അഷ്‌റഫ് വേങ്ങാട്ട്
റിയാദ്: സഊദിയിൽ സന്ദർശന വിസയിലെത്തുന്നവർക്ക് സന്തോഷ വാർത്ത. ആറ് മാസം വരെ വിസ ഓൺലൈനിൽ പുതുക്കാൻ അവസരം നൽകിയതായി സഊദി ജവാസാത്ത് (പാസ്പോർട്ട് വിഭാഗം) അറിയിച്ചു. ഫാമിലി , ബിസ്‌നസ്, വ്യക്തിഗത സന്ദർശന വിസകൾക്കാണ് ഇത്തരത്തിൽ പുതുക്കാനുള്ള അവസരമുണ്ടാവുക. നിലവിൽ വിസിറ്റിംഗ് വിസയിലെത്തുന്നവർക്ക് മൂന്ന് മാസത്തെ കാലാവധിയാണ് ലഭിക്കുന്നത്. മൂന്ന് മാസത്തെ സമയം പൂർത്തിയാകുന്നതിന് മുമ്പേ രാജ്യത്തിന് പുറത്ത് പോയി വിസ പുതുക്കി മടങ്ങി വരേണ്ട സാഹചര്യമാണ് ഉണ്ടായിരുന്നത്.
100 റിയാലായിരിക്കും പുതുക്കാനുള്ള ഫീസ്.
പുതിയ നിയമം വന്നതോടെ ആറ് മാസം വരെ രാജ്യത്ത് തങ്ങാനും മൂന്ന് മാസം പൂർത്തിയാകും മുമ്പേ ഓൺലൈൻ വഴി അപേക്ഷ നൽകി പുതുക്കാനും കഴിയും. പിന്നീട് 180 ദിവസം കഴിയുന്ന പക്ഷം രാജ്യത്തിന് പുറത്ത് പോയി വേണം വിസ പുതുക്കാൻ മൾട്ടിപ്പിൾ വിസക്ക് മൂന്ന് മാസത്തേക്കുള്ള ആരോഗ്യ ഇൻഷുറൻസ് എടുക്കൽ നിർബന്ധമാണ്. ചില സമയങ്ങളിൽ മൾട്ടിപ്പിൾ വിസ ഓൺലൈൻ വഴി പുതുക്കാൻ സാധിക്കില്ല.
അത്തരം സാഹചര്യത്തിൽ തവസുൽ വഴി അപേക്ഷ നൽകണമെന്നാണ് ജവാസാത്ത് വിഭാഗം അറിയിച്ചിട്ടുള്ളത് . സിംഗിൾ എൻട്രി വിസിറ്റിംഗ് വിസകൾ മുപ്പത് ദിവസത്തിനകവും മൾട്ടിപ്പിൾ എൻട്രി വിസിറ്റിംഗ് വിസകൾ ഓരോ 90 ദിവസത്തിനകവുമാണ് പുതുക്കേണ്ടത്. വിസയുടെ കാലാവധി അവസാനിക്കുന്നതിന് ഏഴ് ദിവസം മുമ്പേ ജവാസത്തിൽ നിന്ന് പുതുക്കാൻ സന്ദേശമെത്തും.