ജിദ്ദ: ചില ചരിത്ര ഗ്രന്ഥങ്ങള്‍ ആരോപിക്കുന്നതുപോലെ ആയുധം കൊണ്ടല്ല സഊദി അറേബ്യയുടെ ഏകീകരണം യാഥാര്‍ഥ്യമായതെന്ന് മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍. ജിദ്ദയില്‍ സംഘടിപ്പിച്ച മുഖാമുഖത്തിലാണ് രാജ്യത്തിന്റെ ഏകീകരണവുമായി ബന്ധപ്പെട്ട് പ്രചാരത്തിലുള്ള ആരോപണങ്ങളുടെ പൊള്ളത്തരം ഗവര്‍ണര്‍ പൊളിച്ചടുക്കിയത്. ആയുധ ബലത്തിലൂടെയായിരുന്നു രാജ്യത്തിന്റെ ഏകീകരണം എന്ന വാദം യുക്തിക്ക് നിരക്കുന്നതല്ല. രാഷ്ട്ര ഏകീകരണത്തിന്റെ ആദ്യ രണ്ട് ദശകത്തില്‍ കൈവരിച്ച നേട്ടങ്ങള്‍ പഴയ കാലത്ത് മറ്റൊരു രാജ്യത്തിനും സമൂഹത്തിനും നേടാന്‍ കഴിഞ്ഞിട്ടില്ല.
21 വര്‍ഷമെടുത്താണ് അബ്ദുല്‍ അസീസ് സഊദി അറേബ്യയുടെ ഏകീകരണം സാധ്യമാക്കിയത്. അറബ് ലീഗും ഐക്യരാഷ്ട്ര സംഘടനയും രൂപീകരിക്കുന്നതില്‍ മികച്ച സംഭാവന നല്‍കിയ സ്ഥാപകാംഗമാണ് സഊദി അറേബ്യ. അത്ഭുതകരമായ ഇത്തരം നേട്ടങ്ങളെ സഊദി ചരിത്രം പ്രതിപാദിക്കുന്ന ചില ഗ്രന്ഥങ്ങളില്‍ കാണാനില്ല. സഊദി അറേബ്യയോട് നീതികാണിക്കാത്തതിന് മറ്റ് രാജ്യങ്ങളിലെ ചരിത്രകാരന്മാരെ കുറ്റപ്പെടുത്തുന്നില്ല. എന്നാല്‍ സഊദി ചരിത്രകാരന്മാര്‍ സ്വന്തം രാജ്യത്തോട് നീതികാണിക്കണമെന്ന് അമീര്‍ ഖാലിദ് അല്‍ഫൈസല്‍ ആവശ്യപ്പെട്ടു.
രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിനും ചിത്രം വികൃതമാക്കുന്നതിനും സഊദി അറേബ്യ കൈവരിച്ച നേട്ടങ്ങളെ ഇകഴ്ത്തുന്നതിനും ചില സംഘടനകളും മാധ്യമങ്ങളും ശ്രമിക്കുന്നുണ്ട്. ഇതിന് സ്വദേശികള്‍ ശക്തമായ മറുപടി നല്‍കണം. ഇവിടുത്തെ ജനങ്ങളും ഭരണാധികാരികളും പരസ്പര യോജിപ്പിലൂടെയാണ് സഊദി അറേബ്യയുടെ ഏകീകരണം സാധ്യമാക്കിയത്.
നൈരാശ്യത്തോടെ സംസാരിക്കുന്ന ചിലരുണ്ട്. ചിലരുടെ എഴുത്തുകളിലും ഇത് പ്രതിഫലിക്കുന്നു. മറ്റ് ചിലര്‍ പൂര്‍വികരുടെ ആചാരങ്ങളെയും പാരമ്പര്യങ്ങളെയും വിലകുറച്ച് കാണിക്കുന്നു. മതനിഷ്ഠയുള്ളവരെ ചിലര്‍ പരിഹസിക്കുന്നു.
ഇത് മുസ്‌ലിംകള്‍ക്ക് നിരക്കുന്നതല്ല. മറ്റുള്ളവരെ പരിഹസിച്ച് പുരോഗതിയും വികസനവും നേടാന്‍ കഴിയില്ല. സഊദി അറേബ്യ കൈവരിച്ച നേട്ടങ്ങളെ ഡോക്ടറേറ്റ് ബിരുദധാരികളായ ചിലര്‍ വിമര്‍ശിക്കുന്നത് കാണുന്നതില്‍ ആശ്ചര്യമുണ്ട്. സ്വന്തത്തെയാണ് വിമര്‍ശിക്കുന്നതെന്ന് അവര്‍ അറിയുന്നില്ല. പൂര്‍വികരുടെ നേട്ടങ്ങളും സംഭാവനകളുമില്ലാതെ ഇന്നുള്ള നിലയില്‍ എത്തുന്നതിന് സാധിക്കുമായിരുന്നില്ല. അഞ്ച് ദശകം മുമ്പ് സഊദി അറേബ്യയിലെയും മറ്റ് രാജ്യങ്ങളിലെയും ജീവിതാവസ്ഥയും ഇന്ന് സഊയിലും ആ രാജ്യങ്ങളിലും നിലനില്‍ക്കുന്ന ജീവിതാവസ്ഥയും തുലനം ചെയ്ത് നോക്കിയാല്‍ രാജ്യം കൈവരിച്ച പുരോഗതിയുടെ ആഴം മനസ്സിലാകും.
കാലിവളര്‍ത്തല്‍ ജീവിതോപാധിയായി സ്വീകരിച്ച ബദുക്കളായിരുന്നു സഊദി ജനത. ഇന്ന് വിദഗ്ധ ചികിത്സയും വിദ്യാഭ്യാസവും തേടി ലോക രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സഊദിയിലെത്തുന്നു. സഊദി അറേബ്യക്കെതിരെ ദുഷ്ട ലാക്കോടെയുള്ള പ്രചാരണങ്ങള്‍ ചെറുക്കുന്നതിന് എല്ലാവരും ഒരുമിച്ച് ശ്രമിക്കണം. ഇസ്‌ലാമിനെ കുറിച്ച തെറ്റിദ്ധാരണകള്‍ സഊദി അറേബ്യക്കെതിരായ പ്രചാരണങ്ങള്‍ക്ക് കാരണമാണ്.
ഇസ്‌ലാമിന്റെ യഥാര്‍ഥ ആശയവും സന്ദേശവും ലോകത്തിന് മുന്നില്‍ സമര്‍പ്പിച്ച് ഇത് ചെറുക്കണം. മുസ്‌ലിം ഭീകരന്‍ എന്ന വിശേഷണം ലോകത്ത് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ലോകത്ത് ഏറ്റവും വലിയ ഭീകരത കാണിക്കുന്നത് ഫലസ്തീനികളോടാണ്. ദശകങ്ങള്‍ക്ക് മുമ്പ് അഭയാര്‍ഥികളായി സഊദിയിലെത്തിയ രണ്ടര ലക്ഷത്തിലേറെ ബര്‍മക്കാരുടെ പദവി ശരിയാക്കി നിയമാനുസൃത ഇഖാമ സൗജന്യമായി നല്‍കിയിട്ടുണ്ട്. ബര്‍മക്കാരുടെ പദവി ശരിയാക്കുന്നതിനുള്ള പദ്ധതി പഠിക്കുന്നതിനും മറ്റ് രാജ്യങ്ങളില്‍ അത് പ്രയോജനപ്പെടുത്തുന്നതിനുള്ള സാധ്യത വിലയിരുത്തുന്നതിനും പ്രത്യേക പ്രതിനിധികളെ ഐക്യരാഷ്ട്ര സംഘടന സഊദിയിലേക്ക് അയച്ചിരുന്നു.