X

സഊദി വിമാന വിലക്ക് വീണ്ടും നീട്ടി മെയ് 17 മുതല്‍ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രാലയം

 

അഷ്‌റഫ് വേങ്ങാട്ട്

റിയാദ്: അന്താരാഷ്ട്ര വിമാന സര്‍വീസ് ആരംഭിക്കുന്ന തീയതിയില്‍ വീണ്ടും മാറ്റം വരുത്തി സഊദി. പുതുക്കി നിശ്ചയിച്ച പ്രകാരം മെയ് 17നാകും രാജ്യാന്തര വിമാനങ്ങള്‍ക്ക് സഊദിയില്‍ ഇറങ്ങാന്‍ അനുമതി നല്‍കുകയെന്ന് സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു . ഇപ്പോഴുള്ള വിലക്ക് മാര്‍ച്ച് 31ന് അവസാനിച്ച് ഏപ്രില്‍ ഒന്നിന് അര്‍ധരാത്രി മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് പൂര്‍ണ്ണമായും പുനരാരംഭിക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത് . കോവിഡ് വ്യാപനം വിവിധ രാജ്യങ്ങളില്‍ ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം മാറ്റിയത്. മെയ് 17 തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ടാകുമെന്നാണ് മന്ത്രാലയം ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത് . ഈ സമയമാകുമ്പോഴേക്ക് രാജ്യം പൂര്‍വസ്ഥിതിയിലേക്ക് വരുമെന്നും സ്വദേശികള്‍ക്കും വിദേശികള്‍ക്കും രാജ്യത്ത് നിന്ന് പുറത്തേക്കും തിരിച്ചും വരുന്നതിന് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി എടുത്തുകളയുകയും ചെയ്യും.

മാര്‍ച്ചോടെ രാജ്യത്തെ കോവിഡ് ബാധ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരോഗ്യ ആഭ്യന്തര മന്ത്രാലയങ്ങള്‍. എന്നാല്‍ രാജ്യത്തെ കോവിഡ് കേസുകളിലും നേരിയ വര്‍ധന ഉണ്ടായ സാഹചര്യത്തില്‍ കര്‍ശനമായ പ്രതിരോധ നടപടികള്‍ തുടരാന്‍ തന്നെയാണ് മന്ത്രാലയങ്ങളുടെ തീരുമാനം .
ഈ കാലാവധിക്കുള്ളില്‍ ഇപ്പോള്‍ നല്‍കിവരുന്ന കോവിഡ് വാക്‌സിന്‍ രോഗബാധയേല്‍ക്കാന്‍ സാധ്യതയുള്ളവര്‍ക്കെല്ലാം കൊടുക്കാനും സാധിക്കുമെന്നാണ് മന്ത്രാലയത്തിന്റെ കണക്ക്കൂട്ടല്‍. കോവിഡ് വ്യാപനം പല രാജ്യങ്ങളിലും തുടരുന്നതും മറ്റു ചില രാജ്യങ്ങളില്‍ കോവിഡിന്റെ വകഭേദം വ്യാപിക്കുന്നതുമാണ് ഇനിയും മൂന്നര മാസം വരെ കാത്തിരിക്കേണ്ട സ്ഥിതി സംജാതമാക്കിയത് .

നിലവിലുള്ള സാഹചര്യത്തില്‍ കോവിഡ് വ്യാപനമില്ലാത്ത രാജ്യങ്ങളിലുള്ള നിയന്ത്രണങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി വിമാന സര്‍വീസ് നടത്താന്‍ അനുമതിയുണ്ട്. എന്നാല്‍ ഇന്ത്യയില്‍ നിന്ന് ഇതുവരെ ഇവ്വിധത്തില്‍ സര്‍വീസുകള്‍ക്ക് അനുമതി ലഭിച്ചിട്ടില്ല. യാത്രക്കാരെ സഊദിയില്‍ നിന്ന് കൊണ്ടുപോകാന്‍ വന്ദേ ഭാരത്, ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് മാത്രമാണ് താത്കാലിക അനുമതിയുള്ളത്. കോവിഡ് വ്യാപനം നിലനില്‍ക്കുന്നതിനാല്‍ ഇപ്പോള്‍ സഊദിയിലേക്ക് തിരിച്ചെത്തുന്നവര്‍ ദുബായ് വഴിയും മറ്റു രാജ്യങ്ങള്‍ വഴിയും 14 ദിവസം അവിടെ താമസിച്ച ശേഷമാണ് സഊദിയിലെത്തുന്നത് . നേരിട്ട് സഊദിയിലേക്ക് യാത്ര തിരിക്കാന്‍ കാത്തുകഴിയുന്ന കുടുംബങ്ങളടക്കുമുള്ളവര്‍ക്ക് ഇനിയും മൂന്നര മാസം കാത്തിരിക്കേണ്ടി വരും.

 

web desk 1: