X
    Categories: gulfNews

സഊദി വ്യോമ മേഖല വഴി ഖത്തര്‍ വിമാനം പറന്നു; യുഎഇ വിമാനങ്ങള്‍ ശനിയാഴ്ച മുതല്‍ ദോഹയിലെത്തും

അശ്‌റഫ് തൂണേരി

ദോഹ: ഗള്‍ഫ് ഉപരോധം അവസാനിപ്പിക്കാന്‍ ജിസിസി രാഷ്ട്രങ്ങള്‍ ധാരണയിലെത്തിയ ശേഷം ഖത്തറില്‍ നിന്ന് സഊദി വ്യോമ മേഖല വഴി വിമാന സര്‍വ്വീസ് ആരംഭിച്ചു. കഴിഞ്ഞ ദിവസം സഊദി ആകാശ പാത വഴി ഖത്തര്‍ എയര്‍വെയിസ് വിമാനം തിരിച്ചുവിട്ടതോടെ ഇരു രാഷ്ട്രങ്ങളും തമ്മിലുണ്ടായിരുന്ന വ്യോമ ഉപരോധത്തിന് അന്ത്യമായി.
”ദോഹയില്‍ നിന്ന് ജോഹന്നാസ്ബര്‍ഗിലേക്കുള്ള ഖത്തര്‍ എയര്‍വെയിസിന്റെ ക്യു ആര്‍ 1365 വിമാനമാണ് സഊദി വ്യോമ മേഖലയിലൂടെ വഴി തിരിച്ചുവിട്ടത്. വ്യാഴാഴ്ച രാത്രി ഖത്തര്‍ സമയം 845നായിരുന്നു വിമാനം പുറപ്പെട്ടത്. ഇതാണ് അല്‍ഉല കരാറിന് ശേഷമുള്ള സഊദി വഴിയുള്ള ആദ്യവിമാനം.” ഖത്തര്‍ എയര്‍വെയിസ് ട്വീറ്റ് ചെയ്തു.

അതിനിടെ യു എ ഇ ശനിയാഴ്ച മുതല്‍ ഖത്തറിലേക്ക് വിമാന സര്‍വ്വീസ് ആരംഭിക്കുമെന്ന് ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നു. യു എ ഇ ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലേയും ഗള്‍ഫിലേയും വിവിധ വാര്‍ത്താ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അല്‍ഉല കരാറിന്റെ പ്രായോഗിക നടപടികള്‍ ഉടന്‍ ഉണ്ടാവുമെന്ന് യു എ ഇ വിദേശകാര്യ സഹമന്ത്രി ഡോ.അന്‍വര്‍ ഗര്‍ഗോഷ് കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയുണ്ടായി. പിന്നാലെയാണ് വിമാന സര്‍വ്വീസ് ആരംഭിക്കുന്ന കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്.

അതേസമയം സഊദി അറേബ്യയിലേക്കുള്ള സാധാരണ സര്‍വ്വീസും ആരംഭിക്കുകയാണ്. ദോഹറിയാദ് ഖത്തര്‍ എയര്‍വെയിസ് വിമാനം ബുക്കിംഗ് തുടങ്ങിയിട്ടുണ്ട്. ജനുവരി 11നുള്ള വിമാനം മാത്രമാണ് ഇപ്പോള്‍ ബുക്കിംഗ് ഓപ്പണായിട്ടുള്ളതെന്നും മറ്റുള്ളവ ഉടന്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും ട്രാവല്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

 

web desk 1: