അഷ്‌റഫ് വേങ്ങാട്ട്
റിയാദ്: ഒന്നിച്ച് പഠിച്ച് വളര്‍ന്ന സമപ്രായക്കാരായ ആ സഹോദരങ്ങള്‍ മരണത്തിലും വഴിപിരിഞ്ഞില്ല. അന്ത്യ യാത്രയിലും ഒന്നിച്ച മൂന്ന് സഹപാഠികള്‍ അന്ത്യ വിശ്രമത്തിലും അടുത്തടുത്തായി ഇന്ന് ഒത്തുചേരും. ഇന്നുച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ദമാമിലെ 91 മഖ്ബറയിലാണ് ഷഫീഖിന്റേയും സനദിന്റെയും അന്‍സിഫിന്റെയും ഖബറടക്കം . പ്രവാസ ലോകം നടുങ്ങിയ വാഹനാപകടത്തില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു മൂന്ന് പേരും മരണപ്പെട്ടത്. സഊദി ദേശീയ ദിനാഘോഷത്തില്‍ പങ്കെടുക്കാനും ആഘോഷ കാഴ്ചകള്‍ കാണാനും ബുധനാഴ്ച രാത്രി 12 മണിയോടെ ജോലി ചെയ്യുന്ന കടയടച്ചാണ് ഷഫീക്കും അന്‍സിഫും പുറത്തിറങ്ങിയത്. ആത്മ മിത്രമായ സനദും സനദിന്റെ സുഹൃത്തായ മുബഷിറും ഒന്നിച്ചു ചേര്‍ന്ന് അല്‍ഖോബാര്‍ കോര്‍ണിഷിലെ ആഘോഷ പരിപാടികളില്‍ അല്പ നേരം പങ്കെടുത്ത് അന്നം നല്‍കിയ രാജ്യത്തിന് ആദരവേകി തിരിക്കുകയായിരുന്നു അവര്‍. മുബഷിറിനെ അല്‍ഖോബാറിലെ വീട്ടിലിറക്കി ദഹ്‌റാന്‍ ഹൈവേ വഴി ദമ്മാമിലേക്ക് യാത്ര തിരിച്ച ഇവരുടെ കാര്‍ ദഹ്‌റാന്‍ മാളിന്ന് സമീപം സര്‍വീസ് റോഡിലേക്ക് തിരിയുന്നതിനിടെ ഡിവൈഡറില്‍ തട്ടി നിയന്ത്രണം വിടുകയായിരുന്നു. അപകടം നടന്ന് അല്പസമയത്തിനകം സംഭവസ്ഥല കുതിച്ചെത്തിയ പോലീസിന് കാണാന്‍ കഴിഞ്ഞത് കാറിനകത്ത് അകപ്പെട്ട മൂന്ന് യുവാക്കള്‍, കാര്‍ വെട്ടിപ്പൊളിച്ച് പുറത്തെടുത്തപ്പോഴേക്കും മൂവരുടെയും ശരീരം ചലനമേറ്റിരുന്നു.
പാതിരാവിലെ ഈ ദാരുണ അപകടം ഉറ്റവര്‍ അറിയുന്നത് നേരം പുലര്‍ന്നതോടെ പോലീസിന്റെ വിളിയെത്തിയപ്പോഴാണ്. സമയം വൈകിയപ്പോള്‍ മൂവരും ആരുടെയെങ്കിലും വീട്ടില്‍ കയറി ഉറങ്ങിയിട്ടുണ്ടാവും എന്ന് കരുതി സമാധാനിച്ചിരുന്ന കുടുംബങ്ങള്‍ക്ക് ഇടിത്തീ പോലെയായിരുന്നു ആ വാര്‍ത്ത. അവിശ്വസനീയമായ ആ വാര്‍ത്ത ഉള്‍ക്കൊള്ളാനാവാതെ തളര്‍ന്നുപോയ മൂന്ന് പേരുടെയും കുടുംബങ്ങളെ ആശ്വസിപ്പിക്കാന്‍ കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസി സമൂഹത്തിന് വാക്കുകളുണ്ടായിരുന്നില്ല. ആറ്റുനോറ്റ് വളര്‍ത്തി വലുതാക്കിയ മക്കളുടെ ചേതനയറ്റ ശരീരം ഒരു നോക്ക് കാണാന്‍ ദമാം സെന്‍ട്രല്‍ ആസ്പത്രിയിലേക്ക് ഓടിയെത്തിയ കുടുംബാംഗങ്ങളെ സമാധാനിപ്പിക്കാനും കരുത്ത് പകരാനും സാധിക്കാതെ ഒത്തുചേര്‍ന്നവരും വിങ്ങിപ്പൊട്ടി . മൂവരുടെയും വീട്ടിലേക്ക് കൂട്ടമായെത്തിയ പ്രവാസി സംഘടനാ പ്രതിനിധികളും പൊതുജനങ്ങളും ഉറ്റവരുടെ ദീനവിലാപങ്ങള്‍ക്ക് മുമ്പില്‍ വിതുമ്പി നിന്നു.ദേശീയ ദിനാഘോഷത്തിനിടയിലെ ദുരന്തം സ്വദേശികള്‍ക്കിടയിലും താങ്ങാനാവാത്ത ദുഃഖവാര്‍ത്തയായി. മരണങ്ങള്‍ ദിനം പ്രതി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ഇത്തരത്തിലുള്ള അപകട മരണം അടുത്ത കാലത്തൊന്നും സഊദിയിലുണ്ടായിട്ടില്ല.
