X

സഊദി കോവിഡ് മുക്തിയിലേക്ക്;പ്രധാന നിയന്ത്രണങ്ങൾ നീക്കിയതായി ആഭ്യന്തര മന്ത്രാലയം

അഷ്‌റഫ് വേങ്ങാട്ട്

# വാക്സിൻ ഡോസ് പൂർത്തിയാക്കിയവർക്ക് സഊദി പ്രവേശനത്തിന് കോവിഡ് പരിശോധന ഫലം ആവശ്യമില്ല
# ക്വാറന്റൈൻ വ്യവസ്ഥകളും എടുത്തുകളഞ്ഞു
# പൊതുസ്ഥലങ്ങളിൽ മാസ്‌ക്കും സാമൂഹിക അകലവും ഒഴിവാക്കി
# ഇരുഹറമുകൾ ഉൾപ്പടെ പള്ളികളിൽ സാമൂഹിക അകലം വേണ്ട, മാസ്‌ക് നിർബന്ധം
# അടച്ചിട്ട സ്ഥലങ്ങളിലും മാസ്‌ക് അനിവാര്യം
# ബൂസ്റ്റർ എടുക്കണം; തവൽക്കനയിൽ ഇമ്മ്യൂൺ സ്റ്റാറ്റസും വേണം


റിയാദ് : കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി സഊദിയിൽ നടപ്പിലാക്കിയിരുന്ന പ്രധാന നിയന്ത്രണങ്ങൾ ഇന്നലെ രാത്രി മുതൽ പിൻവലിച്ചതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മക്കയിലും മദീനയിലും ഇരു ഹറമുകളിലടക്കം പള്ളികളിൽ നിസ്‌കാരത്തിന് ഏർപ്പെടുത്തിയിരുന്ന സാമൂഹിക അകലവും ഒഴിവാക്കി.

അതേസമയം വിശുദ്ധ ഹറമുകളിലടക്കം പള്ളികളിൽ നിസ്‌കാരത്തിനെത്തുന്നവർ മാസ്‌ക് ധരിക്കണമെന്ന നിബന്ധന നിലനിൽക്കും. ഇരു ഹറമുകളിൽ സന്ദർശനത്തിനെത്തുന്നവരുടെ പരിധിയും ഒഴിവാക്കി . സന്ദർശകർക്ക് ഉംറ ട്രാക്കിങ് ആപ്പ് ഉപയോഗിച്ച് ഇനിമുതൽ ഇരുഹറമുകളിലെത്താം.

രാജ്യത്തെ അടച്ചിട്ടതും തുറന്നതുമായ സ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കേണ്ടതില്ല. തുറന്ന സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കൽ നിർബന്ധമില്ലെങ്കിലും അടച്ചിട്ട സ്ഥലങ്ങളിൽ മാസ്‌ക് നിര്ബന്ധമാണ്.

വാക്സിൻ ഡോസുകൾ പൂർത്തിയാക്കാതെ സഊദിയിലേക്ക് വരുന്നവർ യാത്രക്ക് മുമ്പായി 48 മണിക്കൂറിനകം എടുത്ത ആർ ടി പി സി ആർ ടെസ്റ്റ് റിപ്പോർട്ട് സമർപ്പിക്കണമെന്ന നിബന്ധനയും എടുത്തുകളഞ്ഞു. ഇനിമുതൽ യാത്ര ചെയ്യുന്നവർക്ക് ആന്റിജൻ പരിശോധന ഉൾപ്പടെയുള്ള ഇത്തരം ടെസ്റ്റ് റിപ്പോർട്ടുകൾ കൈവശം വെക്കേണ്ടതില്ല.

അതോടൊപ്പം സഊദിയുടെ പുറത്ത് നിന്ന് വാക്സിൻ എടുത്ത വിദേശികൾ രാജ്യത്ത് മടങ്ങിയെത്തുമ്പോൾ അഞ്ച് ദിവസത്തെ ഇൻസ്ടിട്യൂഷണൽ ക്വാറന്റൈൻ വേണമെന്ന നിബന്ധനയും ഒഴിവാക്കി. ഹോം ക്വാറന്റൈനും ഇനിമുതൽ നിലവിലുണ്ടാകില്ല.

സന്ദർശന വിസകളിൽ സഊദിയിലേക്ക് വരുന്നവർക്ക് രാജ്യത്ത് താമസിക്കുന്ന കാലയളവിൽ കോവിഡ് ഇൻഷുറൻസ് നിർബന്ധമാണ് . രാജ്യത്ത് താമസിക്കുന്ന കാലഘട്ടത്തിൽ കോവിഡ് ബാധയേറ്റാൽ ചികിത്സ ചെലവുകൾ വഹിക്കുന്നത് ഇത്തരം ഇൻഷുറൻസ് കമ്പനികൾ മുഖേനയായിരിക്കും.

സഊദിയിലേക്ക് നേരിട്ട് വരാൻ നേരത്തെ വിലക്കുണ്ടായിരുന്ന അഫ്‌ഗാനിസ്ഥാൻ , ആഫ്രിക്കൻ രാജ്യങ്ങൾ ഉൾപ്പടെയുള്ള മുഴുവൻ രാജ്യങ്ങളിൽ നിന്നുള്ളവർക്കും യാത്രാ വിലക്കുകൾ നീക്കി. അതേസമയം ബൂസ്റ്റർ ഡോസ്, സ്ഥാപനങ്ങളിലും പരിപാടികളിലും പ്രവേശിക്കുന്നതിനുള്ള തവൽക്കനയിലെ ഇമ്മ്യൂൺ സ്റ്റാറ്റസ് തുടങ്ങിയവ നിലവിലുള്ള രീതിയിൽ തുടരും.

രാജ്യത്ത് നടക്കുന്ന പൊതുപരിപാടികൾ, ബോർഡിങ് , വിമാനയാത്ര, പൊതുഗതാഗതം എന്നിവയുൾപ്പെടെ മുഴുവൻ മുൻകരുതൽ നടപടികളും കോവിഡ് സാഹചര്യങ്ങൾക്കനുസരിച്ച് വിലയിരുത്തി നടപടികൾ സ്വീകരിക്കാൻ ഇതിനായി നിയോഗിക്കപ്പെട്ട മന്ത്രിമാരും ആരോഗ്യ വിദഗ്‌ധരും ഉന്നത അധികാരികളുമടങ്ങിയ പ്രത്യേക സമിതിക്ക് അധികാരമുണ്ടായിരിക്കും. പ്രാദേശിക തലത്തിലെ കോവിഡ് നില പരിശോധിച്ച് മാറ്റങ്ങൾ ആവശ്യമെങ്കിൽ നടപ്പിലാക്കും. ജനസംഖ്യാനുപാതികമായി 67 ശതമാനം പേർ ഇതുവരെ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.

Test User: