Categories: Culture

എണ്ണ ടാങ്കർ ആക്രമണം: ഇറാനെ പേരെടുത്തു പറയാതെ സൗദി, യു.എ.ഇ റിപ്പോർട്ട്

ന്യൂയോർക്ക്: കടലിൽ എണ്ണ ടാങ്കറുകൾക്കു നേരെയുണ്ടായ ആക്രമണങ്ങൾക്കു പിന്നിൽ ഒരു രാജ്യം ആയിരിക്കാമെന്ന് യു.എ.ഇയും സൗദി അറേബ്യയും. ആക്രമണം സംബന്ധിച്ച പ്രാഥമിക അന്വേഷണം വിരൽ ചൂണ്ടുന്നത് സംഭവത്തിനു പിന്നിൽ ഒരു രാജ്യത്തിന് പങ്കുണ്ടെന്നതിലേക്കാണെന്ന് ഐക്യ രാഷ്ട്രസഭ സുരക്ഷാ കൗൺസിലിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ആക്രമണത്തിനു പിന്നിൽ ഇറാനാണെന്ന് അമേരിക്കയുടെ ആരോപണമുണ്ടായിരിക്കെ, ഇറാനെ പേരെടുത്തു പറയാതെയാണ് പ്രാഥമികാന്വേഷണ റിപ്പോർട്ട് സുരക്ഷാ കൗൺസിലിന് കൈമാറിയിരിക്കുന്നത്.

യു.എ.ഇയിലെ ഫുജൈറക്കു സമീപം കടലിൽ മെയ് 12-നാണ് നാല് എണ്ണ ടാങ്കർ കപ്പലുകൾ ആക്രമിക്കപ്പെട്ടത്. സൗദിയുടെ രണ്ടും യു.എ.ഇ, നോർവേ രാജ്യങ്ങളുടെ ഓരോന്നു വീതവും കപ്പലുകളാണ് ലിംപറ്റ് മൈൻ ആക്രമണത്തിന് ഇരയായത്. ഇറാനും അമേരിക്കക്കുമിടയിലെ സംഘർഷം മൂർച്ഛിക്കുന്നതിനെയായിരുന്നു ഇത്. ആക്രമണത്തിനു പിന്നിൽ ഇറാൻ ആണെന്ന് അമേരിക്ക ആരോപിച്ചെങ്കിലും ഇറാൻ നിഷേധിച്ചു. യു.എ.ഇ, സൗദി, നോർവേ രാജ്യങ്ങളുടെ പ്രതിനിധികളാണ് സംഭവത്തെപ്പറ്റി അന്വേഷണം നടത്തുന്നത്.

കപ്പലുകളിൽ കൃത്യതയോടെ മൈൻ സ്ഥാപിക്കണമെങ്കിൽ വേഗതയുള്ള ബോട്ടുകളും പരിശീലനം നേടിയ മുങ്ങൽ വിദഗ്ധരും ആവശ്യമാണെന്നും ഒരു രാജ്യം പോലെ വ്യവസ്ഥാപിതമായ സംവിധാനത്തിനു മാത്രമേ ഇത്തരത്തിലുള്ള ആക്രമണം ആസൂത്രണം ചെയ്യാൻ കഴിയൂ എന്നും പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. നാല് മൈനുകളും ഒരു മണിക്കൂറിൽ താഴെ സമയം കൊണ്ടാണ് പൊട്ടിത്തെറിച്ചത് എന്നത് ആക്രമണത്തിന്റെ ആസൂത്രണം വ്യക്തമാക്കുന്നു.

റിപ്പോർട്ടിൽ പേര് പറഞ്ഞില്ലെങ്കിലും ആക്രമണത്തിന് ഉത്തരവാദി ഇറാൻ ആയിരിക്കാമെന്ന് സൗദി ആരോപിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്തം ഇറാന്റെ ചുമലിലാണെന്ന് പറയാൻ തങ്ങൾക്ക് മടിയില്ലെന്ന് ഐക്യ രാഷ്ട്രസഭയിലെ സൗദി അംബാസഡർ അബ്ദുല്ലാ അൽ മുഅല്ലിമി ന്യൂയോർക്കിൽ പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌:
whatsapp
line