റിയാദ്: അയല്‍ രാജ്യങ്ങളില്‍ നിന്ന് റോഡ്മാര്‍ഗം സൗദിയില്‍ പ്രവേശിക്കാന്‍ സൗദി പൗരന്മാര്‍ക്കും വിദേശി വനിതകള്‍ക്കും ഇവരുടെ വിദേശികളായ ഭര്‍ത്താക്കന്മാര്‍ക്കും ഭാര്യമാര്‍ക്കും മക്കള്‍ക്കും സൗദി കുടുംബങ്ങളെ അനുഗമിക്കുന്ന സൗദി ഇഖാമയുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്കും ജവാസാത്ത് ഡയറക്ടറേറ്റ് അനുമതി നല്‍കി. അംഗീകൃത മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ പാലിച്ചാണ് കരാതിര്‍ത്തി പോസ്റ്റുകള്‍ വഴി ഇവര്‍ക്ക് രാജ്യത്തേക്ക്് പ്രവേശനം നല്‍കുക.
ഇങ്ങനെ രാജ്യത്തേക്ക് മടങ്ങുന്ന സൗദി പൗരന്മാരും സ്വദേശി വനിതകളും തങ്ങളെ അനുഗമിക്കുന്ന വിദേശികളുമായി ബന്ധം തെളിയിക്കുന്ന രേഖകള്‍ ജവാസാത്തില്‍ സമര്‍പിച്ച് മുന്‍കൂട്ടി അനുമതി നേടണം. അബ്ശിര്‍ പോര്‍ട്ടലില്‍ പ്രവേശിച്ചാണ് ആശ്രിതര്‍ക്ക് സൗദിയില്‍ പ്രവേശിക്കുന്നതിനുള്ള അനുമതിക്കായി അപേക്ഷ നല്‍കേണ്ടത്. രാജ്യത്തേക്ക് പ്രവേശിക്കാന്‍ ഉദ്ദേശിക്കുന്ന അതിര്‍ത്തി പോസ്റ്റ് മുന്‍കൂട്ടി നിര്‍ണയിക്കുകയും വേണം.
നാഷനല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി സഹകരിച്ച് രണ്ടാം ഘട്ടത്തില്‍ ബാക്കിയുള്ള അതിര്‍ത്തി പോസ്റ്റുകളും ഈ സേവനത്തില്‍ ഉള്‍പെടുത്തും. കരാതിര്‍ത്തികള്‍ വഴി രാജ്യത്ത് പ്രവേശിക്കുന്ന വിദേശികള്‍ കോവിഡ് നെഗറ്റീവാണെന്ന് സ്ഥിരീകരിക്കുന്ന പിസിആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കല്‍ നിര്‍ബന്ധമാണ്. 48 മണിക്കൂറിലധികം പഴക്കമില്ലാത്ത പിസിആര്‍ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടതെന്നും ജവാസാത്ത് വ്യക്തമാക്കി.