X

എണ്ണയുത്പാദനം കുറക്കാന്‍ ഒപെക് ഇതര രാജ്യങ്ങളും

വിയന്നയില്‍ നടന്ന യോഗത്തില്‍ എഞ്ചിനീയര്‍ ഖാലിദ് അല്‍ഫാലിഹ്

റിയാദ്: ആഗോള എണ്ണ വിപണിയില്‍ സ്ഥിരതയുണ്ടാക്കുന്നതിനു എണ്ണയുത്പാദനം വെട്ടിക്കുറക്കാന്‍ എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മ ഒപെക്കും സ്വതന്ത്ര ഉത്പാദക രാജ്യങ്ങളും ധാരണയിലെത്തി. ഒപെക് രാജ്യങ്ങളും സംഘടനക്ക് പുറത്തുള്ള ഉത്പാദക രാജ്യങ്ങളും ഓസ്ട്രിയയിലെ വിയന്നയില്‍ യോഗം ചേര്‍ന്നാണ് ഉത്പാദനം കുറക്കുന്നതിനുള്ള ചരിത്രപരമായ ധാരണയിലെത്തിയതെന്ന് സഊദി ഊര്‍ജ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു. ഒപെക്കിന് പുറത്തുള്ള 11 രാജ്യങ്ങള്‍ ഉത്പാദനം കുറക്കുന്നതിന് സമ്മതിച്ചു.

 

ജനുവരി ഒന്ന് മുതല്‍ ആറ് മാസം ഈ രാജ്യങ്ങള്‍ പ്രതിദിന ഉത്പാദനത്തില്‍ 5.58 ലക്ഷം ബാരലിന്റെ കുറവു വരുത്തും. ഉത്പാദനം കുറക്കുന്നതിന് ഒപെക് രാജ്യങ്ങള്‍ നേരത്തെ ധാരണയിലെത്തിയിരുന്നു. ഒപെക്കിന് പുറത്തുള്ള രാജ്യങ്ങളും ധാരണയില്‍ ചേരുകയായിരുന്നെന്ന് സഊദി ഊര്‍ജ മന്ത്രി പറഞ്ഞു.ഉത്പാദനം കുറക്കുന്നതിന് ചരിത്രപരമായ ധാരണയിലെത്തിയ കാര്യം പ്രഖ്യാപിക്കുന്നതില്‍ ആഹ്ലാദമുണ്ടെന്ന് വിയന്ന യോഗത്തിന്റെ സമാപനത്തില്‍ ഒപെക് പ്രസിഡന്റ് കൂടിയായ ഖത്തര്‍ ഊര്‍ജ മന്ത്രി മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍സാദ പറഞ്ഞു. ഒപെക്കിന് പുറത്ത് ഉത്പാദനം ഏറ്റവും കൂടുതല്‍ കുറച്ച് സഹകരിക്കുന്ന പ്രധാന രാജ്യം റഷ്യയാണ്. പ്രതിദിന ഉത്പാദനത്തില്‍ മൂന്ന് ലക്ഷം ബാരലിന്റെ കുറവ് വരുത്തുമെന്ന് റഷ്യ അറിയിച്ചു.

 
മെക്‌സിക്കോ, കസാക്കിസ്താന്‍, മലേഷ്യ, ഒമാന്‍, അസര്‍ബൈജാന്‍, ബഹ്‌റൈന്‍, ഗ്വിനിയ, ദക്ഷിണ സുഡാന്‍, സുഡാന്‍, ബ്രൂണൈ എന്നീ രാജ്യങ്ങളും ഉത്പാദനം കുറക്കുന്നതിന് സമ്മതിച്ചിട്ടുണ്ട്. ഒപെക്കിന് പുറത്തുള്ള രാജ്യങ്ങളുടെ പ്രതിദിന ഉത്പാദനത്തില്‍ ആറ് ലക്ഷം ബാരലിന്റെ കുറവാണ് ലക്ഷ്യമിടുന്നതെന്ന് നവംബര്‍ മുപ്പതിന് ചേര്‍ന്ന ഒപെക് യോഗം അറിയിച്ചിരുന്നു. ഇതിനേക്കാള്‍ അല്‍പ്പം കുറവാണ് ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്ന പരിധിയായ 5.58 ലക്ഷം ബാരല്‍.

 

ഒപെക്കിന് പുറത്തുള്ള കൂടുതല്‍ രാജ്യങ്ങളെ ഉത്പാദനം കുറക്കുന്നതിനുള്ള ധാരണയില്‍ ചേരുന്നതിന് പ്രേരിപ്പിക്കുമെന്ന് ഖത്തര്‍ ഊര്‍ജ മന്ത്രി പറഞ്ഞു. 2001 ന് ശേഷം ആദ്യമായാണ് ഒപെക് രാജ്യങ്ങളും സംഘടനക്ക് പുറത്തുള്ള രാജ്യങ്ങളും ഉല്‍പാദനം കുറക്കുന്നതിന് ധാരണയിലെത്തുന്നത്. വിപണിയില്‍ ആവശ്യത്തിലധികം എണ്ണ ലഭ്യമായതിനാല്‍ രണ്ട് വര്‍ഷത്തിലധികമായി എണ്ണ വില ഇടിഞ്ഞ് നില്‍ക്കുകയാണ്.

 

ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ പല രാജ്യങ്ങളുടെയും ബജറ്റിനെ ഇത് സാരമായി ബാധിച്ചു. പ്രതിദിന ഉത്പാദനത്തില്‍ 12 ലക്ഷം ബാരലിന്റെ കുറവ് വരുത്തുന്നതിന് ഒപെക് നവംബര്‍ 30 ന് തീരുമാനിച്ചിരുന്നു. സഊദി അറേബ്യ പ്രതിദിന ഉത്പാദനത്തില്‍ 4,86,000 ബാരലിന്റെ കുറവാണ് വരുത്തുക. ജനുവരി മുതല്‍ എണ്ണ വിതരണത്തില്‍ കുറവ് വരുത്തുമെന്ന് യൂറോപ്പിലെയും അമേരിക്കയിലെയും ഉപഭോക്താക്കളെ സഊദി അറേബ്യ വെള്ളിയാഴ്ച അറിയിച്ചിരുന്നു.

chandrika: