X
    Categories: gulfNews

ഇന്ത്യയിലെ കോവിഡ് വ്യാപനം; യാത്രാവിലക്ക് സഊദി തുടര്‍ന്നേക്കുമെന്ന് സൂചന

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : ഇന്ത്യയില്‍ നിന്ന് സഊദിയിലേക്കുള്ള യാത്രാവിലക്ക് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ തുടര്‍ന്നേക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സ്ഥിതി വിലയിരുത്തിയ ശേഷം മാത്രമായിരിക്കും ഇന്ത്യക്കാര്‍ക്കുള്ള പ്രവേശനമെന്നാണ് അറിയാന്‍ സാധിച്ചത്. നിലവില്‍ ഇന്ത്യയിലെ സാഹചര്യം വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് സഊദിയിലേക്ക് സര്‍വീസ് നടത്താന്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്കും അനുമതി നിഷേധിച്ചത് എന്നാണ് കരുതുന്നത്. കേരളത്തില്‍ നിന്ന് ചാര്‍ട്ടേര്‍ഡ് സര്‍വീസുകള്‍ നടത്താന്‍ ട്രാവല്‍ ഏജന്‍സികള്‍ മുഖേന സഊദി എയര്‍ലൈന്‍സടക്കം ശ്രമിച്ചിരുന്നു. ഇതെല്ലം റദ്ദാക്കിയതായി ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചു . ഇന്ത്യയില്‍നിന്ന് സഊദിയിലേക്ക് സര്‍വീസ് നടത്താന്‍ ചില വിമാനകമ്പനികള്‍ സഊദി ജി.എ.സി.എയുമായി അനുമതി തേടിയിരുന്നുവെങ്കിലും ഇത് സംബന്ധിച്ച നിലപട് അവര്‍ വ്യക്തമാക്കിയിട്ടില്ല. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 15 മുതല്‍ താത്കാലികമായി നിര്‍ത്തിവെച്ച വിമാന സര്‍വീസുകള്‍ കഴിഞ്ഞ സെപ്റ്റംബര്‍ 15 മുതല്‍ ഭാഗികമായി സഊദി പുനരാരംഭിച്ചിരുന്നു. ഓരോ രാജ്യങ്ങളിലെയും കോവിഡ് പശ്ചാത്തലം പരിശോധിച്ച ശേഷമായിരിക്കും അന്തിമ അനുമതി നല്‍കുകയെന്ന് അന്ന് തന്നെ സഊദി ആഭ്യന്തര, ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്റേതായി പുറത്തിറങ്ങിയ ഒരു സര്‍ക്കുലര്‍ ഏറെ ആശയ കുഴപ്പമുണ്ടാക്കിയിരുന്നു . ഈ സര്‍ക്കുലറിന്റെ ആധികാരികതയെ കുറിച്ച് അവ്യക്തത നിലനില്‍ക്കേ നാട്ടിലെ ചാനലുകളിലും പത്രങ്ങളിലും ഈ വാര്‍ത്ത ഏറെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയായിരുന്നു. സഊദിയിലെ മലയാള പത്രങ്ങളടക്കം മാധ്യമങ്ങളിലൊന്നും ഈ വാര്‍ത്ത സ്ഥലം പിടിച്ചിരുന്നില്ല. സഊദി വാര്‍ത്ത ഏജന്‍സിയോ ഏവിയേഷന്റെ വെബ്‌സൈറ്റിലോ ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. വാട്‌സ്ആപ്പില്‍ പ്രചരിച്ച ഈ സര്‍ക്കുലറിലെ വിവരങ്ങള്‍ വെച്ച് നാട്ടിലെ മാധ്യമങ്ങള്‍ ബ്രേക്കിംഗ് ന്യൂസ് കൊടുത്തത് സഊദിയിലുള്ള പ്രവാസികളെയും ആശങ്കയിലാക്കിയിരുന്നു. ഇന്ത്യയിലേക്കും തിരിച്ച് സഊദിയിലേക്കുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നു എന്നായിരുന്നു വാര്‍ത്ത.

സഊദി ഭരണകൂടം അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഭാഗികമായി പുനഃസ്ഥാപിച്ചത് മുതല്‍ ഇതേവരെ ഇന്ത്യയിലേക്കും തിരിച്ചും സാധാരണ ഗതിയിലുള്ള വിമാന സര്‍വീസ് ആരംഭിച്ചിട്ടില്ല. എന്ന് തുടങ്ങുമെന്ന് വ്യക്തമാക്കിയിട്ടുമില്ല. ഇന്ത്യയിലേക്ക് സഊദിയില്‍നിന്ന് വന്ദേഭാരത് സര്‍വീസുകളുമാണ് നിലവിലുള്ളത്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രത്യേക കരാര്‍ പ്രകാരമുള്ള സര്‍വീസുകളാണ് . കൂടാതെ പ്രത്യേക അനുമതി ലഭിച്ച ചാര്‍ട്ടേര്‍ഡ് വിമാനങ്ങളുമാണ് ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്നത്. ഇത് തുടരുന്നതില്‍ യാതൊരു നിയമ തടസ്സമില്ലെന്നാണ് എംബസിയും എയര്‍ ഇന്ത്യയും അറിയിച്ചിട്ടുള്ളത് . ഈ സര്‍ക്കുലര്‍ പുറത്തിറങ്ങിയ ശേഷവും കഴിഞ്ഞ ദിവസങ്ങളില്‍ വന്ദേ ഭാരത്, ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ സഊദിയില്‍ നിന്ന് ഇന്ത്യയിലേക്ക് സര്‍വീസ് നടത്തിയിരുന്നു.

