റിയാദ്: സഊദി അറേബ്യയില്‍ കഴിയുന്ന വിദേശികള്‍ക്ക് ആദായ നികുതി ബാധകമാക്കില്ലെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. മൂവായിരം റിയാലില്‍ കൂടുതല്‍ വേതനം ലഭിക്കുന്ന വിദേശികള്‍ക്ക് അടിസ്ഥാന വേതനത്തിന്റെ പത്ത് ശതമാനം ആദായ നികുതി ബാധകമാക്കുമെന്ന് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് ശരിയല്ലെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു. മൂവായിരം റിയാലില്‍ കൂടുതല്‍ വേതനം ലഭിക്കുന്ന വിദേശികള്‍ക്ക് പത്ത് ശതമാനം ആദായ നികുതി ബാധകമാക്കുന്നതിന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചിട്ടുണ്ടെന്നും മാസങ്ങള്‍ക്കുള്ളില്‍ പുതിയ നികുതി നടപ്പാക്കുന്നതിന് ധനമന്ത്രാലയവും സഊദി അറേബ്യന്‍ മോണിട്ടറി അതോറിറ്റിയും അടക്കമുള്ള ബന്ധപ്പെട്ട വകുപ്പുകളുമായി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം ഏകോപനം നടത്തിവരികയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്.
സഊദി അറേബ്യ തുടക്കം കുറിച്ച സാമ്പത്തിക പരിഷ്‌കരണങ്ങളുടെ പശ്ചാത്തലത്തിലാണ് വിദേശികളെ കൂടുതല്‍ പരിഭ്രാന്തരാക്കുന്ന കിംവദന്തി പ്രചരിച്ചത്. ജനുവരി ഒന്ന് മുതല്‍ സഊദിയില്‍ അഞ്ച് ശതമാനം മൂല്യവര്‍ധിത നികുതി നിലവില്‍വന്നിട്ടുണ്ട്. പെട്രോള്‍, വൈദ്യുതി നിരക്കുകള്‍ വലിയ തോതില്‍ വര്‍ധിപ്പിക്കുകയും ചെയ്തു. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള വൈദ്യുതി നിരക്ക് നാലിരട്ടി വരെയാണ് വര്‍ധിപ്പിച്ചത്. പെട്രോള്‍ വിലയും ഇരട്ടിയിലേറെ വര്‍ധിപ്പിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കുള്ള പ്രതിമാസ ലെവി 200 റിയാലില്‍ നിന്ന് 400 റിയാലായും ഉയര്‍ത്തി. സ്വകാര്യ സ്ഥാപനങ്ങളില്‍ സ്വദേശി ജീവനക്കാരെക്കാള്‍ കൂടുതലുള്ള വിദേശികള്‍ക്കാണ് മാസത്തില്‍ 400 റിയാല്‍ വീതം ലെവി അടയ്‌ക്കേണ്ടത്. സ്വദേശികളുടെ എണ്ണത്തെക്കാള്‍ കുറവുള്ള വിദേശികള്‍ക്ക് ഇത് 300 റിയാലാണ്. കഴിഞ്ഞ ജൂലായ് മുതല്‍ വിദേശികളുടെ ആശ്രിതര്‍ക്ക് 100 റിയാല്‍ വീതം പ്രതിമാസ ലെവിയും ബാധകമാക്കിയിട്ടുണ്ട്. അടുത്ത ജൂലായില്‍ ഇത് 200 റിയാല്‍ വീതമായി ഉയരും. എണ്ണ വിലയിടിച്ചില്‍ സൃഷ്ടിക്കുന്ന പ്രതിസന്ധി മറികടക്കുന്നതിന് നടപ്പാക്കുന്ന സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഭാഗമായി ഉയര്‍ന്ന വേതനം ലഭിക്കുന്ന വിദേശികള്‍ക്ക് ആദായ നികുതിയും ബാധകമാക്കുമെന്നായിരുന്നു പ്രചരണം.
അറുപത് പ്രൊഫഷനുകളില്‍ വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് വിലക്കുന്നതിനും ഈ പ്രൊഫഷനുകളില്‍ സഊദിയില്‍ കഴിയുന്ന വിദേശികളുടെ വര്‍ക്ക് പെര്‍മിറ്റും ഇഖാമയും പുതുക്കുന്നത് നിര്‍ത്തിവെക്കുന്നതിനും തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചു എന്നും കിംവദന്തികള്‍ പ്രചരിച്ചിരുന്നു. ഈ പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശികളെ പിരിച്ചുവിട്ട് പകരം മാസങ്ങള്‍ക്കുള്ളില്‍ സ്വദേശികളെ നിയമിക്കല്‍ നിര്‍ബന്ധമാക്കുമെന്നും പ്രചരിച്ചിരുന്നു. ഇതും തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ വക്താവ് നിഷേധിച്ചു. സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയ തൊഴിലുകളുടെ പട്ടിക മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. ഈ പട്ടിക തുടര്‍ച്ചയായി പരിഷ്‌കരിക്കുന്നുണ്ടെന്ന് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു. 19 പ്രൊഫഷനുകളാണ് സ്വദേശികള്‍ക്ക് മാത്രമായി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം പരിമിതപ്പെടുത്തിയിരിക്കുന്നത്. ഈ പ്രൊഫഷനുകളില്‍ വിദേശികളെ നിയമിക്കുന്നതിന് വിലക്കുണ്ട്. ഈ പ്രൊഫഷനുകളില്‍ വിദേശത്ത് നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് സ്ഥിരം തൊഴില്‍ വിസകളോ താല്‍ക്കാലിക, സീസണ്‍ വിസകളോ മന്ത്രാലയം അനുവദിക്കുന്നില്ല.