അഷ്റഫ് വേങ്ങാട്ട്
റിയാദ്: സഊദിയില്‍ സ്വദേശവല്‍ക്കരണം ശക്തം. ഏഴു പ്രവര്‍ത്തന മേഖലകളില്‍ 50 ശതമാനത്തില്‍ കൂടുതലാണ് സ്വദേശിവല്‍ക്കരണമെന്ന് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. ഏറ്റവും കൂടുതല്‍ ധന, ഇന്‍ഷുറന്‍സ് മേഖലയിലാണ്. ഈ മേഖലയില്‍ സ്വദേശികള്‍ക്ക് നീക്കിവെച്ചത് 83.6 ശതമാനമാണ്. ജനറല്‍ അഡ്മിനിസ്ട്രേഷന്‍, സാമൂഹിക സുരക്ഷാ മേഖലകളില്‍ 71.9 ശതമാനവും അന്താരാഷ്ട്ര സംഘടനകളില്‍ 71.5 ശതമാനവും ഖനന മേഖലയില്‍ 63.2 ശതമാനവും വിദ്യാഭ്യാസ മേഖലയില്‍ 52.9 ശതമാനവും ടെലികോം, ഐ.ടി മേഖലയില്‍ 50.7 ശതമാനവും വൈദ്യുതി, ഗ്യാസ്, എയര്‍കണ്ടീഷന്‍ മേഖലയില്‍ 50.6 ശതമാനവുമാണ് സ്വദേശിവല്‍ക്കരണം.
കൃഷി, മത്സ്യബന്ധനം, നിര്‍മാണം, അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്, സപ്പോര്‍ട്ട് സര്‍വീസ്, ഗാര്‍ഹിക മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകളിലാണ് ഏറ്റവും കുറവ്. കൃഷി, മത്സ്യബന്ധന മേഖലയില്‍ 15.5 ശതമാനവും നിര്‍മാണ മേഖലയില്‍ 13.5 ശതമാനവും അഡ്മിനിസ്ട്രേറ്റീവ് സേവന, സപ്പോര്‍ട്ട് സര്‍വീസ് മേഖലയില്‍ 12 ശതമാനവും ഗാര്‍ഹിക മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ 11.4 ശതമാനവുമാണ് സ്വദേശി വല്‍ക്കരണം നടപ്പാക്കുന്നത്.
ആരോഗ്യ, സാമൂഹിക സേവന മേഖലയില്‍ 48.3 ശതമാനം, റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ 31.9 ശതമാനം, കലാ, വിനോദ മേഖലയില്‍ 29.9 ശതമാനം, പ്രൊഫഷനല്‍, ശാസ്ത്ര, സാങ്കേതിക മേഖലയില്‍ 29.8 ശതമാനം, ജല, മലിനജല മേഖലയില്‍ 26.5 ശതമാനം, ഗതാഗത, സംഭരണ മേഖലയില്‍ 25.3 ശതമാനം, വ്യവസായ മേഖലയില്‍ 25 ശതമാനം, ചില്ലറ, മൊത്ത വ്യാപാര, വാഹന റിപ്പയര്‍ മേഖലയില്‍ 23.4 ശതമാനം, താമസ, ഭക്ഷണ സേവന മേഖലയില്‍ 20.2 ശതമാനം, മറ്റു മേഖലകളില്‍ 19.6 ശതമാനം, പ്രത്യേകം നിര്‍ണയിക്കാത്ത മേഖലകളില്‍ 1.7 ശതമാനം എന്നിങ്ങിനെയാണ് സ്വദേശിവല്‍ക്കരണം.
കഴിഞ്ഞ വര്‍ഷം മൂന്നാം പാദാവസാനത്തെ കണക്കുകള്‍ പ്രകാരം സ്വകാര്യ മേഖലയില്‍ ആകെ 23.8 ശതമാനം സഊദി പൗരന്മാര്‍ക്ക് ജോലി ലഭ്യമായി . സ്വകാര്യ മേഖലയില്‍ ആകെ 85 ലക്ഷത്തോളം ജീവനക്കാരാണുള്ളത്. ഇതില്‍ 20.3 ലക്ഷത്തോളം സഊദികളാണ്. സ്വകാര്യ മേഖലാ ജീവനക്കാരില്‍ 76.2 ശതമാനം വിദേശികളാണ്. 64.8 ലക്ഷം വിദേശികള്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നു.കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ലക്ഷകണക്കിന് വിദേശികള്‍ക്കാണ് ജോലി നഷ്ടമായത്. മാര്‍ച്ച് 14 കൂടുതല്‍ തൊഴില്‍ പരിഷ്‌കാരങ്ങള്‍ നടപ്പില്‍ വരും.