ഭാഗികമായി സഊദി അതിര്‍ത്തികള്‍ തുറന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്കും വിലക്ക് നീങ്ങുമെന്ന പ്രതീക്ഷയില്‍ സഊദിയിലേക്ക് മടങ്ങാനൊരുങ്ങിയ നിരവധി പേര്‍ക്ക് ഈ തീരുമാനം തിരിച്ചടിയാകും. ഇഖാമ, റീ എന്‍ട്രി എന്നിവയുടെ കാലാവധി കഴിഞ്ഞവര്‍ സഊദി ജവാസാത്ത് നല്‍കിയ സൗജന്യ സംവിധാനം വഴി താത്കാലികമായി പുതുക്കിയിരുന്നെങ്കിലും അവയുടെ കാലാവധിയും സെപ്റ്റംബര്‍ മുപ്പതോട് കൂടി അവസാനിക്കും. കോവിഡ് പ്രതിസന്ധിയില്‍ അകപ്പെട്ട് ആറ് മാസം മുതല്‍ പത്ത് മാസം വരെ നാട്ടില്‍ കുടുങ്ങിയവരാണ് മിക്ക പ്രവാസികളും. യാത്രക്കുള്ള തീരുമാനം അനിശ്ചിതമായി നീണ്ടുപോയാല്‍ ജോലിയെ പോലും ബാധിക്കുമെന്ന ഭീതിയിലാണ് നാട്ടിലുള്ള പ്രവാസികള്‍. ഏതായാലും വിദഗ്ധ സമിതിയുടെ അനുമതിയും കാത്ത് കഴിയുകയാണ് നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍. ഇന്ത്യയിലെ കോവിഡ് സ്ഥിതി വിലയിരുത്തിയാകും വിമാന സര്‍വീസുകളുടെ കാര്യത്തില്‍ സമിതിയുടെ അന്തിമ തീരുമാനം.

അതേസമയം ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള സര്‍വീസുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ വഴി സഊദിയിലേക്ക് പ്രവേശിക്കാനാവില്ലെന്നും ഗള്‍ഫ് രാജ്യങ്ങളിലെ വിമാനകമ്പനികള്‍ മുന്നറിയിപ്പ് നല്‍കിത്തുടങ്ങി. കോവിഡ് വ്യാപനം തുടരുന്ന ഇന്ത്യയില്‍ 14 ദിവസത്തിനിടെ സന്ദര്‍ശനം നടത്തിയവര്‍ക്ക് ജി.സി.സി രാഷ്ട്രങ്ങള്‍ വഴി സഊദിയില്‍ പ്രവേശിക്കാനാവില്ലെന്ന് എമിറേറ്റ്‌സ് എയര്‍ വെയ്‌സ് വ്യക്തമാക്കി. കോവിഡ് പശ്ചാത്തലത്തില്‍ അടച്ചിരുന്ന കര, വ്യോമ അതിര്‍ത്തി സഊദി തുറന്ന ശേഷം ഇന്ത്യയില്‍നിന്നുള്ള തൊഴിലാളികള്‍ ഗള്‍ഫ് രാജ്യങ്ങള്‍ വഴി സഊദിയിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും ഇപ്പോള്‍ അതു സാധ്യമല്ലെന്നാണ് എമിറേറ്റ്‌സ് വൃത്തങ്ങള്‍ അറിയിച്ചത്. യാത്രാ വിലക്ക് നീക്കിയ ഉടന്‍ പ്രധാനമായും ചില കമ്പനികളാണ് അവരുടെ അത്യാവശ്യ ജീവനക്കാരെ കേരളത്തില്‍നിന്ന് മുംബൈദുബായ് വഴി സഊദിയിലെത്തിച്ചത്.
ഇനിമുതല്‍ ഇന്ത്യയില്‍ 14 ദിവസത്തിനിടെ തങ്ങിയവരാണെങ്കില്‍ ദുബായിലെത്തി രണ്ടാഴ്ച കൊറന്റൈനില്‍ താമസിച്ച ശേഷമേ സഊദിയിലേക്ക് യാത്ര തുടരാന്‍ സാധിക്കുകയുള്ളൂവെന്നാണ് എമിറേറ്റ്‌സ് അറിയിച്ചിട്ടുള്ളത് .നാട്ടില്‍ നിന്നെടുത്ത കോവിഡ് ടെസ്റ്റ് കൂടാതെ 48 മണിക്കൂര്‍ മുമ്പെടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ദുബായില്‍ നിന്ന് എടുക്കേണ്ടി വരും. നിലവില്‍ ഇന്ത്യയില്‍ കഴിയുന്നവര്‍ക്ക് മുമ്പില്‍ ഈ വഴിയും തല്‍ക്കാലം അടയുമെന്നതാണ് വസ്തുത.

Test User: