അഷ്‌റഫ് വേങ്ങാട്ട്
റിയാദ്: പുതുവത്സരം പ്രമാണിച്ച് രാജ്യത്ത് നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്താന്‍ സഊദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി രംഗത്ത്. ഇതിന്റെ ഭാഗമായി ഡിസംബര്‍ 31 വ്യാഴാഴ്ച മുതല്‍ ജനുവരി രണ്ട് ശനി വരെ മൂന്ന് ദിവസത്തേക്ക് റെസ്റ്റോറന്റുകളിലും കഫേകളിലും തത്സമയ പരിപാടികള്‍ നിരോധിച്ചതായി അല്‍ വതന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യത്തില്‍ റെസ്റ്റോറന്റുകളിലും കഫേകളിലും തത്സമയ ഷോകള്‍ നടത്താന്‍ ലൈസന്‍സുള്ള എല്ലാവര്‍ക്കും അതോറിറ്റി ഈ നിര്‍ദേശം നല്‍കി. കോവിഡ് പടരാതിരിക്കാനും പൊതു സുരക്ഷ ഉറപ്പാക്കാനുമുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമാണ് ഈ നടപടി.
നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് അതോറിറ്റി അറിയിച്ചു. നിരോധിച്ച തത്സമയ ഷോകളില്‍ സംഗീതകച്ചേരികള്‍, പാട്ട് ഷോകള്‍, സ്റ്റാന്‍ഡ്അപ്പ് കോമഡി ഷോകള്‍ എന്നിവ ഉള്‍പ്പെടുന്നു.റെസ്റ്റോറന്റുകളിലും കഫേകളിലും തത്സമയ ഷോകള്‍ നടത്തുന്നതിന് നല്‍കിയ ലൈസന്‍സുകളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തിയിട്ടുണ്ടെന്നും അത്തരം ലൈസന്‍സുകള്‍ ഡിസംബര്‍ 30 ന് അവസാനിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി. നിരോധന കാലയളവ് അവസാനിച്ചതിന് ശേഷം ലൈസന്‍സ് പുതുക്കി നല്‍കും.