റിയാദ്: ജൂലൈ മാസത്തിലെ സഊദിയുടെ എണ്ണ കയറ്റുമതി വരുമാനത്തില്‍ ഇടിവ്. 2019 ജൂലൈ മാസത്തെ അപേക്ഷിച്ച് 46.4 ശതമാനം കുറവുണ്ടായതായി ജനറല്‍ അതോറിറ്റി ഫോര്‍സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. പെട്രോളിതര കയറ്റുമതിയിലും കുറവ് രേഖപ്പെടുത്തി.8.3 ശതമാനമാണ് കുറഞ്ഞത്. 1742 കോടി റിയാലിന്റെ പെട്രോളിതര ഉല്‍പന്നങ്ങളാണ് ജൂലൈയില്‍ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചത്. സഊദിയുടെ ആകെ കയറ്റുമതി ശതമാനത്തിലും ജൂലൈയില്‍ ഇടിവുണ്ടായിട്ടുണ്ട്. 2019 ജൂലൈ മാസത്തെ അപേക്ഷിച്ച് 2030 ജൂലൈയില്‍ ആകെ കയറ്റുമതിയില്‍ 1652 കോടി റിയാലിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
എന്നാല്‍ കഴിഞ്ഞ ജൂണ്‍ മാസത്തേക്കാള്‍ 1348 കോടി റിയാലിന്റെ വളര്‍ച്ചയാണ് ജൂലൈയില്‍ രേഖപ്പെടുത്തിയത്. അതേസമയം ജൂലൈയിലെ ഇറക്കുമതി 3766 കോടി റിയാലായി കുറഞ്ഞു.
103 കോടി റിയാലിന്റെ വാണിജ്യ കമ്മിയാണ് സഊദി ജൂണ്‍ മാസത്തില്‍ നേരിട്ടത്. ജൂണില്‍ കയറ്റുമതി 4349 കോടി റിയാലും ഇറക്കുമതി 4452 റിയാലുമായിരുന്നു.2019നെ അപേക്ഷിച്ച് ഇതു കുറവാണ്. 2019 ജൂലൈയില്‍ ആകെ കയറ്റുമതി 8190 കോടി റിയാലായിരുന്നു.
ജൂലൈ മാസത്തെ കണക്കു പ്രകാരം ചൈനയാണ് സഊദിയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളി. ജൂലൈയില്‍ ചൈനയിലേക്ക് 1024 കോടി റിയാലിന്റെ ഉല്‍പന്നങ്ങള്‍ കയറ്റി അയച്ചു. ജപ്പാനിലേക്ക് 482 കോടി റിയാലിന്റെയും ദക്ഷിണ കൊറിയയിലേക്ക് 455 കോടി റിയാലിന്റെയും ഉല്‍പന്നങ്ങള്‍ കയറ്റി അയച്ചു.