X

സഊദി അറേബ്യ ഇന്ത്യയുടെ ഹജ്ജ് ക്വാട്ട വര്‍ധിപ്പിച്ചതായി കേന്ദ്ര മന്ത്രി

ന്യൂഡല്‍ഹി: സഊദി അറേബ്യ ഇന്ത്യക്ക് അനുവദിച്ച ഹജ്ജ് ക്വാട്ട വര്‍ധിപ്പിച്ചതായി ഹജ്ജിന്റെ ചുമതലയുള്ള കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പു മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി. 5,000 പേര്‍ക്കു കൂടി ഇത്തവണ ഹജ്ജിന് അനുമതി നല്‍കിയതായും അദ്ദേഹം അറിയിച്ചു. ഇതോടെ 2018ല്‍ ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് ക്വാട്ട 1,75,025 ആയി. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് ക്വാട്ടയില്‍ 40,000 പേരുടെ വര്‍ധനവ് ഉണ്ടായതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം 35,000 സീറ്റുകളാണ് ഇന്ത്യക്ക് കൂടുതലായി അനുവദിച്ചത്. ഇതോടെ ഇന്ത്യയുടെ ക്വാട്ട 1,70,025 ആയി വര്‍ധിച്ചിരുന്നു. സഊദിയും മറ്റ് അറേബ്യന്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വര്‍ധിച്ചു വരുന്ന സഹകരണത്തിന്റെ പ്രതിഫലനമാണ് ഹജ്ജ് ക്വാട്ടയിലെ വര്‍ധനക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ഹജ്ജ് ക്വാട്ട വര്‍ധിപ്പിച്ചതിന് ഇരു ഹറമുകളുടെയും സംരക്ഷകനായ സഊി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിനോടും സഊദി സര്‍ക്കാറിനോടും പ്രത്യേകം നന്ദി അറിയിക്കുന്നതായും നഖ്‌വി പറഞ്ഞു. ഇന്ത്യയും സഊദിയും തമ്മിലുള്ള ഹജ്ജ് കരാര്‍ കഴിഞ്ഞ ദിവസം നഖ്‌വിയും ഹജ്ജ്, ഉംറയുടെ ചുമതലയുള്ള സഊദി മന്ത്രി യും ഒപ്പുവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയുടെ ഹജ്ജ് ക്വാട്ട വര്‍ധിപ്പിച്ചു കൊണ്ടുള്ള തീരുമാനം വന്നത്. ഈ വര്‍ഷം 3.55 ലക്ഷം പേരാണ് ഹജ്ജിന് അപേക്ഷിച്ചതെന്ന് നഖ്‌വി അറിയിച്ചു.

chandrika: