അഷ്‌റഫ് വേങ്ങാട്ട്
റിയാദ് : തൊഴില്‍ പരിഷ്‌കാരങ്ങളില്‍ നിര്‍ണ്ണായക നീക്കങ്ങളുമായി സഊദി . വിദേശ തൊഴിലാളികളുടെ തൊഴില്‍ പ്രാവീണ്യം തെളിയിക്കുന്ന പരീക്ഷകള്‍ക്ക് ഇന്നലെ മുതല്‍ തുടക്കമായതായി സഊദി മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു. രാജ്യത്തെ തൊഴില്‍ മേഖലയില്‍ പൂര്‍ണ്ണമായും നൈപുണ്യമുള്ള തൊഴിലാളികളെ ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ സംവിധാനം. വിവിധ ഘട്ടങ്ങളായാണ് വിദേശ തൊഴിലാളികളുടെ തൊഴില്‍ യോഗ്യത പരീക്ഷ പൂര്‍ത്തിയാക്കുക.
മുവായിരവും അതിനപ്പുറവും വരുന്ന ജീവനക്കാരുള്ള കമ്പനികള്‍ക്കാണ് ആദ്യ ഘട്ടം. ഇവര്‍ക്കുള്ള പരീക്ഷ ജൂലൈ ഒന്ന് മുതല്‍ ആരംഭിച്ചതായി മന്ത്രാലയം വെളിപ്പെടുത്തി. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും വിദേശ തൊഴിലാളികളും യോഗ്യത പരീക്ഷയുടെ പരിധിയില്‍ വരും. സഊദിയില്‍ നിലവില്‍ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളും വിദേശങ്ങളില്‍ നിന്ന് പുതുതായി റിക്രൂട്ട് ചെയ്യുന്ന തൊഴിലാളികളും പരീക്ഷക്ക് വിധേയരാകണം.
500 മുതല്‍ 2999 വരെയുള്ള ജീവനക്കാരുള്ള കമ്പനികള്‍ രണ്ടാം ഘട്ടത്തിലും 50 മുതല്‍ 499 വരെയുള്ള സ്ഥാപനങ്ങള്‍ക്ക് മൂന്നാം ഘട്ടത്തിലും ആറ് മുതല്‍ 49 വരെയുള്ള സ്ഥാപനങ്ങള്‍ക്ക് നാലാം ഘട്ടത്തിലും ഒന്ന് മുതല്‍ അഞ്ച് വരെയുള്ള സ്ഥാപനങ്ങള്‍ക്ക് അഞ്ചാം ഘട്ടത്തിലുമാണ് യോഗ്യത പരീക്ഷക്ക് തൊഴിലാളികളെ ഹാജരാക്കേണ്ടി വരിക. 23 പ്രധാന വകുപ്പുകള്‍ക്ക് കീഴിലെ ആയിരത്തിലധികം പ്രൊഫഷനുകളാണ് പരീക്ഷക്ക് വിധേയമാക്കുന്നത്.
ജൂലൈ ഒന്ന് മുതല്‍ ആരംഭിച്ച പരീക്ഷയിലെ വിജയികള്‍ക്ക് അഞ്ച് വര്‍ഷത്തേക്കുള്ള സര്‍ട്ടിഫിക്കറ്റും ഇതിന്റെ ഭാഗമായി വിതരണം ചെയ്യും. അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ വീണ്ടും സര്‍ട്ടിഫിക്കറ്റ് പുതുക്കി നല്‍കുമെന്നാണ് കരുതുന്നത്പ. രീക്ഷകളില്‍ പരാജയപെടുന്നവര്‍ക്ക് മൂന്ന് തവണ അവസരം നല്‍കും. മൂന്ന് തവണയും പാസായില്ലെങ്കില്‍ അത്തരം തൊഴിലാളികളുടെ ഇഖാമ പുതുക്കില്ല. ഇവരെ സ്വദേശങ്ങളിലേക്ക് തിരിച്ചയക്കും. ഇലക്ട്രിക്, പ്ലംബിങ്, മെക്കാനിക്, റഫ്രിജറേഷന്‍, എയര്‍ കണ്ടീഷനിങ്, മെഷിനറി മെയിന്റനന്‍സ്, ഇലക്ട്രോണിക്‌സ്, കമ്യൂണിക്കേഷന്‍സ്, വെല്‍ഡിങ്, ഖനനം, നിര്‍മ്മാണ ജോലികള്‍ എന്നിവ മുന്‍നിര തൊഴിലുകളിലുള്‍പ്പെടും. മൊത്തം തൊഴിലാളികളുടെ 80 ശതമാനം പ്രതിനിധീകരിക്കുന്ന പരീക്ഷ അറബി, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു, ഫിലിപ്പിനോ എന്നീ ഭാഷകളിലാണ് നടത്തുക.
