X
    Categories: gulfNews

സഊദി അംഗീകൃത വാക്‌സിനുകള്‍ എടുത്ത ഉംറ തീര്‍ഥാടകര്‍ക്ക് ക്വാറന്റീന്‍ വേണ്ട

റിയാദ്: സഊദി അംഗീകൃത കോവിഡ് പ്രതിരോധ വാക്‌സിനുകള്‍ സ്വീകരിച്ച ഉംറ തീര്‍ഥാടകര്‍ക്ക് സഊദിയില്‍ എത്തിയ ശേഷം ക്വാറന്റീന്‍ വേണ്ടെന്ന് ഹജ്ജ് ഉംറ മന്ത്രാലയം. ഉംറ വിസയില്‍ എത്തിയ വിദേശ തീര്‍ഥാടകര്‍ക്കാണ് ഈ ഇളവ്. ഇവര്‍ക്ക് മക്കയിലെത്തിയാലുടന്‍ ഉംറ നിര്‍വഹിക്കാം.

കോവിഷീല്‍ഡ് ഉള്‍പെടെയുള്ള വാക്‌സിനുകള്‍ സഊദി അംഗീകരിച്ചിട്ടുണ്ട്. ഇതെടുത്ത് ഉംറക്കെത്തുന്ന ഇന്ത്യക്കാര്‍ക്ക് ക്വാറന്റീന്‍ ആവശ്യം വരില്ല. എന്നാല്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവാക്‌സിന് സഊദി അംഗീകാരം നല്‍കിയിട്ടില്ല. അതിനാല്‍ രാജ്യത്തെത്തിയ ശേഷം മൂന്ന് ദിവസം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാണ്. മാത്രവുമല്ല, സഊദിയിലെത്തി 48 മണിക്കൂറിന് ശേഷം ഇവര്‍ പിസിആര്‍ പരിശോധന നടത്തുകയും വേണം.

ഫൈസര്‍, അസ്ട്രാസെനിക്ക (കോവിഷീല്‍ഡ്), മോഡേണ, ജോണ്‍സണ്‍ എന്നീ നാലു വാക്സിനുകള്‍ക്കാണ് സൗദി അറേബ്യയുടെ അംഗീകാരമുള്ളത്. തീര്‍ഥാടകരുടെ ആരോഗ്യ സുരക്ഷ കാത്തുസൂക്ഷിക്കല്‍ സൗദി അറേബ്യയുടെ അടിസ്ഥാന ലക്ഷ്യമാണെന്ന് ഹജ്ജ് – ഉംറ മന്ത്രാലയ വക്താവ് എന്‍ജി. ഹിശാം സഈദ് പറഞ്ഞു.

web desk 1: