X
    Categories: MoreViews

സഊദി ടൂറിസ്റ്റ് വിസ വിശദാംശങ്ങള്‍ മാര്‍ച്ച് അവസാനത്തില്‍

റിയാദ്: സഊദി ടൂറിസ്റ്റ് വിസ വിശദാംശങ്ങള്‍ മാര്‍ച്ച് അവസാനത്തില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് സഊദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെരിറ്റേജ് അറിയിച്ചു. ടൂറിസ്റ്റ് വിസയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പൂര്‍ണമായും ശരിയല്ല. അന്തിമമായി തീരുമാനത്തിലെത്താത്ത ആലോചനകളെയും ചര്‍ച്ചകളെയും ഭാഗികമായി അവലംബിച്ചാണ് ഈ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. ടൂറിസ്റ്റ് വിസ ഇഷ്യു ചെയ്ത് തുടങ്ങുന്നതിന് ആഭ്യന്തര, വിദേശ മന്ത്രാലയങ്ങളുമായി പൂര്‍ണ തോതില്‍ ഏകോപനം നടത്തി ഒരുക്കങ്ങള്‍ നടന്നുവരികയാണ്.
ടൂറിസ്റ്റ് വിസ നിയമാവലി തയാറാക്കുന്നതിന് കമ്മീഷനെയും ആഭ്യന്തര, വിദേശ മന്ത്രാലയങ്ങളെയും ഉള്‍പ്പെടുത്തി ജോയിന്റ് വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. വിസ നിയമവും വിസയുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ഈ വര്‍ഷം ആദ്യ പാദത്തിന്റെ അവസാനത്തില്‍ പ്രഖ്യാപിക്കും. ഇവ കമ്മീഷന്‍ വെബ്‌സൈറ്റിലും ഔദ്യോഗിക ഗസറ്റിലും പരസ്യപ്പെടുത്തും. ആദ്യ ഘട്ടത്തില്‍ അംഗീകാരമുള്ള ഓപ്പറേറ്റര്‍മാര്‍ വഴി ടൂറിസ്റ്റുകള്‍ക്ക് ഇ-വിസ അനുവദിക്കുമെന്നും കമ്മീഷന്‍ പറഞ്ഞു.
ചുരുങ്ങിയത് ഇരുപത്തിയഞ്ച് വയസെങ്കിലും പ്രായമുള്ള വിദേശ വനിതകള്‍ക്ക് അടുത്ത ബന്ധുക്കള്‍ ഒപ്പമില്ലാതെയും ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് ഈ മാസാദ്യം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുപ്പത് ദിവസ കാലാവധിയുള്ള, സിംഗിള്‍ എന്‍ട്രി വിസയാണ് വിനോദ സഞ്ചാരികള്‍ക്ക് അനുവദിക്കുക. ഇത് നിലവിലെ തൊഴില്‍, ഹജ്ജ്, ഉംറ വിസകളില്‍ നിന്ന് വ്യത്യസ്തമായിരിക്കും. ബന്ധുക്കള്‍ ഒപ്പമില്ലാത്ത വനിതകള്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുന്നതിന് അവരുടെ പ്രായം മുപ്പതില്‍ കുറയാന്‍ പാടില്ലെന്ന വ്യവസ്ഥ ബാധകമാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ടൂറിസം മേഖല വിദേശികള്‍ക്ക് മുന്നില്‍ തുറന്നുകൊടുക്കുന്നതിന് മുന്നോടിയായി ഈ മേഖലയില്‍ സഊദി അറേബ്യ ബൃഹദ് പദ്ധതികള്‍ നടപ്പാക്കിവരികയാണ്. മക്കയിലെയും മദീനയിലെയും ഇസ്‌ലാമിക ചരിത്ര കേന്ദ്രങ്ങളല്ലാത്ത ടൂറിസം മേഖല വിദേശികള്‍ക്ക് തുറന്നുകൊടുക്കുന്നതിലൂടെ സ്വദേശികള്‍ക്ക് നിരവധി തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന് സാധിക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ചെങ്കടലിലെ 50 ഓളം ദ്വീപുകളില്‍ റിസോര്‍ട്ടുകള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതി ആഗസ്ത് ഒന്നിന് കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചിരുന്നു. ലോകത്തെ മുന്‍നിര ഹോട്ടല്‍, റിസോര്‍ട്ട് കമ്പനികളുമായി പങ്കാളിത്തം സ്ഥാപിച്ചാണ് റെഡ് സീ എന്ന് പേരിട്ട പദ്ധതി നടപ്പാക്കുക. വിനോദ സഞ്ചാര വ്യവസായ മേഖലയുടെ വളര്‍ച്ച ലക്ഷ്യമിട്ട് നിയോം പദ്ധതി, ഖിദ്‌യ പദ്ധതി അടക്കമുള്ള മറ്റേതാനും വന്‍കിട പദ്ധതികളും സഊദി അറേബ്യ പ്രഖ്യാപിച്ചിട്ടുണ്ട്. സഊദി അറേബ്യ, ഈജിപ്ത്, ജോര്‍ദാന്‍ എന്നീ മൂന്ന് രാജ്യങ്ങളില്‍ 26,500 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള പ്രദേശത്ത് നടപ്പാക്കുന്ന നിയോം പദ്ധതിയില്‍ 50,000 കോടി ഡോളര്‍ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്.

chandrika: