റിയാദ്: സഊദി സ്വദേശികള്‍ക്ക് വിദേശ യാത്രാനുമതി നല്‍കുന്ന സേവനം പുനരാരംഭിച്ചു. ഇതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോമായ അബ്ശിര്‍ സംവിധാനം ഉപയോഗപ്പെടുത്താമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.
സഊദി വിദ്യാര്‍ഥികള്‍ക്കായുള്ള വിദേശ യാത്രാനുമതിയാണ് അബ്ശിര്‍ വഴി ആദ്യം നല്‍കിയത്. പിന്നീട് എല്ലാവര്‍ക്കും യാത്രാനുമതി നല്‍കുന്നതിനായി ഈ സേവനം നിര്‍ത്തിവച്ചിരുന്നു. എല്ലാ ആളുകള്‍ക്കും യാത്രാനുമതി ലഭിക്കുന്നതിനായാണ് തല്‍ക്കാലം നിര്‍ത്തിവച്ചിരുന്നത്.
ഇതിനകം തന്നെ സഊദി ഘട്ടംഘട്ടമായി അതിന്റെ വാതിലുകള്‍ തുറന്നിരുന്നു. ജനുവരി ഒന്നാകുന്നതോടെ സഊദിയിലേക്കുള്ള യാത്രാ നിയന്ത്രണങ്ങള്‍ പൂര്‍ണ തോതില്‍ എടുത്തുകളയാനും വിദേശ സര്‍വീസുകള്‍ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതോടൊപ്പം സഊദി അറേബ്യക്ക് പുറത്തേക്ക് യാത്ര പോകാനും വിദേശത്ത് നിന്ന് രാജ്യത്തേക്ക് തിരിച്ചു വരാനും സ്വദേശികളില്‍ പെട്ട ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്. ഈ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് അബ്ശിര്‍ വഴി വിദേശ യാത്രാനുമതി നല്‍കുന്ന സേവനം നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി സഹകരിച്ചാണ് ജവാസാത്ത് ഡയറക്ടറേറ്റ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.