X
    Categories: main stories

ഒരാഴ്ച യാത്രാവിലക്ക്; ആവശ്യമെങ്കിൽ നീട്ടും അതിർത്തികൾ വീണ്ടുമടച്ച് സഊദി; പ്രവാസികൾ ആശങ്കയിൽ

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : സഊദി വീണ്ടും യാത്രാവിലക്ക് ഏർപ്പെടുത്തി. ഒരാഴ്ച്ച കാലത്തേക്ക് കര, നാവിക, വ്യോമ അതിർത്തികൾ അടച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആവശ്യമെങ്കിൽ വിലക്ക് നീട്ടുമെന്നും സൂചനയുണ്ട്. കോവിഡ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും പടരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കമെന്നും രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യ സുരക്ഷ മുൻനിർത്തിയുള്ള തീരുമാനമാണിതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച അർദ്ധ രാത്രി മുതൽ തന്നെ യാത്രാവിലക്ക് നടപ്പിലാകും.

കഴിഞ്ഞ സെപ്റ്റംബർ മുതൽ ഭാഗികമായി പുനരാരംഭിച്ചിരുന്ന അന്തരാഷ്ട്ര വിമാന സർവീസുകൾ ഇതോടെ ഒരാഴ്‌ചത്തേക്ക് പൂർണമായും നിലക്കും.
ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം അന്താരാഷ്ട്ര വിമാന സർവീസുകൾ ഒരാഴ്ച്ചത്തേക്ക് റദ്ദാക്കി. അത്യാവശ്യഘട്ടങ്ങളിലുള്ള യാത്രകൾ അനുവദിക്കും. അതുപോലെ നിലവിൽ സഊദിയിലെത്തിയ വിദേശ വിമാനങ്ങൾക്ക് തിരിച്ചുപോകാം. കര, നാവിക അതിർത്തികളിലൂടെയുള്ള യാത്രയും അടുത്ത ഒരാഴ്ചത്തേക്ക് റദ്ദാക്കി. ആവശ്യമെങ്കിൽ ഒരാഴ്ച കൂടി തുടരും. യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് ഡിസംബർ 8ന് ശേഷം സഊദിയിൽ എത്തിയവർ രണ്ടാഴ്ച ക്വാറന്റൈനിൻ കഴിയണം. ക്വാറന്റൈൻ സമയം ഓരോ അഞ്ചുദിവസം കോവിഡ് ടെസ്റ്റ് ചെയ്യണം.

യൂറോപ്പിൽ കഴിഞ്ഞ മൂന്നു മാസത്തിനിടെ സന്ദർശനം നടത്തിയവരും  കോവിഡ് ടെസ്റ്റിന് വിധേയരാവണം. ചരക്ക് നീക്കവും വൈറസ് ബാധയില്ലാത്ത രാജ്യങ്ങളിലേക്കുള്ള സഹായ വിതരണവും തടസ്സമില്ലാതെ തുടരും. ഇപ്പോഴുള്ള നടപടികള്‍ പുനഃപരിശോധിക്കാന്‍ ആരോഗ്യമന്ത്രാലയത്തിന് അധികാരമുണ്ടായിരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു .

യാത്ര വിലക്ക് വീണ്ടും തുടരാനുള്ള തീരുമാനം പ്രവാസികൾ ഞെട്ടലോടെയാണ് ശ്രവിച്ചത്. സഊദിയിലെ കോവിഡ് വ്യാപനം പൂർണമായി നിയന്ത്രണത്തിലായ സാഹചര്യത്തിൽ യാത്രാവിലക്കിന്ന് അറുതിയാകുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവാസികൾ. ജനുവരി മുതൽ രാജ്യാതിർത്തികൾ പൂർണമായി തുറക്കുമെന്നായിരുന്നു കരുതിയത്. വിമാന സർവീസ് ഉടനെ ആരംഭിച്ചേക്കുമെന്ന ധാരണയിൽ കുടുംബങ്ങളടക്കം ഒട്ടേറെ പേർ ഈയടുത്ത് നാട്ടിലേക്ക് അവധിക്ക് പോയിരുന്നു. കൂടാതെ ദുബായ് വഴി സഊദിയിലേക്ക് പുറപ്പെട്ട വിദ്യാർത്ഥികളടക്കമുള്ള നിരവധി പേർ ദുബായിൽ കുടുങ്ങി. 14 ദിവസത്തെ കൊറന്റൈൻ പൂർത്തിയാക്കിയവർ തന്നെ നൂറുകണക്കിന്ന് പ്രവാസികൾ ഉണ്ടെന്നാണ് കരുതുന്നത്. സഊദിയിൽ നിന്ന് ദുബൈയിലേക്ക് യാത്ര പോയവരും വിലക്ക് മൂലം തിരിച്ചു പോരാനാകാതെ കുടുങ്ങിയതായാണ് വിവരം. വിലക്ക് വീണ്ടും പഴയ പടി അനിശ്ചിതമായി തുടരുമോ എന്ന കനത്ത ആശങ്കയിലാണ് സഊദിയിലെ പ്രവാസി സമൂഹം.

ഇന്ത്യയടക്കമുള്ള ചില രാജ്യങ്ങളൊഴികെ മറ്റു രാജ്യങ്ങളിൽ നിന്ന് കഴിഞ്ഞ സെപ്റ്റംബർ മുതൽ വിമാന സർവീസ് ഭാഗികമായി പുനാരാരംഭിച്ചിരുന്നു . കോവിഡ് കേസുകൾ ഇപ്പോഴും കൂടുതലുള്ളതിനാൽ ഇന്ത്യ, അർജന്റീന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലേക്ക് പ്രത്യേക വിമാനങ്ങളല്ലാതെ സാധാരണ വിമാന സർവീസുകൾക്ക് സഊദി അനുമതി നൽകിയിരുന്നില്ല. ഇന്ത്യയിൽ നിന്ന് സഊദിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കുന്നത് സംബന്ധിച്ച് ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സയീദ് സഊദി സിവിൽ ഏവിയേഷൻ അതോറിറ്റി മേധാവി അബ്ദുൽ ഹാദി മൻസൂരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു . ഇരു രാജ്യങ്ങളും തമ്മിൽ എയർ ബബ്ൾ കരാർ പ്രകാരമുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ചുള്ള ചർച്ച പുരോഗതിയിലായിരുന്നു. അതിനിടെയാണ് വീണ്ടും വിലക്ക് ഏർപെടുത്തിയുള്ള വാർത്ത ഇന്ന് അർധരാത്രിയോടെ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടത് .

ചന്ദ്രിക വെബ് ഡെസ്‌ക്‌: