അശ്റഫ് തൂണേരി
ദോഹ: നാല്‍പ്പത്തൊയമ്പതാം മിനുട്ടില്‍ സാലെഹ് അല്‍ശഹ്രി, അമ്പത്തിമൂന്നാം മിനുട്ടില്‍ സാലെഹ് അല്‍ദൂസരി…ഫിഫ ലോകകപ്പിന്റെ ഇരുപത്തിരണ്ടാം പതിപ്പില്‍ മാത്രമല്ല, ലോക ഫുട്ബോള്‍ ചരിത്രത്തിലേക്കാണ് സഊദിയുടെ രണ്ട് മിന്നും ഗോളുകള്‍ വലഭേദിച്ചെത്തിയത്. ലുസൈല്‍ ഐക്കണിക് സ്റ്റേഡിയത്തില്‍ ആയിരങ്ങളുടെ ആരവങ്ങളേറ്റുവാങ്ങി സഊദിഅറേബ്യ നേടിയത് ഉജ്ജ്വല വിജയം.
ലോക ഫുട്ബോളിലെ കരുത്തരായ അര്‍ജന്റീനയെ 2-1 ന് സൗദി തോല്‍പിച്ചപ്പോള്‍ അറബ് ഫുട്ബോള്‍ ലോകം കൂടി ആഹ്ലാദത്തിന്റെ തേരിലേറുകയായിരുന്നു. ഒമ്പതാം മിനിറ്റില്‍ നേടിയ പെനാല്‍ട്ടിയില്‍ ഗോള്‍ മാത്രമാണ് മെസ്സിയുടേയും അര്‍ജന്റീനയുടേയും ഏക ആശ്വാസം. പോയകാലത്തെ 36 കളികളിലൊന്നും പരാജയം എന്തെന്നറിയാതിരുന്ന ലെയണല്‍ മെസ്സിയെന്ന ഇതിഹാസ താരം അമ്പരപ്പോടെ നില്‍ക്കുന്ന മൈതാനം കൂടിയായി ലുസൈല്‍ മാറി. രണ്ടാം പകുതിയിലാണ് സഊദി തങ്ങളുടെ യഥാര്‍ത്ഥ കളി പുറത്തെടുത്തെടുത്തത്. പലപ്പോഴും പരുക്കനെന്നും ആക്രമാസക്തമെന്നും തോന്നിച്ച കളിയില്‍ 7 തവണയാണ് സഊദിഅറേബ്യക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചത്. അതിലൊന്ന് ലഭിച്ചത് ഗോളിക്ക് കൂടിയായി. അര്‍ജന്റീന അവരുടെ അവസാന ശ്രമവും പുറത്തെടുത്ത് ഗോള്‍ പോസ്റ്റിലേക്ക് അമ്പെയ്തെങ്കിലും സഊദിയുടെ കരുത്തനായ മുഹമ്മദ് ഉവൈസെന്ന ഗോള്‍ കീപ്പറുടെ പ്രതിരോധത്തെ മറികടക്കാനായില്ല. പ്രതിരോധ നിര പരാജയപ്പെട്ട ചില ഘട്ടങ്ങളിലും കരുത്തനായ ഗോളി മുഹമ്മദ് അല്‍ഉവൈസ് ബോക്സ് വിട്ടിറങ്ങിയും രക്ഷകനായത് സഊദിയെ തെല്ലൊന്നുമല്ല രക്ഷിച്ചത്. ഗോളി ഉവൈസിനും ഒരു തവണ കളി ‘കൈയ്യില്‍’ നിന്ന് പോയി. തന്ത്രജ്ഞനായ അബ്ദുല്‍ ഇലാഹ് അല്‍ അംരി ഗോള്‍ലൈനില്‍ പന്ത് ഹെഡ് ചെയ്തകറ്റിയതോടെ അതും സഊദിക്ക് നേട്ടമായി.
മെസ്സിയും രണ്ടു തവണ ലൗതാരൊ മാര്‍ടിനേസും പന്ത് വലയിലെത്തിക്കാന്‍ നടത്തിയ ശ്രമം നിരാശയോടെയാണ് അര്‍ജന്റീന ആരാധകര്‍ കണ്ടത്. 23ാം മിനിറ്റില്‍ മെസ്സിയും ഇരുപത്തേഴാം മിനിറ്റിലും 34ാം മിനിറ്റിലും ലൗതാരൊ മാര്‍ടിനേസും പന്ത് വലയിലെത്തിക്കാന്‍ കിണഞ്ഞു ശ്രമിച്ചു. പക്ഷെ ശ്രമം വിഫലമായി. സ്റ്റേഡിയത്തിലെ അര്‍ജന്റീന ആരാധകര്‍ പലരും തലയില്‍ കൈവെച്ച് നിരാശരാവുന്നത് കാണാമായിരുന്നു. ലയണല്‍ മെസ്സിയുടെ പെനാല്‍ട്ടി ഗോള്‍ ഊര്‍ജ്ജമായെടുത്ത അര്‍ജന്റീന പിന്നീട് ഓഫ്സൈഡ് കെണിയില്‍ എതിരാളികളെ കുടുക്കാന്‍ ശ്രമിച്ചിരുന്നു. മൂന്നു വര്‍ഷം മുമ്പ് കോപ്പ അമേരിക്കയില്‍ ബ്രസീലിനോട് തോറ്റ അനുഭവം മാത്രമുള്ള തുടര്‍ന്നുള്ള എല്ലാ കളികളും വിജയരഥത്തിലായിരുന്നു. പക്ഷെ ഖത്തര്‍ ലോകകപ്പിലെ ആദ്യമത്സരത്തില്‍ തന്നെ അര്‍ജന്റീനക്ക് അടിപതറി. പക്ഷെ സഊദിഅറേബ്യയാവട്ടെ ചരിത്രത്തിലേക്ക് ഖത്തര്‍ ലോകപ്പിലൂടെ രിഹ്ല പായിച്ചു, രണ്ട് ഗോളിലൂടെ.