X

വികസന പദ്ധതികള്‍ രാഷ്ട്രത്തിന് സമര്‍പ്പിച്ചു

അല്‍കോബാര്‍: വിവിധ മന്ത്രാലയങ്ങള്‍ കിഴക്കന്‍ പ്രവിശ്യയില്‍ പൂര്‍ത്തിയാക്കിയ പദ്ധതികള്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് രാജ്യത്തിന് സമര്‍പ്പിച്ചു. ആരോഗ്യം, ജലം, ഊര്‍ജം, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങിയ മന്ത്രാലയങ്ങള്‍ പൂര്‍ത്തിയാക്കിയ പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്. അല്‍കോബാര്‍ അസീസിയ കൊട്ടാരത്തില്‍ സംഘടിപ്പിച്ച പ്രൗഢ ചടങ്ങിലാണ് വികസന പദ്ധതികള്‍ രാജാവ് ഉദ്ഘാടനം ചെയ്തത്.

500 രോഗികളെ കിടത്തി ചികിത്സിക്കാന്‍ ശേഷിയുളള ദമാം മെറ്റേണിറ്റി ആന്റ് ചില്‍ഡ്രന്‍സ് ആസ്പത്രി, 500 ബെഡുള്ള മാനസിക ആസ്പത്രി, അല്‍ഹസയില്‍ 300 കിടക്കകളുളള സഊദ് ബിന്‍ ജലവി ആസ്പത്രി, 200 ബെഡുള്ള കിംഗ് ഫൈസല്‍ ജനറല്‍ ആസ്പത്രി, 100 കിടക്കയുള്ള അല്‍ഇംറാന്‍ ജനറല്‍ ആസ്പത്രി എന്നിവയാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ഉദ്ഘാടനം ചെയ്ത പദ്ധതികള്‍. പദ്ധതികള്‍ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ വിശദീകരിച്ചു. പദ്ധതികള്‍ വിശദീകരിക്കുന്ന സചിത്ര പ്രദര്‍ശനവും നടന്നു.

പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം കിഴക്കന്‍ പ്രവിശ്യയില്‍ നടപ്പാക്കിയ പുതിയ പദ്ധതികള്‍ മന്ത്രി എഞ്ചിനീയര്‍ അബ്ദുറഹ്മാന്‍ അല്‍ഫദ്‌ലി വിശദീകരിച്ചു. ജല, മലിനജല പദ്ധതികള്‍, ദമാം കിംഗ് അബ്ദുല്‍അസീസ് തുറമുഖത്തെ ഗോതമ്പ് സംഭരണകേന്ദ്രം വിപുലീകരണ പദ്ധതി, അല്‍ഹസ ഗോതമ്പ് സംഭരണ-മൈദ ഉല്‍പാദന കേന്ദ്രം, ദാറൈന്‍, അല്‍കോബാര്‍, അല്‍സൂര്‍, ഖത്തീഫ് എന്നിവിടങ്ങളിലെ മത്സ്യബന്ധന ഹാര്‍ബറുകള്‍ എന്നിവയും സല്‍മാന്‍ രാജാവ് ഉദ്ഘാടനം ചെയ്തു.

 
ഊര്‍ജ, വ്യവസായ മന്ത്രാലയം നടപ്പാക്കിയ വൈദ്യുതി പദ്ധതികള്‍ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ഫാലിഹും ഗതാഗത മന്ത്രാലയം പൂര്‍ത്തിയാക്കിയ പദ്ധതികള്‍ മന്ത്രി സുലൈമാന്‍ അല്‍ഹംദാനും വിശദീകരിച്ചു. പ്രതിവര്‍ഷം പതിനഞ്ച് ലക്ഷം കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാന്‍ ശേഷിയുളള ദമാം തുറമുഖത്ത് നിര്‍മിച്ച രണ്ടാമത് കണ്ടെയ്‌നര്‍ ടെര്‍മിനലാണ് ഗതാഗത മന്ത്രാലയം നടപ്പാക്കിയ പദ്ധതികളില്‍ പ്രധാനം.

പുതിയ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തതോടെ ദമാം തുറമുഖത്തിന്റെ പ്രതിവര്‍ഷ ശേഷി 40 ലക്ഷം കണ്ടെയ്‌നര്‍ ആയി ഉയര്‍ന്നു. അല്‍ഹസ കിംഗ് ഫൈസല്‍ സര്‍വകലാശാലാ, കിംഗ് ഫഹദ് പെട്രോളിയം യൂനിവേഴ്‌സിറ്റി എന്നിവയുടെ രണ്ടാം ഘട്ട വികസനം, ദമാം യൂനിവേഴ്‌സിറ്റി ആസ്പത്രിയുടെയും ആദ്യ ഘട്ടം, ഹഫര്‍ അല്‍ബാത്തിന്‍ യൂനിവേഴ്‌സിറ്റി പദ്ധതികള്‍ എന്നിവ ഉള്‍പ്പെടെയുള്ളവയും രാജാവ് രാഷ്ട്രത്തിന് സമര്‍പ്പിച്ചു.

ദമാം യൂനിവേഴ്‌സിറ്റിയുടെ പേര് ഇമാം അബ്ദുറഹ്മാന്‍ അല്‍ഫൈസല്‍ എന്നാക്കി മാറ്റുന്നതിന് രാജാവ് നിര്‍ദേശം നല്‍കി. സഊദി അറേബ്യയുടെ സ്ഥാപകന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ പിതാവാണ് ഇമാം അബ്ദുറഹ്മാന്‍ അല്‍ഫൈസല്‍. മുന്‍ കിരീടാവകാശി അമീര്‍ മുഖ്‌രിന്‍ ബിന്‍ അബ്ദുല്‍ അസീസ്, സഹമന്ത്രി അമീര്‍ ഡോ. മന്‍സൂര്‍ ബിന്‍ മിത്അബ്, നാഷണല്‍ ഗാര്‍ഡ് മന്ത്രി അമീര്‍ മിത്അബ് ബിന്‍ അബ്ദുല്ല, കിഴക്കന്‍ പ്രവിശ്യ ഗവര്‍ണര്‍ അമീര്‍ സഊദ് ബിന്‍ നായിഫ്, കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ നായിഫ്, ഡെപ്യൂട്ടി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ തുടങ്ങി നിരവധി രാജകുടുംബാംഗങ്ങളും മന്ത്രിമാരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

chandrika: