X

റഷ്യയുമായി ആയുധ ഇടപാട്: ഖത്തറിന് സഊദി മുന്നറിയിപ്പ്

 

മോസ്‌കോ: റഷ്യയില്‍നിന്ന് ആയുധങ്ങള്‍ വാങ്ങിയാല്‍ ഖത്തറിനെ ആക്രമിക്കുമെന്ന് സഊദി അറേബ്യയുടെ ഭീഷണി. ഖത്തര്‍ റഷ്യയില്‍നിന്ന് എസ്-400 മിസൈല്‍ വാങ്ങാന്‍ നീക്കം തുടരുന്ന പശ്ചാത്തലത്തിലാണ് ഭീഷണിയെന്ന് അന്താരാഷ്ട്ര മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യയുടെ കൈവശമുള്ള അത്യാധുനിക പ്രതിരോധ കവചങ്ങളിലൊന്നാണ് എസ്-400 മിസൈല്‍. ഖത്തര്‍-റഷ്യ ആയുധ ഇടപാട് തടയണമെന്ന് ആവശ്യപ്പെട്ട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന് സഊദി ഭരണാധികാരി കത്ത് അയച്ചതായി ഫ്രഞ്ച് പത്രങ്ങള്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ജൂണില്‍ സഊദിയും ബഹ്‌റൈനും യു.എ.ഇയും ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച ശേഷം ഗള്‍ഫ് പ്രതിസന്ധി വീണ്ടും മൂര്‍ച്ഛിക്കുന്നുവെന്നാണ് പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ആയുധ ഇടപാടുമായി മുന്നോട്ടുപോയാല്‍ ഖത്തറിനെതിരെ സ്വീകരിക്കാനിരിക്കുന്ന നടപടികളെക്കുറിച്ചും മക്രോണിനുള്ള കത്തില്‍ സല്‍മാന്‍ രാജാവ് പറഞ്ഞിട്ടുണ്ടെന്നാണ് വിവരം.
എസ്-400 മിസൈല്‍ വാങ്ങുന്നതിന് റഷ്യയുമായി പ്രാഥമിക ചര്‍ച്ചയിലാണെന്ന് ജനുവരിയില്‍ ഖത്തര്‍ അറിയിച്ചിരുന്നു. എന്നാല്‍ സഊദിയുടെ എതിര്‍പ്പുകള്‍ അവഗണിച്ചും ഖത്തറിന് എസ്-400 മിസൈല്‍ നല്‍കുമെന്ന് റഷ്യ വ്യക്തമാക്കി. ഖത്തറുമായുള്ള ആയുധ ഇടപാടില്‍ സ്വന്തം താല്‍പര്യം മാത്രമാണ് റഷ്യ നോക്കുന്നതെന്ന് റഷ്യന്‍ പാര്‍ലമെന്റംഗവും പ്രതിരോധ, സുരക്ഷാ സമിതി ഡെപ്യൂട്ടി ചെയര്‍മാനുമായ അലെസ്‌കി കോണ്ട്രാതിയേവ് പറഞ്ഞു. സ്റ്റേറ്റ് ബജനുള്ള പണം കണ്ടെത്തുകയാണ് റഷ്യയുടെ ലക്ഷ്യം. സഊദി നിലപാട് ആയുധ ഇടപാടിനെ ഒരു നിലയ്ക്കും ബാധിക്കില്ല. പദ്ധതിയുമായി റഷ്യ മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്-400 മിസൈല്‍ വില്‍പ്പന തടയുന്നതില്‍ അമേരിക്കക്കും പ്രത്യേക താല്‍പര്യമുണ്ടെന്ന് കോണ്ട്രാതിയേവ് അഭിപ്രായപ്പെട്ടു. ഗള്‍ഫ് മേഖലയിലെ ആയുധ വിപണിയില്‍ തങ്ങള്‍ക്കുള്ള ആധിപത്യം നഷ്ടപ്പെടുമോ എന്ന ഭയമാണ് അമേരിക്കക്കുള്ളതെന്ന് അദ്ദേഹം ആരോപിച്ചു.
2017 ജൂണ്‍ അഞ്ചിനാണ് ഖത്തറിനെതിരെ സഊദിയും സഖ്യരാജ്യങ്ങളും ഉപരോധം പ്രഖ്യാപിച്ചിരിക്കുന്നത്.
അല്‍ജസീറ ടിവിയും തുര്‍ക്കി സൈനിക താവളവും അടച്ചുപൂട്ടുന്നതടക്കം 13 ഉപാധികള്‍ അംഗീകരിച്ചാല്‍ ഉപരോധങ്ങള്‍ പിന്‍വലിക്കാമെന്നാണ് സഊദി നിലപാട്. എന്നാല്‍ ഈ ആവശ്യങ്ങള്‍ ഖത്തര്‍ തള്ളിയിട്ടുണ്ട്.

chandrika: