X

സഊദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് മടങ്ങി വരാൻ അവസരം – സഊദി വിദേശകാര്യ മന്ത്രാലയം

അഷ്‌റഫ്‌ വേങ്ങാട്ട്

റിയാദ് : സഊദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ എടുത്ത് വിദേശങ്ങളിലേക്ക് പോയ പ്രവാസികൾക്ക് സഊദിയിലേക്ക് നേരിട്ട് തിരിച്ചു വരാൻ സാധിക്കുമെന്ന് സഊദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വാക്സിൻ ഇരുഡോസുമെടുത്ത് തവൽക്കനയിൽ ഇമ്മ്യൂൺ ആകണമെന്നാണ് നിബന്ധന. നിലവിൽ യാത്രാവിലക്കുള്ള 13 രാജ്യങ്ങളിൽ നിന്നുള്ളവരിൽ സഊദിയിൽ നിന്ന് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമാണ് നേരിട്ട് മടങ്ങിയെത്താൻ അനുമതി.

ഇതുസംബന്ധിച്ച് സഊദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വിമാന കമ്പനികൾക്ക് സർക്കുലർ നൽകുന്നതോടെ യാത്ര സംബന്ധമായ വിശദമായ വിവരങ്ങൾ ലഭ്യമാകും. യാത്രക്കാർ പാലിക്കേണ്ട കോവിഡ് മുൻകരുതലുകളും സൂക്ഷിക്കേണ്ട രേഖകളും സംബന്ധിച്ച് ഗാക്കയുടെ സർക്കുലർ ലഭിച്ചാൽ മാത്രമേ വ്യക്തമാകൂ . ഇതോടെ കഴിഞ്ഞ ഒന്നര വർഷത്തോളമായി സഊദി ഏർപ്പെടുത്തിയ വിമാന യാത്രാവിലക്കിന് ഭാഗിക വിരാമമാകും .

ഗാക്കയുടെ അനുമതി ലഭിക്കുന്നതോടെ രണ്ട് ഡോസ് വാക്സിൻ സഊദിയിൽ നിന്ന് സ്വീകരിച്ച് സഊദിയിൽ വിസയുളളവരും റീ എൻട്രിയിൽ പോയവരുമായ പ്രവാസികൾക്ക് നേരിട്ട് സഊദിയിലെ വിമാനത്താവളങ്ങളിൽ ഇറങ്ങാൻ സാധിക്കും. 14 ദിവസം മറ്റു രാജ്യങ്ങളിൽ പോയി ക്വാറന്റൈനിൽ കഴിയേണ്ട സാഹചര്യം ഇതോടെ ഇത്തരക്കാർക്ക് ഒഴിവായി കിട്ടും. ഇതുസംബന്ധിച്ച് റിയാദിലെ ഇന്ത്യൻ എംബസിക്കും വിവരം ലഭിച്ചതായി എംബസ്സി ട്വിറ്ററിൽ അറിയിച്ചു. സഊദിയിൽ ഇഖാമയുള്ളവരും രണ്ട് ഡോസ് വാക്സിൻ സഊദിയിൽ നിന്നെടുത്തവർക്കാണ് നേരിട്ട് തിരിച്ചെത്താനുള്ള അവസരമുണ്ടാവുകയെന്നും കൂടുതൽ വിവരങ്ങൾക്ക് കാത്തിരിക്കുകയാണെന്നും ഇന്ത്യൻ എംബസി വൃത്തങ്ങൾ അറിയിച്ചു.

സഊദിയിൽ ഇതുവരെ 12 .9 മില്യൺ പേർക്കാണ് രണ്ട് ഡോസ് വാക്സിൻ നല്കിയിട്ടുളളത്. ഇവരിൽ മൂന്നിലൊന്ന് വിദേശികളാകുമെന്നാണ് നിഗമനം. രണ്ട് ഡോസും സ്വീകരിച്ച് ഇതിനകം നാട്ടിലേക്ക് പോയ ചുരുക്കം പ്രവാസികൾക്കാണ് ഈ പ്രഖ്യാപനത്തിന്റെ ഗുണം ലഭിക്കുക . ഇനി മുതൽ രാജ്യത്ത് നിന്നും നാട്ടിലേക്ക് പോകാനിരിക്കുന്നവർക്ക് ഈ തീരുമാനം അനുഗ്രഹമാകും . അതേ സമയം നാട്ടിൽ നിന്ന് വാക്സിൻ എടുത്തവരുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. തീരുമാനത്തിന് ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് അറിയുന്നത്. രണ്ട് ഡോസുകളും നാട്ടിൽ നിന്നെടുത്തവർക്കും ഒരു ഡോസ് സഊദിയിൽ നിന്നും രണ്ടാം ഡോസ് നാട്ടിൽ നിന്നും എടുത്തവർക്കും ഈ പ്രഖ്യാപനത്തിൽ സന്തോഷിക്കാൻ വകയില്ല. ഘട്ടം ഘട്ടമായി ഏറെ വൈകാതെ തീരുമാനം ഉണ്ടായേക്കുമെന്നാണ് കരുതുന്നത്.

അതോടൊപ്പം കോവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായി ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ ഏർപ്പെടുത്തിയ യാത്രാവിലക്കും പിൻവലിച്ചാൽ മാത്രമേ ഭാഗികമാണെങ്കിലും സഊദിയിലേക്ക് നേരിട്ടുള്ള വിമാന യാത്രയുടെ ഗുണം പ്രവാസികൾക്ക് ലഭ്യമാവുകയുള്ളൂ . സഊദിയിൽ നിന്നുള്ള സാധാരണ സർവീസുകൾ പൂർണമായും പുനഃസ്ഥാപ്പിക്കാത്ത പക്ഷം മടക്ക യാത്രക്കും വന്ദേഭാരത് സർവീസുകളെയും ചാർട്ടേർഡ് വിമാനങ്ങളെയും തന്നെ പ്രവാസികൾ ആശ്രയിക്കേണ്ടി വരും.

web desk 1: