അഷ്‌റഫ് വേങ്ങാട്ട്
റിയാദ്:കോവിഡ് നിയന്ത്രണ വിധേയമായകുന്നതോടെ സ്വദേശിവല്‍ക്കരണത്തില്‍ ശ്രദ്ധയൂന്നി സഊദി. രാജ്യത്തെ പൗരന്മാരെ ലക്ഷ്യം വെച്ചുള്ള സമഗ്ര തൊഴില്‍ പരിഷ്‌കരണ പദ്ധതിയായ നിതാകാത്തിലൂടെ തുടങ്ങിവെച്ച തൊഴില്‍മേഖലയെ ഉടച്ചുവാര്‍ക്കുന്ന നടപടികള്‍ വിവിധ മന്ത്രാലയങ്ങള്‍ തുടരും.
ഐ ടി മേഖലയിലും ഗതാഗത രംഗത്തും ടൂറിസം മേഖലയിലും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി വിവിധ മന്ത്രാലയങ്ങള്‍ നീക്കങ്ങള്‍ ആരംഭിച്ചു. രാജ്യത്തെ തൊഴില്‍ മേഖലയില്‍ കാതലായ മാറ്റങ്ങള്‍ വരുത്താനുള്ള ശ്രമത്തിനിടയിലാണ് കോവിഡ് ഭീഷണിയില്‍ പെട്ട് പദ്ധതികളെല്ലാം താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരുന്നത്. എന്നാല്‍ ഈ നീക്കം ശക്തിപെടുന്നതോടെ പ്രവാസികളുടെ നെഞ്ചിടിപ്പും വര്‍ധിക്കും. പുതിയ നിയമങ്ങള്‍ വരുന്നതോടെ ഈ മേഖലയില്‍ ജോലി ചെയ്യുന്ന നിരവധി വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടേക്കും. കോവിഡ് മൂലമുണ്ടായ പ്രതിസന്ധിയില്‍ ഒട്ടേറെ പേര്‍ക്ക് തൊഴില്‍ നഷ്ടം നേരിട്ടതിന് പുറമെയാകും ഈ ആഘാതം.
രാജ്യത്തെ ഐടി മേഖലയില്‍ 36 പ്രൊഫഷനുകള്‍ സ്വദേശിവല്‍ക്കരിക്കാനുള്ള പ്രാരംഭ നടപടികള്‍ക്ക് തുടക്കമായി. നാലില്‍ കൂടുതല്‍ പേര്‍ ജോലി ചെയ്യുന്ന എല്ലാ ഐ ടി സ്ഥാപനങ്ങളും 25 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പിലാക്കണം. ഐടി വിദ്യാഭ്യാസ മേഖലയില്‍ രാജ്യം കുതിപ്പിലാണെന്നും അടുത്ത വര്‍ഷങ്ങളില്‍ കൂടുതല്‍ പേര്‍ ഈ മേഖലയില്‍ നൈപുണ്യം കൈവരിക്കുമെന്നും ഇതോടെ ഈ മേഖലയില്‍ സ്വദേശിവല്‍ക്കരണ നടപടികള്‍ ഊര്‍ജ്ജിതമാക്കുമെന്നും മന്ത്രാലയം വെളിപ്പെടുത്തി. അടുത്ത വര്‍ഷം ജൂണ്‍ 27 (1422 ദുല്‍ഖഅദ് 17) നാണ് വ്യവസ്ഥ നിലവില്‍ വരുന്നതെങ്കിലും അതിന് മുമ്പേ സ്ഥാപനങ്ങള്‍ പദവി ശരിയാക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഐടി ആന്റ് കമ്മ്യൂണിക്കേഷന്‍സ് എഞ്ചിനീയറിംഗ്, പ്രോഗ്രാമിംഗ് ആന്റ് ആപ്ലിക്കേഷന്‍ ഡവലപ്‌മെന്റ്, കമ്മ്യൂണിക്കേഷന്‍സ് ടെക്‌നിക്കല്‍ ആന്റ് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് എന്നിങ്ങനെ ഐടി മേഖലയെ മൂന്നായി തിരിച്ചാണ് പുതിയ വ്യവസ്ഥ നടപ്പാക്കുന്നത്. ഒമ്പത് മാസത്തിനകം പദവികള്‍ ശരിയാക്കി സ്വദേശിവല്‍ക്കരണം പൂര്‍ത്തിയാക്കാത്ത ഐ ടി കമ്പനികള്‍ക്ക് ശിക്ഷാനടപടിയായി ഗവണ്‍മെന്റ് സേവനങ്ങള്‍ റദ്ദാക്കും.
