ജിദ്ദ: സഊദിയിലെ ഇന്ത്യക്കാര്‍ക്കു വേണ്ടി ചെയ്ത മഹത്തായ സേവനത്തിന്റെ സ്മരണയാണ് സീനത്ത് മുസാറത് ജിഫ്‌രി പ്രവാസി ഭാരതീയ പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെടാനുള്ള കാരണം. 1979ല്‍ ശാസ്ത്ര പ്രതിഭയായ ഭര്‍ത്താവ് മുസാറത്ത് ജിഫ്രിയോടൊപ്പമാണ് സീനത്ത് സഊദിയിലെത്തിയത്.
സഊദി ഗവ ണ്‍മെന്റിന്റെ കെമിക്കല്‍ എക്‌സ്പര്‍ട്ട് ആയി മാറിയ ഭര്‍ത്താവിന് താങ്ങും തണലുമായി നിന്ന സീനത്ത് സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ തല്‍പരയായിരുന്നു. കുട്ടികളെ പഠിപ്പിക്കാനുള്ള സൗകര്യമില്ലാത്തതിനാല്‍ ഇന്ത്യക്കാര്‍ പ്രയാസപ്പെടുന്നത് കണ്ട സീനത്ത് പ്രശ്‌ന പരിഹാരത്തിന് മുന്നിട്ടിറങ്ങി.
1982ല്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി സഊദി സന്ദര്‍ശിച്ചപ്പോള്‍ നേരിട്ട് കണ്ട് ആവശ്യം ഉന്നയിച്ചു. പെട്ടെന്നു തന്നെ ഫലമുണ്ടായി. സഊദി വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ 20 കുട്ടികളുമായി 1982ല്‍ തന്നെ റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ തുടങ്ങി. ഇപ്പോള്‍ പന്ത്രണ്ടായിരം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിന്റെ പിറവി ഇങ്ങനെയായിരുന്നു.
അറുപത്തിയഞ്ചുകാരിയായ സീനത്ത് പ്രസിഡന്റ് പ്രണബ് മുഖര്‍ജിയില്‍നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങുമ്പോള്‍ മക്കളും കൂടെയുണ്ടായിരുന്നു. ഉമ്മയുടെ നേട്ടത്തില്‍ അഭിമാനം കൊള്ളുന്നതായി മക്കളായ മുഹ്്‌സിനും സെയിദ് മുദസ്സിറും പറഞ്ഞു. ലക്്‌നൗ സ്വദേശിനിയായ സീനത്ത് സഊദിയിലെത്തും മുമ്പ് കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപിക കൂടിയായിരുന്നു. സഊദിയില്‍നിന്ന് പ്രവാസി ഭാരതീയ പുരസ്‌കാരം നേടുന്ന ആദ്യ വനിതയാണ് സീനത്ത്.