അഷ്‌റഫ് വേങ്ങാട്ട്
റിയാദ്: കോവിഡ് നിയന്ത്രണം മൂലം നാട്ടില്‍ കുടുങ്ങിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കുടുംബങ്ങള്‍ക്കും സഊദിയിലേക്ക് നേരിട്ട് പ്രവേശനാനുമതി. ഇത് സംബന്ധിച്ച് സഊദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി സര്‍ക്കുലര്‍ പുറത്തിറക്കി. കഴിഞ്ഞ ദിവസം ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സയീദും എംബസി ഉദ്യോഗസ്ഥരും അതോറിറ്റി ഉന്നതാധികാരികളുമായി ചര്‍ച്ച നടത്തിയിരുന്നു.
ആദ്യഘട്ടമെന്ന നിലയില്‍ ഇന്ത്യയില്‍ കുടുങ്ങിയ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ടെക്‌നീഷ്യന്മാര്‍ക്കും കുടുംബ സമേതം സഊദിയിലെത്താന്‍ അവസരമുണ്ടാകും. നേരത്തെ കുടുംബങ്ങള്‍ക്ക് അനുമതി ഉണ്ടായിരുന്നില്ല. ഇന്ത്യക്കാര്‍ക്ക് നേരിട്ട് രാജ്യത്ത് തിരിച്ചെത്താനുള്ള അവസരത്തിന്റെ ആദ്യ ഘട്ടമാകും ഈ നടപടി. താത്കാലികമായി നിര്‍ത്തിവെച്ച ഇന്ത്യയില്‍ നിന്ന് സഊദിയിലേക്കുള്ള വിമാന സര്‍വീസ് പുനരാരംഭിക്കുന്നതിന്റെ സൂചന കൂടിയാണ് ഈ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു.
പിന്നീട് ഘട്ടം ഘട്ടമായി ഇന്ത്യയില്‍ നിന്നുള്ള പ്രവാസികള്‍ക്ക് നേരിട്ട് സഊദിയില്‍ എത്താനുള്ള സാഹചര്യമൊരുങ്ങുമെന്നാണ് കരുതുന്നത്. സഊദിയില്‍ കോവിഡ് ബാധിതരുടെ എണ്ണം മുന്നൂറിലേക്ക് എത്തുകയും ഇന്ത്യയിലും കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് എംബസി ശക്തമായി ഇന്ത്യക്കാര്‍ക്ക് രാജ്യത്ത് നേരിട്ടെത്താനുള്ള അനുമതിക്കും വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു കാര്യത്തിലും ഇടപെടുന്നത്. ആയിരകണക്കിന് പ്രവാസികളാണ് യാത്ര സൗകര്യമില്ലാത്തത് മൂലം നാട്ടില്‍ കുടുങ്ങിയത്. ദുബായ് വഴി നാട്ടില്‍ നിന്ന് പ്രവാസികള്‍ എത്തുന്നുണ്ടെങ്കിലും രണ്ടാഴ്ച്ച ദുബായില്‍ കഴിഞ്ഞ ശേഷം മാത്രമേ സഊദിയിലേക്ക് യാത്രക്ക് അനുമതിയുള്ളൂ. ഇത് സാധാരണക്കാരായ പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും സാമ്പത്തിക ചെലവും യാത്ര ക്ലേശവും വര്‍ധിപ്പിക്കുന്നതാണ്. നേരിട്ടുള്ള യാത്രക്ക് കാത്തിരിക്കുകയാണ് നാട്ടിലകപ്പെട്ട പ്രവാസികളും കുടുംബങ്ങളും.