X

എണ്ണകപ്പലിനു നേരെ ഹൂത്തി വിമതരുടെ ആക്രമണം: ചെങ്കടല്‍ വഴിയുള്ള എണ്ണ വ്യാപാരം സഊദി നിര്‍ത്തി; അമേരിക്കക്ക് തിരിച്ചടി

റിയാദ്: സഊദി അറേബ്യ ചെങ്കടല്‍ വഴിയുള്ള എണ്ണ വ്യാപാരം നിര്‍ത്തിവെച്ചു. യമനിലെ ഹൂത്തി വിമതരുടെ ആക്രമണത്തെ തുടര്‍ന്ന് ചെങ്കടലിലെ ബാബുല്‍ മന്തിബ് വഴിയുള്ള എണ്ണ കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയാണെന്ന് സഊദി ഊര്‍ജ്ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് അറിയിക്കുകയായിരുന്നു. ഇതുവഴിയുള്ള യാത്ര സുരക്ഷിതമാവുന്നതു വരെ കയറ്റുമതി നിര്‍ത്തിവെക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

സഊദിയുടെ രണ്ട് എണ്ണക്കപ്പലുകള്‍ക്കു നേരെയാണ് ഹുദൈദ തുറമുഖത്തിന് സമീപത്തുവെച്ച് ഹൂത്തി വിമതര്‍ ആക്രമിച്ചത്. രണ്ട് ദശലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണയുമായി പോവുകയായിരുന്ന വലിയ കപ്പലുകള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ആളപായമുണ്ടായിട്ടില്ല. ഒരു കപ്പലിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും എണ്ണ ചോര്‍ച്ചയോ മറ്റു പ്രശ്നങ്ങളോ ഉണ്ടായിട്ടില്ലെന്നും എണ്ണക്കമ്പനിയായ ആരാംകോ വ്യക്തമാക്കി. ആക്രമിക്കപ്പെട്ടതായ അറബ് സഖ്യസേനയും സമ്മതിച്ചുവെങ്കിലും എങ്ങനെയാണ് ആക്രമിക്കപ്പെട്ടതെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. സഖ്യസൈന്യത്തിന്റെ അടിയന്തര ഇടപടലാണ് കൂടുതല്‍ നാശനഷ്ടങ്ങളില്ലാതെ രക്ഷപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം യമനിന്റെ പടിഞ്ഞാറന്‍ തീരത്ത് സഊദിയുടെ യുദ്ധക്കപ്പല്‍ തങ്ങള്‍ ആക്രമിച്ചതായി ഹൂത്തികള്‍ അവകാശപ്പെട്ടു. മിസൈല്‍ ഉപയോഗിച്ചാല്‍ ദമ്മാം എന്നു പേരിട്ടിരിക്കുന്ന കപ്പല്‍ ആക്രമിച്ചതെന്നും ഹൂത്തികളുടെ അല്‍ മസീറ ടിവി നെറ്റ് വര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തു.

ചെങ്കടല്‍ വഴിയുള്ള കയറ്റുമതി താത്കാലികമായി സഊദി നിര്‍ത്തിവെക്കുന്നതോടെ യൂറോപ്പിലേക്കുള്ള എണ്ണ ഇറക്കുമതിയില്‍ ഗണ്യമായ കുറവ് അനുഭവപ്പെടും. ആണവ കരാറില്‍ നിന്നും അമേരിക്ക പിന്മാറിയതിന് പിന്നാലെ ഇറാനുമായി എണ്ണവ്യാപരത്തില്‍ നിന്നും എല്ലാ രാജ്യങ്ങളോട് പിന്മാര്‍ അമേരിക്ക ആവശ്യപ്പെട്ടിരുന്നു. കൂടാതെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയലിന്റെ ലഭ്യത കുറയാതിരിക്കാന്‍ അമേരിക്കയുമായി നല്ലബന്ധം പുലര്‍ത്തുന്ന സഊദിയോട് കൂടുതല്‍ എണ്ണ ഉത്പാദിക്കാനും അമേരിക്ക അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ചെങ്കടല്‍ വഴിയുള്ള കയറ്റുമതി താത്കാലികമായി സഊദി നിര്‍ത്തിവെക്കുന്നതോടെ അമേരിക്ക ഇറാനെതിരെ കൊണ്ടുവന്ന ഉപരോധം എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയണം.

സഊദിയുടെ പിന്മാറ്റം അന്താരാഷ്ട്ര വിപണിയില്‍ എണ്ണയുടെ വില കുതിച്ചുയരാന്‍ കാരണമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒരു ദിവസം രണ്ടോ മൂന്നോ ദശലക്ഷം ബാരല്‍ എണ്ണയുടെ കുറവു വന്നാല്‍ പോലും അത് അന്താരാഷ്ട്ര വിപണിയെ പ്രതികൂലമായി ബാധിക്കുമെന്ന് എണ്ണ വ്യവസായ മേഖലയിലെ വിദഗ്ധനായ ബോബ് കാവ്നാര്‍ അഭിപ്രായപ്പെട്ടു.

 

chandrika: