അഷ്‌റഫ് വേങ്ങാട്ട്
റിയാദ്: ഒന്നര വർഷത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യക്കാരായ പ്രവാസികൾക്ക് നേരിട്ടെത്താനുള്ള വഴിയൊരുങ്ങുന്നു എന്ന വാർത്തക്ക് എംബസ്സിയുടെ സ്ഥിരീകരണം.
സഊദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ എടുത്ത് വിദേശങ്ങളിലേക്ക് പോയ പ്രവാസികൾക്ക് സഊദിയിലേക്ക് നേരിട്ട് തിരിച്ചു വരാൻ സാധിക്കുമെന്ന് സഊദി വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രഖ്യാപനത്തിന്റെ പിന്നാലെയാണ് വാർത്ത സ്ഥിരീകരിച്ച് ഇന്ത്യൻ എംബസ്സി ട്വീറ്റ് ചെയ്തത്. സഊദിയിൽ നിന്ന് വാക്സിൻ ഇരുഡോസുമെടുത്ത് തവൽക്കനയിൽ ഇമ്മ്യൂൺ ആയ ഇന്ത്യക്കാർക്ക് മൂന്നാമത് മറ്റൊരു രാജ്യത്ത് ക്വാറന്റൈനിൽ കഴിയാതെ നേരിട്ട് സഊദിയിലേക്ക് മടങ്ങി വരാമെന്നാണ് എംബസി ട്വിറ്ററിൽ അറിയിച്ചത്. സഊദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് മാത്രമാണ് നേരിട്ട് തിരിച്ചെത്താൻ അനുമതിയുളളതെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും എംബസ്സി മുന്നറിയിപ്പ് നൽകി.