താനൂര്‍ കുന്നുംപുറം സ്വദേശി സ്വദേശി പൈക്കാട്ട് സെയ്തലവി ഹാജിയുടെ മകന്‍ മുഹമ്മദ് ഷഫീഖ് (22), കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര വീട്ടില്‍ മുഹമ്മദ് റാഫിയുടെ മകന്‍ മുഹമ്മദ് സനദ് (22), വയനാട് സ്വദേശി ചക്കരവീട്ടില്‍ അബൂബക്കറിന്റെ മകന്‍ അന്‍സിഫ് (22), എന്നിവരായിരുന്നു അപകടത്തില്‍ മരിച്ചത്. മൂന്നു പേരും ദമാം ഇന്ത്യന്‍ സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ഥികളാണ്. എല്‍.കെ. ജി മുതല്‍ പ്ലസ് ടു വരെ ഒന്നിച്ച് പഠിച്ചവരാണ്. പ്ലസ്ടു പഠനം കഴിഞ്ഞ് മൂന്നു പേരും പിതാക്കന്മാരോടൊപ്പം ജോലിയില്‍ വ്യാപൃതരായിരുന്നു. അന്‍സിഫും ഷഫീഖും ജോലിയിലേക്ക് മാറിയപ്പോള്‍ സനദ് തന്റെ ബിരുദ പഠനം പൂര്‍ത്തിയാകുകയായിരുന്നു . ബഹ്‌റൈനിലെ ക്ലാസ്സ് കഴിഞ്ഞെത്തിയാല്‍ പിതാവിന്റെ ബിസിനസില്‍ സഹായിയായിരുന്ന സനദ് ഉന്നത പഠനത്തിനുള്ള ഒരുക്കത്തിലായിരുന്നു .അന്‍സിഫിന്റെ പിതാവിന്റെ അല്‍ഖോബാറിലെ സ്ഥാപനത്തില്‍ തന്നെയായിരുന്നു ഷഫീഖ് ജോലി ചെയ്തിരുന്നത്. ഷഫീഖിന്റെ സഹോദരന്‍ മുഹമ്മദ് സാലിഹ് ഇതേ സ്ഥാപനത്തിലുണ്ട് .
മുഹമ്മദ് ഷഫീഖിന്റെ പിതാവ് സൈദലവി ഹാജി ദമാമിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനാണ് . എസ് . കെ .ഐ. സിയുടെ സ്ഥാപക നേതാക്കളിലൊരാളും കെഎംസിസിയുടെ മുതിര്‍ന്ന നേതാവുമാണ്. സഹോദരന്‍ മുഹമ്മദ് സാലിഹ് ദമ്മാമിലുണ്ട്. ഫാത്തിമയാണ് മാതാവ്. ഫാത്തിമ സെഫിന, ഫാത്തിമ സഹറ, ഫാത്തിമ സഫീന, ഫാത്തിമ ഷറഫിയ, ഖദീജ സഹല, ഫാത്തിമ ഫൗസിയ എന്നിവര്‍ സഹോദരിമാരാണ്. പിതാവും സഹോദരനും ഒഴികെ ഉമ്മയും സഹോദരിമാരും നാട്ടിലാണ്.
വയനാട് കുഞ്ഞോം ചക്കര വീട്ടില്‍ അബൂബക്കര്‍ സലീന ദമ്പതികളുടെ മകനാണ് അന്‍സിഫ്. കുടുംബം ദമാമിലുണ്ട് . ആഷിഖ്, മുഹമ്മദ്, അന്‍സീന, ഫാത്തിമ എന്നിവര്‍ സഹോദരങ്ങളാണ്. ദമ്മാമിലെ സൂപ്പര്‍ മാര്‍ക്കറ്റ് മൊത്ത വ്യാപാര വിപണ മേഖലയിലെ പ്രമുഖനാണ് പിതാവ് അബൂബക്കര്‍. കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര വീട്ടില്‍ മുഹമ്മദ് റാഫിയുടെ മകനാണ് മുഹമ്മദ് സനദ്. കുടുംബം ദമാമിലുണ്ട് .സബിതയാണ് മാതാവ് .ഇസാന്‍ സഹോദരനാണ്.ഏക സഹോദരി ആബിദ തര്‍ഫി( സോണി) നാട്ടിലാണുള്ളത്
ദേശീയ ദിന അവധിയിലായിരുന്ന സഊദിയിലെ പ്രവാസി സമൂഹം ഞെട്ടലോടെയാണ് അതി രാവിലെ ദാരുണമായ അപകട വാര്‍ത്തയറിഞ്ഞത്. മൂവരുടെയും അപ്രതീക്ഷിത വേര്‍പാടില്‍ കിഴക്കന്‍ പ്രവിശ്യ കെഎംസിസി അഗാധമായ ദുഃഖം രേഖപ്പെടുത്തി. എസ് കെ ഐ സി ദമാം കമ്മിറ്റിയും വിവിധ സാംസ്‌കാരിക സംഘടനകളും അനുശോചനം രേഖപ്പെടുത്തി . ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപകരും മാനേജ്‌മെന്റും അനുശോചിച്ചു. സാമൂഹ്യ പ്രവര്‍ത്തകരായ നാസ് വക്കവും ജാഫര്‍ കുണ്ടോട്ടിയും നിയമ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ രംഗത്തുണ്ടായിരുന്നു.