കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്.എഫ്.ഐ മുമ്പ് സ്ഥാപിച്ച ബാനറില്‍ അതൃപ്തി അറിയിച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. We need Chancellor not Savarkar എന്ന ബാനറാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്. സവര്‍ക്കര്‍ രാജ്യത്തിന് വേണ്ടി ത്യാഗങ്ങള്‍ ചെയ്ത അആളാണെന്നും, എങ്ങനെ ശത്രു ആകുന്നതെന്നും ഗവര്‍ണര്‍ ചോദിച്ചു. കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഗവര്‍ണര്‍.
”പുറത്തുവെച്ച ഒരു ബാനര്‍ ശ്രദ്ധയില്‍പ്പെട്ടെന്നും ഞങ്ങള്‍ക്ക് വേണ്ടത് ചാന്‍സലറാണ്, സവര്‍ക്കറല്ല എന്ന് അതില്‍ എഴുതിയിരിക്കുന്നെന്നും അദ്ദേഹം സൂചിപ്പിച്ചു. സവര്‍ക്കര്‍ ഈ രാജ്യത്തിന്റെ ശത്രുവായിരുന്നോ? സവര്‍ക്കര്‍ എന്ത് മോശം കാര്യമാണ് ചെയ്തത്? സ്വന്തം കുടുംബത്തെ പോലും മറന്ന് മറ്റുള്ളവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചയാളാണ് അദ്ദേഹം. വിദ്യാഭ്യാസ സ്ഥാപനങ്ങളെ രാഷ്ട്രീയവത്കരിക്കുന്നതിനെ അംഗീകരിക്കാനാകില്ല” -ഗവര്‍ണര്‍ പറഞ്ഞു.
സമൂഹത്തിനു വേണ്ടി വലിയ ത്യാഗം ചെയ്തയാളാണ് സവര്‍ക്കറെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇങ്ങനെയുള്ള ബാനറുകള്‍ എങ്ങനെ ക്യാമ്പസില്‍ എത്തുന്നുവെന്നത് ശ്രദ്ധിക്കണം എന്ന് വൈസ് ചാന്‍സലര്‍ക്ക് ഗവര്‍ണര്‍ നിര്‍ദേശം നല്‍കി.
അതേസമയം ‘Say no to drugs’ എന്ന മേല്‍വസ്ത്രം ധരിച്ചാണ് ഗവര്‍ണര്‍ സര്‍വകലാശാലയില്‍ എത്തിയത്.