അഷ്റഫ് വേങ്ങാട്ട്
റിയാദ്: കോവിഡ് നിയന്ത്രണത്തില്‍ സൗദി അക്ഷരാര്‍ത്ഥത്തില്‍ വിജയത്തിലേക്ക്. ഇന്ന് 82 പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ പത്ത് മാസത്തിനിടെ കോവിഡ് ബാധിതരുടെ എണ്ണം ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഇന്നാണ്. സൗദിയിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഏറെ ആശ്വാസം നല്‍കുന്ന വാര്‍ത്തയാണിത്. ദിനേനയുള്ള മരണ നിരക്കിലും ഏറ്റവും കുറവ് ഇന്നാണ് രേഖപ്പെടുത്തിയത്. ഏഴുപേരാണ് ഇന്ന് മരിച്ചത്. ഇതുവരെ വരെ മരണപ്പെട്ടവരുടെ എണ്ണം 6246 ആണ്. 2372 രോഗികള്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരില്‍ 358 പേര്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്നുണ്ട്.
ആകെ രോഗബാധിതരുടെ എണ്ണം 3,63,061 ആയി. രോഗമുക്തി നേടിയത് 3,54,443 പേരാണ്. റിയാദില്‍ 35 പേര്‍ക്കും മക്കയില്‍ 24 പേര്‍ക്കും കിഴക്കന്‍ പ്രവിശ്യയില്‍ ഏഴുപേര്‍ക്കും മദീനയില്‍ അഞ്ചും അല്‍ഖസീമില്‍ മൂന്നും അസീറില്‍ രണ്ടും തബൂക്ക്, ഹായില്‍, ജിസാന്‍, നജ്റാന്‍ എന്നിവിടങ്ങളില്‍ ഓരോ കേസ് വീതവുമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
കര്‍ശനമായ പ്രതിരോധ നടപടികളിലൂടെ സൗദി ആരോഗ്യമന്ത്രാലയം നടത്തുന്ന നീക്കങ്ങള്‍ അന്തിമ ഘട്ടത്തിലേക്കെത്തുമ്പോള്‍ രാജ്യം പൂര്‍ണ കോവിഡ് മുക്തി നേടിയെന്ന പ്രഖ്യാപനം വിളിപ്പാടകലെയാണ്. എങ്കില്‍ മാത്രമേ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പൂര്‍ണാര്‍ത്ഥത്തില്‍ പുനരാരംഭിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂവെന്ന് നേരത്തെ സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. നേരത്തെ രണ്ടാഴ്ചത്തേക്ക് ഏര്‍പെര്‍ടുത്തിയ യാത്രവിലക്ക് ഇന്ന് മുതല്‍ പിന്‍വലിച്ചിരുന്നു .