്‍മാണത്തിന് ഉത്തരവിടുകവഴി പ്രധാനമായും സാമുദായിക സൗഹാര്‍ദത്തിന് അനുകൂലമായ പാതയാണ് കോടതി തിരഞ്ഞെടുത്തത്.’ ബാബരി മസ്ജിദ് വിധിയെ അവലോകനം ചെയ്ത് ഹിന്ദു ദിനപത്രം പിറ്റേന്ന് എഴുതിയ എഡിറ്റോറിയലിലെ ആദ്യ വാചകമാണിത്. മനുവാദം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മുഖ്യധാരയായിമാറിയ കാലത്ത് സുപ്രീംകോടതിയില്‍നിന്ന് സംവരണത്തെ കുറിച്ച് അഞ്ചംഗ ഭരണഘടനാബെഞ്ച് മൂന്നേ-രണ്ടിന്റെ മുന്‍തൂക്കത്തില്‍ സവര്‍ണ സാമ്പത്തിക സംവരണം ശരിവെക്കുമ്പോഴും ആ വാചകങ്ങള്‍ അന്തരീക്ഷത്തില്‍ മുഴങ്ങുന്നുണ്ട്.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക വിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ ഭരണഘടനയുടെ 103-ാം ഭേദഗതിയെ എതിര്‍ത്ത് ചീഫ് ജസ്റ്റിസ് യു.യു ലളിതും ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ടും നിലപാട് സ്വീകരിച്ചത് പാര്‍ലമെന്റില്‍ ഒറ്റക്ക് പൊരുതിയ മുസ്്‌ലിംലീഗിന്റെ നിലപാടിനുള്ള സാധുത കൂടിയാണ്. 103-ാം ഭരണഘടനാഭേദഗതി ഭരണഘടനയുടെ അടിസ്ഥാന ചട്ടക്കൂടിന് വിരുദ്ധമാണെന്നും ഭേദഗതി ഭരണഘടന വിലക്കിയ വിവേചനം നടപ്പാക്കുന്നതാണെന്നുമാണ് ജ. രവീന്ദ്ര ഭട്ട് അസന്നിഗ്ധമായി എഴുതിവെച്ചത്. സാമൂഹ്യമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്‌വഴി മികച്ച സ്ഥാനമാണ് വീണ്ടും ലഭിക്കുന്നത്. എസ്.ഇ.ബി. സിയിലെ (സോഷ്യല്‍ ആന്റ് ഇക്കണോമിക് ബാക്ക്‌വേര്‍ഡ് ക്ലാസ്) ദരിദ്രരെ ഒഴിവാക്കുന്നത് തെറ്റാണ്. ആനുകൂല്യങ്ങള്‍ എന്നത്‌കൊണ്ട് ഉദ്ദേശിക്കുന്നത് സൗജന്യ പാസ് എന്നതല്ലെന്നും ജ. രവീന്ദ്ര ഭട്ട് പറയുമ്പോള്‍ ഭരണഘടനാബെഞ്ച് തലവന്‍ കൂടിയായ ചീഫ് ജസ്റ്റിസ് യു.യു ലളിതും അതു പിന്താങ്ങുമ്പോള്‍ അഞ്ചില്‍ മൂന്നിന് സാങ്കേതികമായി നിയമം ശരിവെച്ചുവെന്നേ ധരിക്കാനാവൂ. സാമൂഹ്യ നീതിക്കായുള്ള പോരാട്ടത്തിന് ദിശാബോധം ലഭിക്കുന്ന വിധി എന്നര്‍ത്ഥത്തിലും തീര്‍പ്പ് പ്രസക്തമാകുന്നത് അതുകൊണ്ടുകൂടിയാണ്.
ബി.ജെ.പി-സി.പി.എം ഭായി ഭായി
ഒന്നാം മോദി സര്‍ക്കാര്‍ കടിഞ്ഞാണില്ലാതെ എതിരാളികളില്ലെന്ന് ധരിപ്പിച്ച് മുന്നേറുന്ന കാലം. 2018 അവസാനം അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന സെമിഫൈനലെന്ന് ധരിച്ച തിരഞ്ഞെടുപ്പില്‍ ഹിന്ദി ഹൃദയഭൂമിയായ മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗഡും ഭരണം നഷ്ടപ്പെട്ടതോടെ സംഘ്പരിവാര്‍ ശരിക്കും വിറച്ചു. നോട്ടു നിരോധനവും ജി.എസ്.ടി.യും നടുവൊടിച്ചതോടെ ഇടത്തട്ടുകാരായ വോട്ടുബാങ്ക് കൈമോശം വരുന്നതായി തിരിച്ചറിഞ്ഞ ബി.ജെ.പി, 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലെ തുറുപ്പ് ചീട്ടായിരുന്നു സവര്‍ണ സാമ്പത്തിക സംവരണം അതിവേഗം പൊടിതട്ടിയെടുത്തത്. മുന്നോക്ക സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കാനുള്ള ബില്‍ പാര്‍ലമെന്റ് പാസാക്കിയത് ലോക്സഭയിലെ 326 അംഗങ്ങളില്‍ 323 പേരുടെ പിന്തുണയോടെയാണ്. മുസ്‌ലിംലീഗും ഉവൈസിയുമൊഴികെ എല്ലാവരും ഒന്നിച്ചാണ് ഇതിനു കൈപൊക്കിയത്.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തില്‍ തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവെച്ച മുഖ്യായുധവും സാമ്പത്തിക സംവരണം ആയിരുന്നു. സാമ്പത്തിക സംവരണത്തെ പാര്‍ലമെന്റില്‍ എതിര്‍ത്തത് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ മൂന്ന് എം.പിമാരാണെന്നും യു.ഡി.എഫിന്റെ ഭാഗമായ ഇവരെ ഭൂരിപക്ഷ സമൂഹം തോല്‍പ്പിക്കണമെന്നു മോദിയുടെ ആഹ്വാനത്തിന് മാധ്യമങ്ങള്‍ വലിയ പ്രചാരണവും നല്‍കി. പക്ഷേ, 20ല്‍ 19ഉം യു.ഡി.എഫ് വമ്പന്‍ ഭൂരിപക്ഷത്തിന് നേടി.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 20ല്‍ 19ഉം കൈവിട്ട കേരളത്തിലെ എല്‍.ഡി.എഫാവട്ടെ നിയമസഭാതിരഞ്ഞെടുപ്പിന് മുമ്പ് ഉപയോഗിച്ചതും അതേ ആയുധം. മുസ്‌ലിംലീഗിനെയും മുസ്‌ലിംകളെയും ഒരു പക്ഷത്ത്‌നിര്‍ത്തി ബി.ജെ.പിയെ തോല്‍പ്പിക്കുന്ന പ്രചാരണത്തില്‍ പിണറായി സര്‍ക്കാര്‍ ഭരണത്തുടര്‍ച്ച നേടിയത് ആര്‍.എസ്.എസിന്റെ ഉപദേശം കൂടി സ്വീകരിച്ചായിരുന്നു എന്നത് വൈകാതെ ബോധ്യപ്പെട്ടു. 2021 ഓഗസ്റ്റ് 10 ന് ഭരണഘടനയുടെ 127 ാം ഭേദഗതി ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തു, പിന്നാക്ക വിഭാഗത്തിന്റെ സംവരണം അടക്കമുള്ള പ്രശ്‌നങ്ങളെ ബി.ജെ.പി സര്‍ക്കാര്‍ തകിടം മറിക്കുകയാണെന്നും ഭരണഘടനാപരമായ അവകാശങ്ങള്‍ ഒന്നിനുപിറകെ ഒന്നായി ഹനിക്കുകയാണെന്നും മുസ്‌ലിംലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ലോക്‌സഭയില്‍ സംസാരിക്കുമ്പോള്‍ സി.പി. എം എം.പി എ.എം ആരിഫാണ് അതു നിരന്തരം തടസപ്പെടുത്താന്‍ ശ്രമിച്ചത്.