ഗതാഗത മേഖലയില്‍ പുതുതായി 45,000 ത്തിലധികം സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കും. ഇപ്പോള്‍ ഈ മേഖലയില്‍ ജോലിചെയ്യുന്ന വിദേശികള്‍ക്ക് ഇതോടെ തൊഴില്‍ നഷ്ടപ്പെടും. ഓണ്‍ലൈന്‍ ടാക്‌സികള്‍ പൂര്‍ണ്ണമായും സ്വദേശിവല്‍ക്കരിക്കുന്ന നടപടികള്‍ക്ക് അടുത്ത ഘട്ടത്തില്‍ പൂര്‍ത്തിയാകുമെന്നും ഗതാഗത മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍ വെളിപ്പെടുത്തി. വിവിധ മന്ത്രാലയങ്ങള്‍ ഇതിനായുള്ള അണിയറ പ്രവര്‍ത്തനങ്ങളിലാണെന്ന് അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ ടാക്‌സി മേഖലയില്‍ സ്വയം തൊഴില്‍ പദ്ധതിക്ക് കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇതിലൂടെ പതിനായിരം സ്വദേശി യുവാക്കള്‍ക്ക് സഹായം നല്‍കും. ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ക്കു കീഴില്‍ വനിതകള്‍ അടക്കം ആറു ലക്ഷം സ്വദേശികള്‍ ജോലി ചെയ്യുന്നുണ്ട്. സ്വദേശിവല്‍ക്കരണത്തിലും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ഓണ്‍ലൈന്‍ ടാക്‌സി മേഖല വലിയ വിജയം വരിച്ചതായി മന്ത്രി പറഞ്ഞു. ഗതാഗത, ലോജിസ്റ്റിക് സേവന മേഖലയില്‍ സ്വദേശി വല്‍ക്കരണം യാഥാര്‍ഥ്യമാക്കാനുള്ള നടപടികളും പൂര്‍ത്തിയായി വരുന്നതായി മാനവശേഷി മന്ത്രാലയം വെളിപ്പെടുത്തി.
ടൂറിസം മേഖലയില്‍ നിലവില്‍ മൂന്ന് ശതമാനമുള്ള സ്വദേശി അനുപാതം പത്ത് ശതമാനമായി ഉയര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കും. കൂടാതെ വിഷന്‍ 2030യുടെ ഭാഗമായി പത്ത് ലക്ഷം സ്വദേശികള്‍ക്ക് ഈ മേഖലയില്‍ തൊഴില്‍ കണ്ടെത്തും. ടൂറിസം മേഖലയിലെ വികസനത്തിന് സ്വകാര്യ മേഖലയുടെ കൂടി പങ്കാളത്തം ഉറപ്പ് വരുത്തിയാണ് ലക്ഷ്യം കൈവരിക്കുക . ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നതില്‍ ടൂറിസം വകുപ്പ് ജാഗ്രത പാലിക്കുന്നുണ്ട്. കോവിഡ് മൂലം ലോക ട്രാവല്‍ ടൂറിസം മേഖലയില്‍ അഞ്ച് ട്രില്യണ്‍ ഡോളറിന്റെ നഷ്ടമാണ് കണക്കാക്കുന്നതെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന ജി 20 രാഷ്ട്രങ്ങളുടെ ടൂറിസം മന്ത്രിമാരുടെ ഓണ്‍ലൈന്‍ യോഗം വിലയിരുത്തിയിരുന്നു. കോവിഡിന്റെ ഇടവേളക്ക് ശേഷം സഊദിയിലെ തൊഴില്‍ മേഖല ഉണരുമ്പോള്‍ ശക്തമായ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനുള്ള മന്ത്രാലയങ്ങളുടെ നീക്കങ്ങള്‍ ഒട്ടേറെ വിദേശികള്‍ക്ക് മടക്കയാത്രയ്ക്ക് വഴിയൊരുക്കുമെന്നാണ് സൂചന.