അഷ്‌റഫ് വേങ്ങാട്ട്
റിയാദ് : കോവിഡ് വകഭേദം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പടരുന്ന സാഹചര്യത്തില്‍ സഊദി രണ്ടാഴ്ചത്തേക്ക് ഏര്‍പ്പെടുത്തിയിരുന്ന വിമാന യാത്ര വിലക്ക് പൂണ്ണമായും പിന്‍വലിച്ചു. സഊദിയില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് വിമാന സര്‍വീസിന് അനുമതി നല്‍കിയതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചതായി സഊദി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു . ഇതുപ്രകാരം കര നാവിക വ്യോമ അതിര്‍ത്തികള്‍ വഴി ഇന്ന് രാവിലെ 11 മുതല്‍ രാജ്യത്തേക്ക് പ്രവേശിക്കാനുള്ള അനുമതിയാണ് നല്‍കിയത്. കോവിഡ് വകഭേദം സംഭവിച്ച യു കെ , സൗത്ത് ആഫ്രിക്ക, വകഭേദം വന്ന കോവിഡ് വ്യാപിച്ച മറ്റു രാജ്യങ്ങള്‍ തുടങ്ങിയ രാജ്യങ്ങളിലുള്ളവര്‍ക്ക് രാജ്യത്ത് പ്രവേശിക്കാന്‍ നിബന്ധനകളേര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ കോവിഡ് വ്യാപനമില്ലാത്ത രാജ്യങ്ങളില്‍ 14 ദിവസം കഴിയണം. എന്നിട്ടു മാത്രമേ രാജ്യത്തേക്ക് പ്രവേശിക്കാന്‍ പാടുള്ളൂ.
ഈ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയ സഊദി പൗരന്മാര്‍ തിരിച്ചെത്തുമ്പോള്‍ പതിനാല് ദിവസം സ്വന്തം വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയും സഊദിയിലെത്തി 48 മണിക്കൂറിനകം പി സി ആര്‍ ടെസ്റ്റ് ചെയ്യുകയും വേണം. ക്വാറന്റൈന്‍ കഴിയുന്നതിന്റെ തലേ ദിവസം വീണ്ടും ഇതേ ടെസ്റ്റ് നടത്തണം.വകഭേദം വന്ന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത യൂറോപ്യന്‍ രാജ്യങ്ങള്‍ , ഫ്രാന്‍സ് , സ്വീഡന്‍ , സ്‌പെയിന്‍ , ജോര്‍ദാന്‍ , ക്യാനഡ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും നിബന്ധനകള്‍ ബാധകമാകും. അതേസമയം ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസിനെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ നിലവിലുള്ള അവസ്ഥ തുടര്‍ന്നേക്കുമെന്നാണ് സൂചന. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നേരിട്ട് സഊദിയില്‍ ഇറങ്ങാനുള്ള അവസരത്തിന് ഇനിയും കാത്തിരിക്കേണ്ടി വരും
വന്ദേഭാരത് , ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താനുള്ള അനുമതിയുണ്ടാകും. രണ്ടാഴ്ച്ച വിലക്കിനെ തുടര്‍ന്ന് സഊദിയിലേക്കുള്ള വഴിമധ്യേ ദുബായില്‍ കുടുങ്ങിയവര്‍ക്ക് രാജ്യത്തേക്ക് തിരിച്ചു വരാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. യു എ ഇ യിലും കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 24 മണിക്കൂറിനിടെ 1963 കേസുകളാണ് ഇന്നലെ യു എ ഇ യില്‍ കണ്ടെത്തിയത് . കോവിഡ് കാലയളവിലെ യു എ ഇ യിലെ പ്രതിദിന കേസുകളില്‍ ഏറ്റവും കൂടിയ റിപ്പോര്‍ട്ടിങ് ആണിത് .യു എ ഇ വഴി വരുന്നവര്‍ക്ക് ഇതുവരെ നിയന്ത്രണമൊന്നും സഊദി ഏര്‍പ്പെടുത്തിയിട്ടില്ല. അതിനാല്‍ ദുബായ് വഴി വരുന്നവര്‍ക്ക് നേരത്തെ ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ പാലിച്ച് സഊദിയില്‍ തിരിച്ചെത്താനുള്ള അനുമതി നിലവില്‍ ഉണ്ടാകും.