X

സഊദിയില്‍ നിയമ ലംഘകര്‍ക്ക് പൊതുമാപ്പില്ല

റിയാദ്: സഊദി അറേബ്യയില്‍ ഇഖാമ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് കഴിയുന്ന വിദേശികള്‍ക്ക് ശിക്ഷാ നടപടികള്‍ കൂടാതെ സ്വദേശങ്ങളിലേക്ക് തിരിച്ച് പോകുന്നതിന് അവസരമൊരുക്കുന്ന പൊതുമാപ്പ് ഇന്ന് മുതല്‍ നിലവില്‍വരുമെന്ന നിലക്ക് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ ജവാസാത്ത് ഡയറക്ടറേറ്റ് നിഷേധിച്ചു. ചില പ്രാദേശിക പത്രങ്ങളും ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളും സോഷ്യല്‍ നെറ്റ്വര്‍ക്കിംഗുകളുമാണ് ഇന്ന് മുതല്‍ മൂന്ന് മാസത്തേക്ക് സഊദിയില്‍ പൊതുമാപ്പ് നിലവിലുണ്ടാകുമെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്.

പിഴകള്‍ അടച്ച് പദവി ശരിയാക്കി സ്വദേശങ്ങളിലേക്ക് തിരിച്ച് പോകുന്നതിന് നിയമ ലംഘകരെ അനുവദിക്കുന്ന കാമ്പയിന്‍ ഇന്ന് മുതല്‍ ജവാസാത്ത് ഡയറക്ടറേറ്റ് നടപ്പാക്കി തുടങ്ങുമെന്നും ഇത് മൂന്ന് മാസം നീണ്ടുനില്‍ക്കുമെന്നുമായിരുന്നു കിംവദന്തികള്‍. ഈ റിപ്പോര്‍ട്ടുകള്‍ വാസ്തവവിരുദ്ധമാണെന്നും ജവാസാത്ത് ഡയറക്ടറേറ്റിന് കീഴിലെ ഔദ്യോഗിക വകുപ്പുകളോ ചാനലുകളോ ഇത്തരമൊരു റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്നും സഊദി ജവാസാത്ത് പ്രസ്താവനയില്‍ പറഞ്ഞു. നിയമ ലംഘകര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിക്കുകയാണെങ്കില്‍ അതേ കുറിച്ച് ബന്ധപ്പെട്ട വകുപ്പുകള്‍ ഔദ്യോഗികമായി തന്നെ പരസ്യപ്പെടുത്തും.

കിംവദന്തികള്‍ പ്രചരിപ്പിക്കരുതെന്നും, പ്രസിദ്ധീകരിക്കുന്നതിന് മുമ്പായി വാര്‍ത്തകളുടെ സത്യാവസ്ഥ ഉറപ്പ് വരുത്തണമെന്നും യഥാര്‍ഥ വിവരങ്ങള്‍ക്ക് ഔദ്യോഗിക ഉറവിടങ്ങളെ സമീപിക്കണമെന്നും സഊദി ജവാസാത്ത് എല്ലാവരോടും ആവശ്യപ്പെട്ടു.
ഇഖാമ, തൊഴില്‍, ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിനുള്ള പിഴകളും വിവിധ വകുപ്പുകള്‍ക്ക് അടക്കുന്നതിനുള്ള ഫീസുകളും ഒടുക്കി മറ്റ് ശിക്ഷാ നടപടികള്‍ കൂടാതെ നിയമ ലംഘകരെ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതിന് അനുവദിക്കുന്ന പദ്ധതി ഇന്ന് മുതല്‍ 90 ദിവസമാണ് നിലവിലുണ്ടാവുകയെന്നാണ് ഇന്നലെ പ്രചരിച്ചത്.

നിയമാനുസൃത പിഴകളും ഫീസുകളും അടച്ച് സ്വന്തം ടിക്കറ്റില്‍ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നവര്‍ക്ക് നാടുകടത്തപ്പെട്ടവര്‍ എന്നോണമുള്ള വിലക്ക് ഭാവിയില്‍ ബാധകമായിരിക്കില്ലെന്നും നിയമ ലംഘകര്‍ക്കെതിരായ മൂന്ന് ഘട്ട കാമ്പയിന്റെ രണ്ടാം ഘട്ടമാണ് ഇന്ന് മുതല്‍ നടപ്പാക്കുന്നതെന്നും കിംവദന്തികള്‍ പറഞ്ഞു. മൂന്നാം ഘട്ടം മൂന്ന് മാസത്തിന് ശേഷം ഏപ്രില്‍ പതിനാലിന് വെള്ളിയാഴ്ച മുതല്‍ നിലവില്‍വരുമെന്നും രണ്ടാം ഘട്ടത്തില്‍ കാമ്പയിന്‍ പ്രയോജനപ്പെടുത്തി സ്വദേശങ്ങളിലേക്ക് തിരിച്ചുപോകാത്ത നിയമ ലംഘകരെ പിടികൂടി ശിക്ഷാ നടപടികള്‍ സ്വീകരിക്കുകയാണ് മൂന്നാം ഘട്ടത്തില്‍ ചെയ്യുകയെന്നും വ്യാജ റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഇന്ന് മുതല്‍ നിയമ ലംഘകര്‍ ലേബര്‍ ഓഫീസുകളെ സമീപിച്ച് നടപടികള്‍ പൂര്‍ത്തിയാക്കുകയാണ് ആദ്യം വേണ്ടതെന്നും ഇതിന് ശേഷം ജവാസാത്ത് ഡയറക്ടറേറ്റിനെ സമീപിച്ച് ഫൈനല്‍ എക്സിറ്റ് വിസ സമ്പാദിക്കുകയാണ് ചെയ്യേണ്ടതെന്നും ബന്ധപ്പെട്ട വകുപ്പുകളുടെ പിഴകളും ഫീസുകളും അടച്ച ശേഷമാണ് നിയമ ലംഘകര്‍ക്ക് ഫൈനല്‍ എക്സിറ്റ് അനുവദിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ പറഞ്ഞു. ഇതെല്ലാം കിംവദന്തി മാത്രമായിരുന്നെന്ന് ജവാസാത്ത് ഡയറക്ടറേറ്റിന്റെ സ്ഥിരീകരണം വന്നതോടെ ഉറപ്പായി.

chandrika: