അഷ്‌റഫ് വേങ്ങാട്ട്
റിയാദ് : സഊദിയിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്ന ആയിരകണക്കിന് പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. സഊദി ആരോഗ്യമന്ത്രാലയത്തിന്റെ തവക്കല്‍ന ആപ്പില്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അപ്‌ഡേറ്റ് ചെയ്യാനുള്ള അവസരം ഇന്നുച്ചയ്ക്ക് മുതല്‍ പുനരാരംഭിച്ചു. നേരത്തെ അപ്‌ലോഡ് ചെയ്യുന്നതിനിടെ റിജെക്ട് ആയ ഘട്ടത്തില്‍ വീണ്ടും അപ്‌ലോഡ് ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് നിരവധി പേരെ ബ്ലോക്ക് ആക്കിയ മെസ്സേജ് ലഭിച്ചത്. ഇതുമൂലം നിരവധി പേര്‍ കടുത്ത ആശങ്കയിലായിരുന്നു. തവക്കല്‍നയില്‍ ബ്ലോക്ക് ഒഴിവായ വിവരം അറിഞ്ഞതോടെ ആയിരക്കണക്കിന് പ്രവാസികള്‍ വീണ്ടും അപ്‌ഡേറ്റ് ചെയ്യാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ആവശ്യമായ രേഖകള്‍ കൃത്യമായി അപ്‌ലോഡ് ചെയ്യുന്നതോടൊപ്പം ഡോക്യൂമെന്റിന്റെ ഭാരം പരമാവധി കുറയ്ക്കണമെന്ന് സാങ്കേതിക വിദഗ്ധര്‍ അഭിപ്രയപെടുന്നുണ്ട്.
വലിയൊരു ദുരിതത്തിന് അറുതിയായ ആശ്വാസത്തിലാണ് പ്രവാസികള്‍. നാട്ടില്‍ നിന്ന് വാക്‌സിന്‍ എടുത്തവര്‍ക്ക് തവക്കല്‍നയില്‍ അപ്‌ഡേറ്റ് ചെയ്തു കഴിഞ്ഞാല്‍ മടങ്ങിയെത്തുമ്പോള്‍ സഊദിയില്‍ നിലവിലുള്ള നിര്‍ബന്ധിത ക്വാറന്റൈന്‍ ഒഴിവാകുകയും തവക്കല്‍ന ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ആനുകൂല്യങ്ങള്‍ ലഭിക്കുകയും ചെയ്യും. പ്രവാസികള്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന്റെ കാര്യത്തില്‍ അനുഭവിക്കുന്ന ദുരിതം സഊദി കെഎംസിസി ഭാരവാഹികള്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ എം പി മാരായ ഇ ടി മുഹമ്മദ് ബഷീര്‍, എം പി, അബ്ദുല്‍സമദ് സമദാനി എന്നിവര്‍ കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രിയെ കണ്ട് നയതന്ത്ര തലത്തില്‍ ഇടപെട്ട് പ്രശ്ങ്ങള്‍ തീര്‍ക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയിരുന്നു.
പ്രവാസികളുടെ ഈ ദുരിതത്തിന് ഉടനെ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സഊദി കെഎംസിസിയും വിദേശകാര്യമന്ത്രിക്കും ഇന്ത്യന്‍ അംബാസഡര്‍ക്കും നിവേദനങ്ങള്‍ സമര്‍പ്പിച്ചിരുന്നു. വിഷയം ബന്ധപ്പെട്ട അധികാരികള്‍ക്ക് മുമ്പില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഉടന്‍ പരിഹാരമുണ്ടാകുമെന്നും അംബാസഡര്‍ ഡോ. ഔസാഫ് സയീദ് അറിയിച്ചിരുന്നു.