റിയാദ്: സൗദിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കടുപ്പിക്കുന്നു. റെസ്റ്റോറന്റുകളില്‍ പാര്‍സല്‍ സര്‍വീസുകള്‍ മാത്രമാക്കി ചുരുക്കി. അകത്ത് വെച്ചുള്ള ഓര്‍ഡറുകള്‍ സ്വീകരിക്കുന്നതിന് വിലക്കെര്‍പ്പെടുത്തിയാണ് മന്ത്രാലയം ഉത്തരവിറക്കിയത്. പത്ത് ദിവസത്തേക്കാണ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് വേണമെങ്കില്‍ നീട്ടിയേക്കാമെന്നും പ്രഖ്യാപനത്തില്‍ ഉണ്ട്.
പുറത്ത് ആളുകള്‍ കൂട്ടം കൂടുന്നതിനും വിലക്കുണ്ട്. നിയമം ലംഘിച്ചാല്‍ സ്ഥാപനങ്ങള്‍ 24 മണിക്കൂര്‍ മുതല്‍ ഒരു മാസം വരെ അടച്ചിടുമെന്നും മുന്നറിയിപ്പുണ്ട്. വ്യാഴാഴ്ച രാവിലെയാണ് മന്ത്രാലയം നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. ഹോട്ടലുകളിലും കല്യാണ ഹാളുകളിലും നടക്കുന്ന എല്ലാവിധ ചടങ്ങകളും വിനോദ പരിപാടികളും ആഭ്യന്തര മന്ത്രാലയം വിലക്കിയിട്ടുണ്ട്. വിവാഹ പാര്‍ട്ടികള്‍ പോലുള്ള ചടങ്ങുകള്‍ ഒരു മാസത്തേക്കും വിനോദ പരിപാടികള്‍ പത്ത് ദിവസത്തേക്കുമാണ് റദ്ദാക്കിയിരിക്കുന്നത്.
സിനിമാ തിയേറ്ററുകള്‍ക്കു പുറമെ, വിനോദ കേന്ദ്രങ്ങളും റെസ്റ്റോറന്റുകളിലും ഷോപ്പിംഗ് സെന്ററുകളിലും പ്രവര്‍ത്തിക്കുന്ന ഗെയിം കേന്ദ്രങ്ങള്‍, ജിംനേഷ്യങ്ങള്‍, സ്പോര്‍ട്സ് സെന്ററുകള്‍ എന്നിവയും പത്ത് ദിവസത്തേക്ക് അടച്ചിടാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചതായി ഔദ്യോഗിക പ്രഖ്യാപനത്തില്‍ പറയുന്നു.