രണ്ടാം ഘട്ടത്തിലുള്ള വലിയ കമ്പനികള്‍ക്ക് സെപ്റ്റംബര്‍ ഒന്നിനും മൂന്നാം ഘട്ടത്തിലുള്ള ഇടത്തരം സ്ഥാപനങ്ങളിലുള്ളവര്‍ക്ക് ഒക്ടോബര് ഒന്നിനും നാലാം ഘട്ടത്തിലുള്ള എ വിഭാഗം ചെറുകിട സ്ഥാപനങ്ങള്‍ക്ക് നവംബര്‍ ഒന്നിനും അഞ്ചാം ഘട്ടത്തിലുള്ള ബി വിഭാഗം ചെറുകിട സ്ഥാപനകള്‍ക്ക് ഡിസംബര്‍ ഒന്നിനാണ് പരീക്ഷകള്‍ ആരംഭിക്കുക. തൊഴില്‍ യോഗ്യത പരീക്ഷക്കുള്ള രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള സെന്ററുകള്‍ കണ്ടെത്തേണ്ടതും അപ്പോയ്ന്റ്‌മെന്റ് എടുക്കേണ്ടതും സ്‌പോണ്‍സറോ ബന്ധപ്പെട്ട കമ്പനികളോ ആയിരിക്കണം. https://svp.qiwa.sa/ എന്ന വെബ്‌സൈറ്റ് വഴിയാണ് തൊഴിലാളികള്‍ക്ക് ആവശ്യമായ പരീക്ഷക്ക് വേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത്.
പരീക്ഷ സമയം ലഭിച്ചാല്‍ തൊഴിലാളികള്‍ പരീക്ഷ സെന്ററിലെത്തി തിയറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ പൂര്‍ത്തീകരിക്കണം.മൂന്ന് തവണ പരീക്ഷക്ക് വിധേയനായിട്ടും പാസാകാത്തവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കില്ല. വര്‍ക്ക് പെര്‍മിറ്റ് കാലാവധി കഴിഞ്ഞാല്‍ ഇഖാമ പുതുക്കാനും സാധിക്കില്ല. ഈ ഘട്ടത്തില്‍ പരാജയപ്പെടുന്ന ഇത്തരം തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങി പോവുക മാത്രമാണ് മുന്നിലുള്ള പോംവഴി.
പ്രൊഫെഷണല്‍ വെരിഫിക്കേഷന്‍ പ്രോഗ്രാമില്‍ രണ്ട് തലങ്ങളിലായി നടക്കും. സഊദിയില്‍ നിലവില്‍ ജോലി ചെയ്തുവരുന്ന തൊഴിലാളികളുടെ പരീക്ഷ മന്ത്രാലയം നേരിട്ട് നിയമിക്കുന്ന പ്രദേശിക അംഗീകൃത ഏജന്‍സികള്‍ വഴി നടത്തുമ്പോള്‍ വിദേശങ്ങളില്‍ നിന്ന് പുതുതായി റിക്രൂട്ട് ചെയ്യുന്നവരെ ആ രാജ്യത്തുള്ള അന്താരാഷ്ട്ര തൊഴില്‍ പരിശോധന കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തി പരീക്ഷക്ക് വിധേയരാക്കും. തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യണമെങ്കില്‍ ഈ പരീക്ഷ പാസാകണം എന്നതാകും മാനദണ്ഡം.
സഊദി തൊഴില്‍ വിപണിയുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും കാര്യക്ഷമത ഉറപ്പാക്കുന്നതിനും തൊഴിലാളികളുടെ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനുമാണ് യോഗ്യത പരീക്ഷ ലക്ഷ്യമാക്കുന്നതെന്ന് മാനവ വിഭവ ശേഷി ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുല്ല അബുസ്‌നെയിം പറഞ്ഞു . വിദഗ്ദ മേഖലയില്‍ കഴിവുറ്റവരാണുള്ളതെന്ന് ഉറപ്പ് വരുത്തുകയും തൊഴില്‍ പരിജ്ഞാനമില്ലാത്തവരെ രാജ്യത്ത് നിന്ന് തുടച്ചു നീക്കുകയുമാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. ഏതായാലും അവിദഗ്ദരായ തൊഴിലാളികള്‍ക്ക് മുന്നില്‍ സഊദിയുടെ വാതില്‍ അടയുകയാണ്. 2022 ല്‍ ഇത്തരം സംവിധാനങ്ങള്‍ പൂര്‍ണ്ണമായി നടപ്പിലാകുന്നതോടെ നിരവധി അവിദഗ്ധ തൊഴിലാളികള്‍ക്ക് സ്വദേശങ്ങളിലേക്ക് മടങ്ങേണ്ടി വരികയും ചെയ്യും. രാജ്യത്തെ മലയാളികളടക്കമുള്ള പതിനായിര കണക്കിന് സാധാരണ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാകും സഊദിയുടെ പുതിയ നീക്കങ്ങള്‍.