X
    Categories: Video Stories

ഉംറ തീര്‍ത്ഥാടകര്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും പുതിയ നിയമം: സുപ്രധാന തീരുമാനങ്ങളുമായി സൗദി മന്ത്രിസഭ

ജിദ്ദ: ഉംറ വിസയിലെത്തുന്നവര്‍ക്ക് സഊദിയിലെ മക്ക- മദീന നഗരങ്ങള്‍ക്ക് പുറത്തേക്ക് സഞ്ചരിക്കാനുള്ള വിലക്ക് നീക്കുന്നതിനുള്ള ഭേദഗതി സഊദി മന്ത്രിസഭ അംഗീകരിച്ചു. സഊദി അറേബ്യയിലെ അഭ്യന്തര വിപണിക്കും സഊദി സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഏറെ പ്രയോജനകരമാവുന്നതാണ് സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെ നിര്‍ണായക തീരുമാനം. ഉംറ വിസയിലെത്തുന്നവര്‍ വിസ കാലാവധി കഴിഞ്ഞിട്ടും തിരിച്ചുപോവാതെ ജോലിയിലും മറ്റും ഏര്‍പ്പെട്ട് നിയമ വിരുദ്ധമായി രാജ്യത്ത് തങ്ങുന്നത് ഒഴിവാക്കാന്‍ 1983 ലാണ് ഉംറ വിസക്കാര്‍ക്ക് മക്ക-മദീന-ജിദ്ദ എന്നിവിടങ്ങളിലൊഴികെ സഞ്ചരിക്കുന്നതിന് വിലക്കേര്‍പെടുത്തിയത്. വിലക്ക് നീക്കിയ തീരുമാനം പ്രാബല്യത്തില്‍ വരുന്നതോടെ ഉംറ വിസ കാലാവധിക്കുള്ളില്‍ തീര്‍ത്ഥാടകര്‍ക്ക് സഊദിയിലെവിടെയും സഞ്ചരിക്കാനും ബന്ധുക്കളെ സന്ദര്‍ശിക്കാനും സൗകര്യം ലഭിക്കും. ഉംറ വിസക്കാര്‍ക്കുള്ള മറ്റു നിബന്ധനകള്‍ തുടരുന്നതാണ്. സൗദിയില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കാനും കഴിഞ്ഞ ദിവസം കൂടിയ മന്ത്രിസഭ അനുമതി നല്‍കി. ഇതിനായി മുനിസിപ്പല്‍ മന്ത്രാലയത്തില്‍ നിന്ന് പ്രത്യേക ഫീസ് അടച്ച് അനുമതിയെടുത്താല്‍ മാത്രം മതി. അര്‍ധരാത്രിയോടെ കടകളടക്കുന്നതാണ് സഊദിയിലെ നിലവിലെ രീതി. വ്യവസ്ഥകള്‍ക്ക് വിധേയമായി ചില സ്ഥാപനങ്ങള്‍ക്ക് ഇളവുകള്‍ നല്‍കാറുണ്ട്. ഇത് വിപുലമാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് പുതിയ നീക്കം. പുതിയ തീരുമാനം വ്യാപാര മേഖലയില്‍ പുത്തനുണര്‍വുണ്ടാക്കും.

ചന്ദ്രിക വെബ് ഡെസ്‌ക്‌: