അഷ്‌റഫ് വേങ്ങാട്
റിയാദ്: സഊദി അറേബ്യ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ വിപണികളില്‍ വിദേശികളുടെ ആധിപത്യമാണെന്ന് സഊദി തൊഴില്‍, സാമൂഹിക വികസന മന്ത്രി ഡോ. മുഫറജ് അല്‍ഹഖ്ബാനി പറഞ്ഞു. ഗള്‍ഫ് തൊഴില്‍, സാമൂഹിക മന്ത്രിമാരുടെ മുപ്പത്തിമൂന്നാമത് യോഗത്തില്‍ അധ്യക്ഷം വഹിച്ച് സംസാരിക്കവെയാണ് ഗള്‍ഫ് രാജ്യങ്ങളില്‍ വിദേശ തൊഴിലാളികളുടെ ആധിപത്യം ഉയര്‍ത്തുന്ന വെല്ലുവിളികളെ കുറിച്ച് മന്ത്രി സൂചിപ്പിച്ചത്. ഗള്‍ഫ് രാജ്യങ്ങളില്‍ തദ്ദേശീയര്‍ക്കിടയില്‍ തൊഴിലില്ലായ്മയുണ്ട്.
തൊഴിലവസരങ്ങളുടെ കുറവല്ല, മറിച്ച്, വിദേശ തൊഴിലാളികളുടെ ആധിക്യവും ആധിപത്യവുമാണ് തൊഴിലില്ലായ്മക്ക് കാരണം. ചില തൊഴില്‍ മേഖലകളില്‍ വിദേശികളുടെ സര്‍വാധിപത്യമാണ്. സഊദി അറേബ്യയിയും മറ്റു ഗള്‍ഫ് രാജ്യങ്ങളിലും ഇതാണ് സ്ഥിതി. വിദേശികളുടെ ആധിക്യം വനിതകള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്കിനെയും ബാധിക്കുന്നുണ്ട്. ചില തെറ്റായ നയങ്ങളാണ് തൊഴിലില്ലായ്മക്ക് കാരണം.
വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കിയും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചും തദ്ദേശീയര്‍ക്കിടയിലെ തൊഴിലില്ലായ്മക്ക് പരിഹാരം കാണുന്നതിന് ഗള്‍ഫ് രാജ്യങ്ങള്‍ പ്രവര്‍ത്തിക്കും. സഊദിയില്‍ സ്വദേശിവല്‍ക്കരണത്തിന് അനുയോജ്യമായ പുതിയ തൊഴിലുകള്‍ നിര്‍ണയിക്കും. ഇക്കാര്യത്തില്‍ വാണിജ്യ, ആരോഗ്യ മന്ത്രാലയങ്ങള്‍ അടക്കമുള്ള വകുപ്പുകളുമായി സഹകരിച്ച് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം മുന്നോട്ടുപോകും. മൊബൈല്‍ ഫോണ്‍ കടകളില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നതിനുള്ള തീരുമാനം വലിയ വിജയമാണ്- മന്ത്രി പറഞ്ഞു.