അഷ്‌റഫ് വേങ്ങാട്ട്
റിയാദ് – കോടിക്കണക്കിന്ന് റിയാൽ ഹവാല വഴി വിദേശത്തേക്കയച്ച സംഘത്തെ പിടികൂടിയതായി രാജ്യത്തെ പ്രത്യേക അഴിമതി വിരുദ്ധ സമിതി വെളിപ്പെടുത്തി. 1,159 കോടിയിലേറെ റിയാല്‍ നിയമവിരുദ്ധമായി വിദേശങ്ങളിലേക്ക് അയച്ച സംഘത്തെയാണ് അറസ്റ്റ് ചെയ്‌തത് . സംഘത്തിൽ ഇന്ത്യക്കാരുള്ളതായി സംശയമുണ്ട്. സംഘത്തിൽപ്പെട്ട അഞ്ച് പേരെ ഒരു കോടിയോളം റിയാലുമായി ബാങ്കിലേക്ക് പോകുന്നതിനിടെയാണ് അധികൃതർ വലയിലാക്കിയത്. ഇവരെ പിടികൂടുന്ന ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ കണ്‍ട്രോള്‍ ആന്റ് ആന്റി-കറപ്ഷന്‍ കമ്മീഷന്‍ പുറത്തുവിട്ടിരുന്നു. കാര്‍ തടഞ്ഞുനിര്‍ത്തി സംഘത്തെ അറസ്റ്റ് ചെയ്യുന്നതിന്റെയും പിന്നീട് ഇന്ത്യക്കാരുടെ താവളത്തില്‍ പരിശോധന നടത്തുന്നതിന്റെയും നോട്ടുകെട്ടുകള്‍ കണ്ടെടുക്കുന്നതിന്റെയും പണം എണ്ണി തിട്ടപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങള്‍ അടങ്ങിയ ക്ലിപ്പിംഗ് ആണ് അന്വേഷണ സംഘം പുറത്തുവിട്ടത്.
നിയമ വിരുദ്ധമായി 1,159 കോടിയിലേറെ റിയാല്‍ വിദേശങ്ങളിലേക്ക് അയച്ച സംഘത്തെയാണ് അറസ്റ്റ് ചെയ്തതെന്ന് കമ്മീഷന്‍ അറിയിച്ചു. ഇവരിൽ വ്യവസായികളും സഊദി പൗരന്മാരും വിദേശികളും ബാങ്ക് ഉദ്യോഗസ്ഥരും അടക്കം കേസില്‍ ആകെ 32 പ്രതികളാണുള്ളത്. ബിനാമി ബിസിനസ്, കൈക്കൂലി , വ്യാജ രേഖ നിർമ്മാണം, പണം വെളുപ്പിക്കൽ എന്നീ കേസുകളിൽ ഇവർക്ക് പങ്കുള്ളതായി അധികൃതർ കണ്ടെത്തിയിട്ടുണ്ട്. ഇടപാടുകളിൽ സംശയം തോന്നിയതിനെ തുടർന്ന് സഊദി സെന്‍ട്രല്‍ ബാങ്കുമായി സഹകരിച്ചാണ് സംഘത്തെ കുരുക്കിയത്. 9784268 റിയാലാണ് ബാങ്കിലേക്ക് നിക്ഷേപിക്കാനായി അഞ്ചംഗ സംഘം ബാഗിലാക്കി കാറിൽ സൂക്ഷിച്ചിരുന്നത്. പിടികൂടിയവരിൽ മലയാളികളുമുണ്ടെന്നാണ് ദൃശ്യങ്ങളിൽ നിന്ന് മനസ്സിലാകുന്നത് . സഊദി പൗരന്മാർ തങ്ങളുടെ പേരിൽ ബാങ്ക് അക്കൗണ്ട് തുറന്ന് വിദേശികൾക്ക് ഉപയോഗിക്കാൻ നൽകുകയും മാസത്തിൽ നിശ്ചിത തുക ഈടാക്കുകയും ചെയ്തുവെന്നാണ് കണ്ടെത്തിയത്. ഇങ്ങിനെ ഉറവിട മറിയാത്ത പണം അക്കൗണ്ടുകളിൽ നിക്ഷേപിക്കാൻ വിദേശികളെ സഹായിച്ച ബാങ്ക് ഉദ്യോഗസ്ഥരും കുടുങ്ങി.
സഊദി സെൻട്രൽ ബാങ്ക് നടപ്പാക്കിയ പുനഃപരിശോധനാ നയങ്ങളുടെയും അഴിമതി വിരുദ്ധ കമ്മീഷനില്‍ സേവനമനുഷ്ഠിക്കുന്ന വിദഗ്ധരുടെ പ്രൊഫഷനലിസത്തിന്റെയും ഫലമായാണ് പ്രതികളുടെ കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയത്. കുറ്റകൃത്യത്തിന്റെ സ്വഭാവത്തിനും പങ്കിനനുമനുസരിച്ച് ഓരോ പ്രതികള്‍ക്കും വ്യത്യസ്ത ശിക്ഷകളാണ് ലഭിക്കുക. കൈക്കൂലി, വ്യാജ രേഖാ നിര്‍മാണം, ബിനാമി ബിസിനസ് അടക്കമുള്ള കുറ്റകൃത്യങ്ങളിലാണ് സംഘത്തില്‍ പെട്ടവര്‍ക്ക് പങ്കുള്ളതെന്നും കണ്‍ട്രോള്‍ ആന്റ് ആന്റി-കറപ്ഷന്‍ കമ്മീഷന്‍ വക്താവ് അഹ്മദ് അല്‍ഹുസൈന്‍ പറഞ്ഞു. സംശയകരമായ നിലയില്‍ വിദേശങ്ങളിലേക്കുള്ള പണമയക്കല്‍ ഇടപാടുകള്‍ കണ്ടെത്താന്‍ സെന്‍ട്രല്‍ ബാങ്ക് സൂക്ഷ്മവും കൃത്യവുമായ മാനദണ്ഡങ്ങളും നയങ്ങളും വ്യവസ്ഥകളും തയാറാക്കായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.