ബെംഗളൂരു: സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍നിന്ന് നെഹ്‌റുവിനെ ഒഴിവാക്കിയും സവര്‍ക്കര്‍ക്ക് ഇടം നല്‍കിയുമുള്ള പരസ്യവുമായി കര്‍ണാടക സര്‍ക്കാര്‍. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നല്‍കിയ പത്ര പരസ്യത്തില്‍ നിന്നാണ് പ്രഥമപ്രധാനമന്ത്രി കൂടിയായ നെഹ്‌റുവിനെ ഒഴിവാക്കിയത്.
സംസ്ഥാനത്തെ സ്വാതന്ത്ര്യ സമര നായകരുടെ പട്ടികയില്‍നിന്ന് മൈസൂരു ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താനെയും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ പുതിയ വിവാദങ്ങള്‍ക്ക് വഴി തുറന്നിരിക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍. പ്രമുഖ പത്രങ്ങളിലെല്ലാം പരസ്യം നല്‍കിയിട്ടുണ്ട്. സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രം വെച്ചുള്ള പരസ്യത്തില്‍ മഹാത്മാ ഗാന്ധി, സുഭാഷ് ചന്ദ്രബോസ്, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ലാല്‍ ബഹദൂര്‍ ശാസ്ത്രി, ബാലഗംഗാധര തിലകന്‍, ഭഗത് സിങ്, ചന്ദ്രശേഖര്‍ ആസാദ് തുടങ്ങിയവരുടെ ചിത്രങ്ങള്‍ക്കൊപ്പം സവര്‍ക്കറുടെ ചിത്രവും നല്‍കിയിട്ടുണ്ട്.
സര്‍ക്കാര്‍ നടപടിക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തുവന്നു. ഈ അല്‍പത്തരത്തെ നെഹ്‌റു അതിജീവിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് ട്വീറ്റ് ചെയ്തു. സമൂഹ മാധ്യമങ്ങളില്‍ വിഷയം സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം ശിവമോഗയില്‍ സവര്‍ക്കറുടെ ചിത്രം സ്വാതന്ത്ര്യ സമര സേനാനികളുടെ കൂടെ ഉള്‍ക്കൊള്ളിച്ചതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഒരു സ്വകാര്യ മാളിലാണ് പരിപാടി നടന്നത്. സ്ഥലത്ത് പ്രതിഷേധിച്ച നാലുപേര്‍ അറസ്റ്റിലായിരുന്നു. സംഭവത്തിന് പിന്നാലെ ടിപ്പു സുല്‍ത്താന്റെ ചിത്രം വെച്ചുള്ള പോസ്റ്ററുകളും ഫ്‌ളക്‌സുകളും പല സ്ഥലങ്ങളിലും ഉയര്‍ന്നു. ബംഗളൂരുവിലും മൈസൂരുവിലും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഇത് നശിപ്പിച്ചത് സംഘര്‍ഷാവസ്ഥയുണ്ടാക്കിയിരുന്നു.