സാമൂഹ്യ യാഥാര്‍ത്ഥ്യത്തിനുപകരം സാമ്പത്തിക പാക്കേജ് എന്ന നിലക്ക് വിഷയത്തെ ചുരുട്ടിക്കെട്ടുന്നതിനോട് എക്കാലവും മുസ്‌ലിംലീഗ് എതിരായിരുന്നു. ഭരണഘടനാനിര്‍മാണ സഭയില്‍ ചെയര്‍മാന്‍ ഡോ. ബി.ആര്‍ അംബേദ്കര്‍ക്ക് മുസ്്‌ലിംലീഗ് അംഗങ്ങള്‍ നല്‍കിയ കലവറയില്ലാത്ത പിന്തുണ മുതല്‍ മുക്കാല്‍ നൂറ്റാണ്ടായി അതേ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. സാമ്പത്തിക പരാധീനത ഏതെങ്കിലും വ്യക്തികള്‍ക്കോ സമൂഹത്തിനോ ഉണ്ടെങ്കില്‍ അവ പരിഗണിച്ച് സാമ്പത്തിക പാക്കേജ് നടപ്പാക്കണമെന്ന് മുസ്‌ലിംലീഗ് എന്നും മുന്നോട്ടുവെച്ച നിര്‍ദേശം.
ഭരണഘടന മുന്നോട്ടുവെക്കുന്ന സംവരണത്തിന്റെ അന്തസത്ത സാമൂഹ്യ നീതിയിലധിഷ്ഠിതമാണെന്ന നിലപാടില്‍ പിന്നോട്ടില്ല. മുഖ്യമന്ത്രിയായിരുന്ന ഇ.എം. എസ് നമ്പൂതിരിപ്പാട് തന്നെ ചെയര്‍മാനായ ഭരണപരിഷ്‌കാര കമ്മിറ്റി 1958ല്‍ കേരളത്തിലാണ് ആദ്യമായി സാമ്പത്തിക സംവരണം എന്ന ആശയം മുന്നോട്ടുവെച്ചത്. ഇന്ത്യയില്‍ ജാതിയാണ് വര്‍ഗം എന്ന് അംബേദ്കര്‍ വാദിച്ചത് മാര്‍ക്‌സിനോ അദ്ദേഹത്തിന്റെ അനുയായികള്‍ക്കോ മനസിലായില്ല. മനുവാദത്തിലധിഷ്ഠിതമായ സംഘ്പരിവാറിന് ഇക്കാര്യത്തില്‍ ഉപദേശവും മാതൃകയുമായത് സി.പി.എമ്മാണ്. കേരളത്തിലെ ദേവസ്വം ബോര്‍ഡുകളില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ തുടങ്ങിവെച്ച് ദേശീയ തലത്തില്‍ നരേന്ദ്രമോദി ഏറ്റെടുത്ത സവര്‍ണ സംവരണം. എന്നാല്‍, വി.എസ് അച്യുതാനന്ദനെ പോലുള്ള പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് സി.പി.എമ്മില്‍തന്നെ എതിരഭിപ്രായം ഉണ്ടായിരുന്നു.
