അഷ്റഫ് വേങ്ങാട്ട്
റിയാദ് : 2030 വിഷനിലൂടെ സഊദി അറേബ്യ ആധുനികതയുടെ അതിവേഗ വളര്‍ച്ചയിലാണെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. വികസനത്തിന്റെ പാതയില്‍ രാജ്യം വിപ്ലവകരമായ മുന്നേറ്റമാണ് നടത്തിവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. അല്ലാഹുവിന്റ അപാരമായ അനുഗ്രഹത്താല്‍ നിശ്ചിത സമയത്തിന് മുമ്പായി തന്നെ ദൗത്യം പൂര്‍ത്തീകരിക്കാന്‍ സാധിക്കും. വിശുദ്ധ ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തിലുള്ള ഭരണഘടനയോട് നീതി പുലര്‍ത്തിയാണ് രാജ്യത്തിന്റെ മുന്നേറ്റം. മിതത്വമാണ് സഊദിയുടെ സമീപനം. ലോകരാജ്യങ്ങളുമായി നല്ല സൗഹൃദത്തിലാണ് സഊദിയെന്നും സമാധാനവും സ്‌നേഹവുമാണ് രാജ്യത്തിന്റെ മുഖമുദ്രയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിഷ്‌ക്കരണ പദ്ധതികളുടെ അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി അല്‍ അറബിയ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കിരീടാവകാശിയുടെ വെളിപ്പെടുത്തല്‍. ഇപ്പോള്‍ രാജ്യത്ത് ഏര്‍പെടുത്തിയിരിക്കുന്ന 15 ശതമാനം മൂല്യവര്‍ധിതനികുതി (വാറ്റ് ) താല്കാലികമാണെന്നും അഞ്ച് വര്‍ഷത്തേക്ക് മാത്രമാണ് ഇത് നടപ്പാക്കിയതെന്നും വെളിപ്പെടുത്തിയ കിരീടാവകാശി ആദായനികുതി രാജ്യത്ത് നടപ്പാക്കില്ലെന്നും വ്യക്തമാക്കി.
പെട്രോള്‍ വരുമാനം മാത്രം മുന്‍ നിര്‍ത്തി രാജ്യത്തിന് മുന്നോട്ട് പോകാനാവില്ലെന്നും പെട്രോളിതര വരുമാനം കണ്ടെത്താനുള്ള ശ്രമം വിജയത്തിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു . ഇതിന്റെ ഭാഗമായി എണ്ണ വരുമാനം 166 ബില്യണ്‍ റിയാലില്‍ നിന്ന് 350 ബില്യണ്‍ റിയാലായി ഉയര്‍ന്നു. 2019ല്‍ നാലര ശതമാനമായിരുന്ന എണ്ണയേതര വരുമാനം 2020ല്‍ കോവിഡ് മഹാമാരിക്കിടയിലും അഞ്ച് ശതമാനമായി ഉയര്‍ന്നു.
മുന്‍കാലങ്ങളില്‍ എണ്ണവരുമാനത്തില്‍ ഉയര്‍ന്ന തോതിലുള്ള നേട്ടമുണ്ടായിരുന്നു.അക്കാലത്ത് ജനസംഖ്യ മൂന്ന് ദശലക്ഷത്തില്‍ താഴെയായിരുന്നു. എന്നാല്‍ കാലക്രമേണ ഉല്‍പാദനം കുറയുകയും ജനസംഖ്യ വന്‍തോതില്‍ വര്‍ധിക്കുകയും ചെയ്തപ്പോള്‍ എണ്ണ വരുമാനം മാത്രം മതിയാകാത്ത സാഹചര്യമുണ്ടായി. ഉന്നതമായ ജീവിത നിലവാരം ഉയര്‍ത്തിപിടിക്കുന്നതോടൊപ്പം സമ്പദ്ഘടനയെ ശക്തിപ്പെടുത്തുകയാണ് രാജ്യം . പൗരന്മാരുടെ കഴിവുകള്‍ കണ്ടെത്തി പരിപോഷിപ്പിക്കുകയും അവസരങ്ങളെ ക്രിയാത്മകമായും ശാസ്ത്രീയമായും ഉപയോഗപ്പെടുത്തുകയുമാണ് ലക്ഷ്യം. ഭരണ തലങ്ങളിലും ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സാധിക്കുന്ന മികച്ച ടീം ആണ് ഇന്ന് പ്രവര്‍ത്തിക്കുന്നത്. പൗരന്മാരുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിക്കുന്ന വിധം തന്ത്രപരവും ആസൂത്രണപരവുമായ നടപടികളാണ് ഇവരിലൂടെ കൈക്കൊള്ളാന്‍ സാധിക്കുന്നത്.
