റിയാദ്: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് സൗദി ഒരാഴ്ചത്തേക്ക് കൂടി നീട്ടി. കഴിഞ്ഞ 21 മുതലാണ് അകത്തേക്കും പുറത്തേക്കുമുള്ള രാജ്യാന്തര യാത്രകള്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവച്ചത്. ആ അവധി ഇന്ന് തീരുന്ന പശ്ചാത്തലത്തിലാണ് ഒരാഴ്ചത്തേക്ക് കൂടി വിലക്ക് തുടരുമെന്ന് അഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
കര, കടല്‍, വ്യോമ അതിര്‍ത്തികള്‍ വഴിയുള്ള ഏതു യാത്രയും രാജ്യത്തിനകത്തേക്ക് അനുവദിക്കില്ല. ചരക്കുകള്‍ക്കും മറ്റു നീക്കവും വാണിജ്യ സര്‍വീസുകള്‍ക്കും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിലക്ക് തുടരും. അതേസമയം സൗദിയില്‍ ഉള്ള പ്രവാസികള്‍ക്ക് സ്വദേശത്തേക്കു മടങ്ങുന്നതിന് വിദേശ വിമാനങ്ങള്‍ക്ക് പുറത്തേക്ക് സഞ്ചരിക്കാന്‍ ഇന്നലെ സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ സര്‍ക്കുലര്‍ മുഖേന അനുമതി നല്‍കിയിട്ടുണ്ട്.
ഇപ്രകാരം സ്വദേശി പൗരന്മാര്‍ക്ക് രാജ്യത്തിനു പുറത്തേക്ക് പോകാനാകില്ല. പുതിയ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചെങ്കിലും ഇതുവരെ വൈറസ് വകഭേദം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്ഥിതിഗതികള്‍ വിലയിരുത്തി പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷ ഉറപ്പാക്കാനും യോജിച്ച സമയത്ത് അതിര്‍ത്തികള്‍ തുറക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണെന്ന് മന്ത്രാലയം അറിയിച്ചു.