അഷ്‌റഫ് വേങ്ങാട്ട്
റിയാദ് : സഊദിയിലേക്ക് തൊഴിൽ വിസയടിക്കാൻ നൽകിയവർക്ക് ഒരു മാസത്തേക്ക് താൽക്കാലിക ആശ്വാസം. തൊഴിൽ വിസ പാസ്‌പോർട്ടിൽ സ്റ്റാമ്പ് ചെയ്യാൻ ആദ്യം വിരലടയാളം നൽകി ബയോമെട്രിക് നടപടികൾ പൂർത്തിയാക്കണമെന്ന തീരുമാനം നടപ്പിലാക്കുന്നത് ജൂൺ 28 വരെ നീട്ടിവെച്ചു. അതേസമയം വിസിറ്റിംഗ് വിസക്കാർക്ക് നീട്ടിയ ഈ ആനുകൂല്യം ലഭിക്കില്ല. വിസിറ്റിംഗ് വിസക്ക് അപേക്ഷിച്ചവർ സ്റ്റാമ്പിങ്ങിന് മുമ്പായി വിരലടയാളം നിർബന്ധമായും പൂർത്തിയാക്കണമെന്നും മുംബൈയിലെ സഊദി കോൺസുലേറ്റ് അറിയിച്ചു. ഇന്ന് മുതൽ വിരലടയാളം നൽകാത്തവർക്ക് തൊഴിൽ വിസയുൾപ്പടെ സ്റ്റാമ്പ് ചെയ്തു നൽകില്ലെന്നായിരുന്നു നേരത്തെ കോൺസുലേറ്റ് ട്രാവൽ ഏജൻസികളെ അറിയിച്ചിരുന്നത്.
എന്നാൽ സന്ദർശക വിസക്കാർ നിർബന്ധമായും വി എഫ് എസ് കേന്ദ്രങ്ങളിലെത്തി ഈ നടപടികൾ പൂർത്തിയാക്കണം. എങ്കിൽ മാത്രമേ വിസ സ്റ്റാമ്പ് ചെയ്തു നൽകുകയുള്ളൂവെന്ന് കോൺസുലേറ്റ് വ്യക്തമാക്കി.
ഇനിയൊരു മാസം കഴിഞ്ഞായാലും ഈ നിബന്ധന നടപ്പിലാകുന്നതോടെ സഊദിയിലേക്ക് തൊഴിൽ തേടി പോകുന്നവർ വിസയടിക്കാൻ ഏറെ പ്രയാസം നേരിടേണ്ടി വരും. രാജ്യത്ത് ഓരോ സംസ്ഥാനങ്ങളിലും ഓരോ വി എഫ് എസ് സെന്റർ മാത്രമാണ് നിലവിലുള്ളതെന്നിരിക്കെ ആ സംസ്ഥാനത്തുള്ള ആയിരങ്ങൾ ഈയൊരു സെന്ററിനെ മാത്രം ആശ്രയിക്കേണ്ട സാഹചര്യമാണുള്ളത്. കേരളത്തിൽ കൊച്ചിയിൽ മാത്രമാണ് നിലവിൽ വി എഫ് എസ് സെന്റർ പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ നിന്നാണ് സഊദിയിലേക്ക് കൂടുതൽ പേർ തൊഴിൽ തേടി പോകുന്നത് എന്നത് കൊണ്ട് തന്നെ വി എഫ് എസ് സെന്ററിന്റെ ശാഖകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തുറക്കണമെന്നാണ് പ്രവാസികൾ ഉൾപ്പെടെയുളളവരുടെ ആവശ്യം. അല്ലാത്ത പക്ഷം സഊദിയെ തേടിപോകുന്നവർ കനത്ത പ്രതിസന്ധിയിലാകും.
രാജ്യത്തേക്ക് വിസയടിക്കുന്നതിന് മുമ്പായി ബയോമെട്രിക് നടപടികൾ പൂർത്തിയാക്കാനുള്ള ആലോചന സഊദി തുടങ്ങിയിട്ട് വർഷങ്ങളായി. ഈ സംവിധാനം നടപ്പിലാക്കുന്നതിന്റെ മുന്നോടിയായുള്ള ക്രമീകരണങ്ങൾ നേരത്തെ തന്നെ തുടക്കമിട്ടിരുന്നു. നിലവിൽ വിസയുമായി സഊദിയിലെ വിമാനത്താവളങ്ങളിൽ എത്തുന്ന മുറക്കാണ് ബയോമെട്രിക് നടപടികൾ പൂർത്തിയാക്കുന്നത്. ഇതുമൂലം വിമാനത്താവളങ്ങളിലെ സേവനങ്ങൾക്കും ചെറിയൊരു കാലതാമസം നേരിടുന്ന സാഹചര്യമുണ്ട്. ഇതൊഴിവാക്കി യാത്രക്കാർക്ക് നിമിഷങ്ങൾക്കകം നടപടികള പൂർത്തിയാക്കി രാജ്യത്തിറങ്ങാനുള്ള പദ്ധതി കൂടിയാണ് പുതിയ തീരുമാനത്തിന് പിന്നിലെന്ന് കരുതുന്നു . അതോടൊപ്പം ഓരോ രാജ്യത്തെയും പൗരന്മാരുടെ വിരലടയാളം അതാത് രാജ്യത്ത് വെച്ച് തന്നെ ശേഖരിക്കുന്നതോടെ ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് വിസ നൽകുന്നത് തടയാൻ സാധിക്കുമെന്നതാണ് ഇതുമൂലമുള്ള നേട്ടമായി വിലയിരുത്തിയിരുന്നത് .