റിയാദ്: ജി20 രാജ്യങ്ങളില്‍ ഏറ്റവും സുരക്ഷിതമായ രാഷ്ട്രമായി സൗദി അറേബ്യ. യുഎന്‍ രക്ഷാ സമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങളെ മറികടന്നാണ് സൗദി നേട്ടം സ്വന്തമാക്കിയത്. സുരക്ഷയുമായി ബന്ധപ്പെട്ട രാജ്യാന്തര സൂചകങ്ങള്‍ അനുസരിച്ചാണ് ഏറ്റവും സുരക്ഷിതമായ രാജ്യമായി സൗദി അറേബ്യ തെരഞ്ഞെടുക്കപ്പെട്ടത്.
രാത്രി കാലങ്ങളില്‍ നിര്‍ഭയമായി പുറത്തിറങ്ങി നടക്കാന്‍ കഴിയുന്ന രാജ്യമെന്നതാണ് സൗദിയെ ഒന്നാമതെത്തിച്ചത്. പൊലീസ് സേവന സൂചികയിലും രാജ്യം ഒന്നാമതെത്തി. 2019ലെ ഗ്ലോബല്‍ കോംപിറ്റീവ്‌നെസ്, സസ്‌റ്റൈനബ്ള്‍ ഡവലപ്‌മെന്റ് ഗോള്‍സ് ഇന്‍ഡക്‌സ് എന്നിവയിലാണ് ഇക്കാര്യങ്ങള്‍. സുരക്ഷാ സൂചികയില്‍ ജപ്പാന്‍, കനഡ എന്നിവയ്ക്ക് പിന്നില്‍ മൂന്നാമതാണ് സൗദി.
സംഘടിത കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിലും ക്രമസമാധാനപാലനത്തിലും സൗദി തന്നെ മുന്നില്‍. എണ്ണ ഇതര മേഖലയിലെ വളര്‍ച്ച പ്രതീക്ഷിച്ച് സൗദി സമ്പദ്വ്യവസ്ഥ വൈവിധ്യവത്കരിക്കാനുള്ള നടപടികളെയും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഖനന വ്യവസായത്തിന് പുറമെ പൊതു-സ്വകാര്യ മേഖലകളില്‍ കൂടുതല്‍ നിക്ഷേപത്തിന് വേണ്ടിയുള്ള പരിശ്രമങ്ങളും റിപ്പോട്ടില്‍ പറയുന്നു.