അഷ്‌റഫ് വേങ്ങാട്ട്
റിയാദ് : വ്രതശുദ്ധിയുടെ രാപ്പകലുകൾക്ക് വിരാമമിട്ട് വിശുദ്ധ മാസത്തിന് വിടചൊല്ലി സഊദിയിൽ ഈദാഘോഷം. ആത്മീയ ചൈതന്യത്തിന്റെ പ്രഭ ചൊരിഞ്ഞ പുണ്യ നാളുകളുടെ വിടവാങ്ങൽ വിപുലമായ ആഘോഷങ്ങളില്ലാതെയാണ് രാജ്യം കൊണ്ടാടിയത്. മക്കയിലും മദീനയിലും ഇരുഹറമുകളിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പതിനായിരങ്ങൾ പങ്കെടുത്ത ഈദ് നിസ്കാരം നടന്നു. കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ ശക്തമായ മുൻകരുതൽ നടപടികളുടെ നടുവിലാണ് സഊദിയിലെ വിശ്വാസി സമൂഹം ഈദുൽ ഫിത്വർ ആഘോഷിച്ചത്. ഈദുഗാഹുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയപ്പോൾ ആയിരക്കണക്കിന്ന് പള്ളികളിൽ ഈദ് നിസ്കാരത്തിന് അവസരമൊരുക്കി. സാമൂഹിക അകലവും മറ്റു മുൻകരുതലുകളും കർശനമായി പാലിച്ചാണ് പുണ്യഗേഹങ്ങളിലടക്കം പെരുന്നാൾ നിസ്‌കാരം നടന്നത്. സാധാരണ ഗതിയിൽ ഈദിനോടനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികളും ഒത്തുചേരലുകളൂം നടക്കാറുണ്ടെങ്കിലും കോവിഡ് വ്യാപനം തടയാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശങ്ങൾ അക്ഷരം പ്രതി പാലിക്കാൻ സഊദിയിലെ സ്വദേശികളും വിദേശികളും ജാഗ്രത പുലർത്തി.
മക്കയിൽ വിശുദ്ധ ഹറമിൽ ശൈഖ് ഡോ . സാലിഹ് ബിൻ അബ്ദുല്ല ബിൻ ഹാമിദ് ഈദ് നിസ്‌കാരത്തിന് നേതൃത്വം നൽകി .ഇസ്ലാമിക മൂല്യങ്ങൾ മുറുകെ പിടിക്കുകയും വിധിവിലക്കുകളിൽ ഒട്ടും ഭംഗം വരുത്താതിരിക്കുക്കയും വിശുദ്ധ ഖുർആൻ ജീവിതത്തിൽ പകർത്തുകയും ചെയ്‌ത രാപ്പകലുകളാണ് കടന്നുപോയത്. റമസാനിലെ അതെ ചൈതന്യം നിലനിർത്താനും കടമകൾ പാലിക്കാനും വിശ്വാസികൾക്കാവണം. പുണ്യ മാസത്തിൽ ആർജ്ജിച്ച ആത്‌മ വിശുദ്ധി നിലനിർത്തണം. സൽക്കർമങ്ങളിൽ വ്യാപൃതരാവണം. ജീവിതത്തിലുണ്ടാകുന്ന വീഴ്ചകൾ ഏറ്റുപറഞ്ഞു അല്ലാഹുവിനോട് പാപമോചനം തേടണം. വെറുപ്പും വിദ്വേഷവും അസൂയയും വെടിയണം. പകരം സഹിഷ്ണുതയും സഹാനുഭൂതിയും സദ്ചിന്തയും സൽകർമ്മങ്ങളും മനസുകളിൽ ഇടം പിടിക്കണം .ചുറ്റിലുള്ള എല്ലാവരെയും എല്ലാവരെയും ചേർത്തുപിടിക്കണം. ഹൃദയങ്ങളിൽ ആനന്ദത്തിന്റെ പൊൻകിരണങ്ങൾ സൃഷ്ടിക്കുന്ന നിഷ്കപടമായ സന്തോഷമാണ് ഈദിന്റെ പൊലിമ. പരീക്ഷങ്ങളിലൂടെയാണ് ലോകത്തിന്റെ പ്രയാണം. മഹാമാരിയുടെ പിടിയിൽ നിന്ന് മനുഷ്യകുലത്തെ സംരക്ഷിക്കാൻ സൃഷ്ടാവിന് മാത്രമാണ് സാധിക്കുക. അല്ലാഹുവിലേക്കടുക്കുക എന്നതാണ് പോംവഴി. പരീക്ഷണങ്ങൾക്കിടയിലും ഈദാഘോഷം പൊലിമ നഷ്ടപ്പെടാതെ നിർവഹിക്കേണ്ടതുണ്ട് . ആഘോഷം അനാചാരങ്ങളിലേക്ക് വഴിമാറാതെ ഇസ്ലാമിക നിയമ സംഹിതക്കനുസരിച്ചായിരിക്കണം ആഘോഷമെന്നും ശൈഖ് സാലിഹ് ഉണർത്തി.
തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് തബൂക്കിലെ നിയോം മസ്‌ജിദിലാണ് ഈദ് നിക്സരം നിർവഹിച്ചത് . കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിദിലും നിസ്കാരത്തിൽ പങ്കെടുത്തു.
പ്രവാസികടെയും ഈദാഘോഷം ഫ്ളാറ്റുകളിലും വീടുകളിലുമായി ഒതുങ്ങി. തങ്ങളുടെ നാടിന്റെയും നാട്ടിൽ കഴിയുന്ന കുടുംബങ്ങളുടെ സ്ഥിതിയിലായിരുന്നു പ്രവാസികളുടെ ആശങ്ക. വാർത്തകൾക്ക് മുമ്പിൽ കണ്ണും നട്ടവർ സമയം തള്ളി നീക്കി. സോഷ്യൽ മീഡിയ വഴി ഈദാഘോഷം പങ്കുവെച്ചു. ഈദ് നിസ്‌കാരം പ്ലം നിർവഹിക്കാൻ കഴിയാതെ ലോക് ഡൗണിൽ അകപ്പെട്ട ഉറ്റവരുടെ പ്രയാസത്തിൽ മനം നൊന്തവർ മഹാമാരിയിൽ നിന്ന് പ്രിയപെട്ടവരെ രക്ഷിക്കണമെന്ന പ്രാർത്ഥനയിലായിരുന്നു. മുൻകാലങ്ങളിൽ ഈദ് ദിനത്തിൽ അവധിയെടുത്ത് നാട്ടിലെത്തി കുടുംബവുമായി ഈദാഘോഷത്തിൽ പങ്കെടുത്തിരുന്ന സുസ്‌മൃതികൾ അയവിറക്കിയാണ് പ്രവാസികൾ കഴിഞ്ഞുകൂടിയത്.