നിക്ഷേപണങ്ങളിലൂടെയും വിവിധ പദ്ധതികളിലൂടെയും രാജ്യത്തെയും പൗരന്മാരെയും കൂടുത ഉന്നത നിലവാരത്തിലേക്ക് കൈപിടിച്ചുയര്‍ത്തുകയെന്ന ദൗത്യമാണ് 2030 വിഷനിലൂടെ നിര്‍വഹിക്കുന്നത്. സ്വകാര്യമേഖലക്ക് പരമാവധി പ്രോത്സാഹനം നല്‍കികൊണ്ട് വിഷന്‍ മുന്നോട്ട് പോകും. പ്രമുഖരായ മുപ്പതോളം സ്വകാര്യ കമ്പനികളുമായി ചര്‍ച്ച നടന്നു വരികയാണ്. സഊദി പബ്ലിക്ക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് കൂടുതല്‍ വിപുലീകരിക്കും. പൊതുബജറ്റിലേക്ക് ചേര്‍ക്കാതെ ഫണ്ടിനെ ഇരുനൂറ് ശതമാനം വളര്‍ച്ചയിലേക്ക് നയിക്കും.
സഊദി അറാംകോയുടെ കൂടുതല്‍ ഓഹരികള്‍ അടുത്ത വര്‍ഷങ്ങളില്‍ വിദേശ നിക്ഷേപകര്‍ക്ക് വില്പന നടത്തും. രാജ്യത്തെ തൊഴിലില്ലായ്മ 14 ശതമാനത്തില്‍ നിന്ന് 11 ശതമാനായി കുറഞ്ഞതായും വിഷന്‍ 2030 യിലൂടെ മുപ്പത് ലക്ഷത്തോളം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. 2030 ല്‍ തൊഴിലില്ലായ്മ ഏഴ് ശതമാനത്തിലേക്ക് ചുരുങ്ങും. ഖനനം ടൂറിസം , ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളില്‍ നിരവധി അവസരങ്ങള്‍ സൃഷ്ടിക്കും.
രാജ്യത്തിന് വ്യക്തമായ വിദേശനയമുണ്ടെന്നും ആഭ്യന്തര കാര്യങ്ങളില്‍ ആരെയും ഇടപെടാന്‍ അനുവദിക്കില്ലെന്നും രാജ്യം ആരെയും ഭയപെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനുമായുള്ള നല്ല ബന്ധം ആഗ്രഹിക്കുന്നുവെങ്കിലും അവരുടെ പെരുമാറ്റവും നിലപാടുകളും അതിന് വിഘാതമാവുകയാണ്. ഇറാന്റെ ആണവ പദ്ധതികളും ബാലിസ്റ്റിക് മിസൈലുകളും മേഖലയുടെ സുരക്ഷക്ക് ഭീഷണിയാണ്. ഇറാനടക്കം എല്ലാ രാജ്യങ്ങളുമായും പരസ്പരം മമതയിലും സഹൃദത്തിലും തന്നെ മുന്നോട്ട് പോകണമെന്നാണ് സഊദിയുടെ ആഗ്രഹമെന്നും കിരീടാവകാശി ചൂണ്ടിക്കാട്ടി .