2019 ജൂലൈ 27ലെ വി.എസ് അച്യുതാനന്ദന്റെ ജസ്റ്റിസ് ചിദംബരേഷിനെതിരായ എഫ്.ബി പോസ്റ്റ് ആ വീര്‍പ്പുമുട്ടലിന്റെ പ്രതിഫലനമാണ്. നമ്മുടെ നീതിപീഠങ്ങളെക്കുറിച്ച് നമുക്കൊരു വിശ്വാസമുണ്ട്. എന്നാല്‍, ജസ്റ്റിസ് ചിദംബരേഷ് നടത്തിയ ആത്മപ്രകാശത്തോട് പ്രതികരിക്കാതെ പോകുന്നത് ശരിയായിരിക്കില്ല. അഗ്രഹാരങ്ങളിലെ വരേണ്യരോട് അദ്ദേഹം കാണിക്കുന്ന അതിരുവിട്ട ആദരവിനോടും സഹാനുഭൂതിയോടും എനിക്ക് യോജിക്കാനാവുന്നില്ല. പൂര്‍വജന്മ സുകൃതത്താല്‍ ബ്രാഹ്മണനായിത്തീര്‍ന്നവര്‍ക്ക് സംവരണം വേണമെന്ന ജസ്റ്റിസ് ചിദംബരേഷിന്റെ വാദഗതികളോട് യോജിക്കാന്‍ സാധിക്കില്ല. വെജിറ്റേറിയാനായതുകൊണ്ടോ, കര്‍ണാടക സംഗീതം ആസ്വദിക്കാന്‍ കഴിവുള്ളവരായതുകൊണ്ടോ ഒരാള്‍ വരേണ്യനാവുന്നില്ല. എല്ലാ സദ്ഗുണങ്ങളും സമ്മേളിച്ചിരിക്കുന്നത് ബ്രാഹ്മണനിലാണെന്ന വാദവും സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളോട് പൊരുത്തപ്പെടുന്നതല്ല. അഗ്രഹാരങ്ങളിലെ ദാരിദ്ര്യത്തെക്കുറിച്ച് വാചാലനാവുന്നവര്‍ ആദ്യം കണ്ണുതുറന്ന് കാണേണ്ടത് കയറിക്കിടക്കാന്‍ കിടപ്പാടമില്ലാത്ത ദലിതരേയും ആദിവാസികളേയുമാണ്. എന്ന് വി.എസ് പൊട്ടിത്തെറിക്കുന്നത് സ്വന്തം പാര്‍ട്ടിയുടെ സവര്‍ണ അടിമത്വത്തിനെതിരെ കൂടിയാണ്.
ഭരണഘടനാഭേദഗതി
സാമ്പത്തിക സംവരണം എന്ന ആശയം പലപ്പോഴും പരീക്ഷിക്കപ്പെട്ടെങ്കിലും സുപ്രീംകോടതിയില്‍ സാമൂഹ്യനീതിയിലധിഷ്ഠിതമായ സംവരണത്തിനപ്പുറം പോകാന്‍ കഴിഞ്ഞില്ല. പി.വി നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലത്ത് കൊണ്ടുവന്ന സാമ്പത്തിക സംവരണത്തെ ചോദ്യംചെയ്ത് 1992-ല്‍ ഇന്ദ്ര സാഹ്നി നടത്തിയ കേസില്‍ സാമ്പത്തിക സംവരണം നിലനില്‍ക്കില്ലെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിരുന്നു. 2019 ജനുവരി ഒന്‍പതിനാണ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഉയര്‍ന്ന വിഭാഗങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍-അനുബന്ധ തസ്തികകളിലും 10 ശതമാനം വരെ സംവരണം ഏര്‍പ്പെടുത്തുന്ന 103-ാം ഭരണഘടനാ ഭേദഗതി പാര്‍ലമെന്റ് പാസ്സാക്കിയത്. ഭരണഘടനയിലെ 15, 16 അനുച്ഛേദങ്ങളില്‍ ഇതിനായി 15(6), 16(6) എന്നീ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. 15(6) പ്രകാരം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ ഉന്നമനത്തിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാരുകള്‍ക്ക് അനുമതി നല്‍കി. എയ്ഡഡ്, അണ്‍ എയ്ഡഡ്, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്‍പ്പെടെ സംവരണം ഏര്‍പ്പെടുത്താം. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇതില്‍നിന്നും ഒഴിവാക്കി. സര്‍ക്കാര്‍ ജോലികളിലെ നിയമനത്തിനായാണ് ആര്‍ട്ടിക്കിള്‍ 16(6) ഭേദഗതി. ജനുവരി 12-ന് രാഷ്ട്രപതി ഒപ്പുവെച്ചതോടെ ഇതു നിയമമായി. തുടര്‍ന്ന്, വിദ്യാഭ്യാസ, തൊഴില്‍ സംവരണത്തിനു സാമ്പത്തികമായ പിന്നാക്കാവസ്ഥ മാനദണ്ഡമാക്കാനാവില്ലെന്ന 1992-ലെ ഇന്ദ്ര സാഹ്നി കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇരുപതോളം സംഘടനകള്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.