X

ദുരന്തത്തില്‍ ഐക്യദാര്‍ഢ്യവുമായി സഊദി; ദുരിതാശ്വാസത്തിന് ജനകീയ കാമ്പയിന്‍

അഷ്റഫ് വേങ്ങാട്ട്

റിയാദ് : പതിനായിരത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും രാജ്യത്ത് കനത്ത നാശ നഷ്ടങ്ങളുണ്ടാക്കുകയും ചെയ്ത തുര്‍ക്കിയിലെയും സിറിയയിലെയും ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ്. കഴിഞ്ഞ ദിവസം സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സഊദി മന്ത്രിസഭ അടിയന്തര നീക്കങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു. ദുരന്തത്തില്‍ നിന്ന് മോചിതരാകുന്നതിന് സഊദി ഒപ്പമുണ്ടാകുമെന്ന് കിരീടാവകാശിയും പ്രധാന മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ തുര്‍ക്കി ഭരണാധികാരി മുഹമ്മദ് ഉര്‍ദുഗാനെ ഫോണില്‍ ബന്ധപ്പെട്ട് അറിയിച്ചിരുന്നു. ദുരന്തത്തില്‍ തുര്‍ക്കിയിലെയും സിറിയയിലേയും സര്‍ക്കാരുകളെയും ജനതയെയും മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും സഊദിയുടെ ദുഖവും അനുശോചനവും കിരീടാവകാശി അറിയിച്ചിരുന്നു .

ലോകത്തെ നടുക്കിയ ഭൂകമ്പത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസമെത്തിക്കാനുള്ള സല്‍മാന്‍ രാജാവിന്റെ ആഹ്വാനം വന്‍ വിജയമാക്കാന്‍ സഊദി ഉന്നത പണ്ഡിത സഭ. അപ്രതീക്ഷിതമായ പരീക്ഷണത്തില്‍ തുര്‍ക്കിയിലെയും സിറിയയിലെയും ആലംബഹീനരും നിരാലംബരുമായവര്‍ക്ക് തുണയാകാന്‍ സ്വദേശികളും വിദേശികളും മുന്നോട്ട് വരണമെന്ന് പണ്ഡിത സഭയും സഊദി ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല ആലു ശൈഖും അഭ്യര്‍ത്ഥിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കാന്‍ ദേശീയ ധനസമാഹരണ പദ്ധതിക്ക് കഴിഞ്ഞ ദിവസം സല്‍മാന്‍ രാജാവ് ഉത്തരവിട്ടിരുന്നു.

രാജ്യത്തിന് പുറത്തേക്കുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനും അര്‍ഹരായവര്‍ക്ക് സഹായം ലഭിക്കുന്നു എന്ന ഉറപ്പ് വരുത്താനുമായി തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച റിലീഫ് ഫോറത്തിന് കീഴിലുള്ള സാഹിം പോര്‍ട്ടല്‍ വഴിയാണ് സാമ്പത്തിക സഹായം സ്വീകരിക്കുന്നത് . ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പേ തന്നെ 12 മില്യണ്‍ റിയാല്‍ പോര്‍ട്ടല്‍ വഴി സഹായമായി എത്തിയെന്ന് കിംഗ് സല്‍മാന്‍ ഹ്യൂമാനിറ്റെറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്റര്‍ ചെയര്‍മാന്‍ ഡോ. അബ്ദുല്ല അല്‍ റബീഅ അറിയിച്ചു.

ഭൂകമ്പം നാശം വിതച്ച ഇരു രാജ്യങ്ങളിലേക്കും അവശ്യ വസ്തുക്കളും മരുന്നും എത്തിക്കാന്‍ രാജാവിന്റെ നിര്‍ദേശപ്രകാരം ഇന്നലെ ചൊവ്വാഴ്ച്ച തന്നെ പ്രത്യേക വിമാനങ്ങള്‍ തന്നെ ഏര്‍പ്പെടുത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനും ദുരിതബാധിതര്‍ക്ക് ആശ്വാസമെത്തിക്കുന്നതിനും വേണ്ടിയുള്ള നീക്കങ്ങള്‍ സഊദി സജീവമാണ്. ഭക്ഷണവും പാര്‍പ്പിടവും വൈദ്യസഹായവും നല്‍കുന്നതിന് വേണ്ടിയുള്ള സംവിധാനങ്ങളുമായാണ് വിമാനങ്ങള്‍ ഇരു രാജ്യങ്ങളിലേക്കും പറക്കുന്നത്. ഭക്ഷണവും മരുന്നുകളുമായി നിരവധി ട്രക്കുകളാണ് തുര്‍ക്കിയിലേക്കും സിറിയയിലേക്കും കഴിഞ്ഞ ദിവസം പുറപ്പെട്ടത്.

 

webdesk11: