മക്ക: ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഉംറ തീര്‍ഥാടകര്‍ എത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ ഞായറാഴ്ച വരെ ഇന്ത്യയില്‍ നിന്ന് 98,000 ലേറെ തീര്‍ഥാടകര്‍ എത്തിയതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഈ കൊല്ലം ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തിയത് പാകിസ്താനില്‍ നിന്നാണ്. പാകിസ്താനില്‍ നിന്ന് ഒന്നേമുക്കാല്‍ ലക്ഷത്തിലേറെ തീര്‍ഥാടകര്‍ പുണ്യഭൂമിയില്‍ എത്തിയതായാണ് കണക്ക്. ആകെ തീര്‍ഥാടകരില്‍ 37 ശതമാനവും പാകിസ്താനില്‍ നിന്നാണ്.
വിദേശ രാജ്യങ്ങളിലെ സഊദി എംബസികളും കോണ്‍സുലേറ്റുകളും അടക്കമുള്ള നയതന്ത്രകാര്യാലയങ്ങള്‍ വഴി ഇതുവരെ 9,89,309 പേര്‍ക്ക് ഉംറ വിസ അനുവദിച്ചിട്ടുണ്ട്. ഇക്കൂട്ടത്തില്‍ 5,90,488 പേര്‍ പുണ്യഭൂമിയിലെത്തി ഉംറ നിര്‍വഹിച്ചു. ഏറ്റവും കൂടുതല്‍ തീര്‍ഥാടകരെ അയച്ച മൂന്നാമത്തെ രാജ്യം ഇന്തോനേഷ്യയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്‌ലിം ജനസംഖ്യയുള്ള ഇന്തോനേഷ്യയില്‍ നിന്ന് 71,000 ഉംറ തീര്‍ഥാടകരാണ് ഇതുവരെ വിശുദ്ധ ഭൂമിയിലെത്തിയത്. അറബ് രാജ്യങ്ങളുടെ കൂട്ടത്തില്‍ അള്‍ജീരിയയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഉംറക്കാര്‍ എത്തിയത്.
പുണ്യനഗരിയിലെത്തിയ തീര്‍ഥാടകരില്‍ ആറ് ശതമാനം അള്‍ജീരിയക്കാരാണ്. ഉത്തര ആഫ്രിക്കന്‍ രാജ്യമായ അള്‍ജീരിയയില്‍ നിന്ന് 26,980 ഉംറ തീര്‍ഥാടകരാണ് ഇതുവരെ എത്തിയത്. തീര്‍ഥാടകരില്‍ 96 ശതമാനവും വിമാന മാര്‍ഗമാണ് സഊദിയിലെത്തിയത്. 5,69,155 (96 ശതമാനം) തീര്‍ഥാടകര്‍ ജിദ്ദ, മദീന, യാമ്പു എയര്‍പോര്‍ട്ടുകള്‍ വഴി എത്തി. കപ്പലുകളില്‍ 296 ഉംറ തീര്‍ഥാടകരും കരാതിര്‍ത്തി പ്രവേശന കവാടങ്ങളിലൂടെ റോഡ് മാര്‍ഗം 21,037 തീര്‍ഥാടകരും സഊദി അറേബ്യയില്‍ പ്രവേശിച്ചു.
കഴിഞ്ഞ കൊല്ലം ഇതേ കാലയളവിനെ അപേക്ഷിച്ച് മദീന വിമാനത്താവളം വഴി ഈ കൊല്ലം എത്തിയ ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ 8.3 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. മദീന അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര എയര്‍പോര്‍ട്ട് വഴി 771 വിമാന സര്‍വീസുകളില്‍ 1,52,785 ഉംറ തീര്‍ഥാടകര്‍ പുണ്യഭൂമിയിലെത്തിയിട്ടുണ്ട്. മദീന പ്രവിശ്യയിലെ തീരനഗരമായ യാമ്പുവിലെ അമീര്‍ അബ്ദുല്‍മുഹ്‌സിന്‍ ബിന്‍ അബ്ദുല്‍അസീസ് എയര്‍പോര്‍ട്ട് 3,339 ഉംറ തീര്‍ഥാടകരെ സ്വീകരിച്ചു.
അതേസമയം, മദീനയില്‍ ഉംറ തീര്‍ഥാടകരുടെ താമസസ്ഥലങ്ങളില്‍ ഹജ്ജ്, ഉംറ മന്ത്രാലയത്തിന് കീഴിലെ സിയാറത്ത് കാര്യ വകുപ്പ് നടത്തിയ പരിശോധനകളില്‍ 32 നിയമ ലംഘനങ്ങളും വീഴ്ചകളും കണ്ടെത്തി. ഈ വര്‍ഷത്തെ ഉംറ സീസണ്‍ ആരംഭിച്ച ശേഷം തീര്‍ഥാടകര്‍ താമസിക്കുന്ന കെട്ടിടങ്ങളില്‍ 113 സന്ദര്‍ശനങ്ങളാണ് സിയാറത്ത് കാര്യ വകുപ്പ് നടത്തിയത്. ചികിത്സ തേടി 23 തീര്‍ഥാടകര്‍ മദീനയിലെ വന്‍കിട ആസ്പത്രികളെ സമീപിച്ചു. വഴിതെറ്റി അലഞ്ഞ 1,205 തീര്‍ഥാടകര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കിയതായും സിയാറത്ത് കാര്യ വകുപ്പ് അറിയിച്ചു.